
സമയത്തിന്റെ വിത്തുകൾ
1879 ൽ, വില്യം ബീലിനെ കാണുന്ന ആളുകൾക്ക് അദ്ദേഹം വിഡ്ഢിയാണെന്ന് തോന്നുമായിരുന്നു. സസ്യശാസ്ത്ര പ്രൊഫസർ ഇരുപതു കുപ്പികളിൽ പലതരം വിത്തുകൾ നിറയ്ക്കുന്നതും ആഴത്തിലുള്ള മണ്ണിൽ കുഴിച്ചിടുന്നതും അവർ കാണുന്നു. ബീൽ നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ഒരു വിത്ത് സാധ്യതാ പരീക്ഷണം നടത്തുകയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. ഇരുപതു വർഷത്തിലൊരിക്കൽ ഒരു കുപ്പി കുഴിച്ചെടുത്ത് അതിന്റെ വിത്തു നടുകയും ഏതു വിത്തുകളാണു മുളയ്ക്കുന്നതെന്നു നോക്കുകയും ചെയ്യും.
വിത്തു നടുന്നതിനെക്കുറിച്ച് യേശു ധാരാളം സംസാരിച്ചു, പലപ്പോഴും, വിത്തു വിതയ്ക്കുന്നതിനെ “വചനം’’ പ്രചരിപ്പിക്കുന്നതിനോട് ഉപമിച്ചു (മർക്കൊസ് 4:15). ചില വിത്തുകളെ സാത്താൻ തട്ടിയെടുക്കുന്നു, മറ്റുള്ളവയ്ക്ക് അടിമണ്ണില്ലാത്തതിനാൽ വേരുപിടിക്കുന്നില്ല, മറ്റുചിലതിനെ ചുറ്റുമുള്ള ജീവിതം തടസ്സപ്പെടുത്തുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്നുവെന്ന് യേശു പഠിപ്പിച്ചു (വാ. 15-19). നാം സുവാർത്ത പ്രചരിപ്പിക്കുമ്പോൾ, ഏതൊക്കെ വിത്തുകൾ നിലനിൽക്കും എന്നത് നമ്മുടെ വിഷയമല്ല. നമ്മുടെ ജോലി കേവലം സുവിശേഷം വിതയ്ക്കുക എന്നതാണ് - യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുക: “ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുക’’ (16:15) എന്നതാണ്.
2021 ൽ ബീലിന്റെ മറ്റൊരു കുപ്പി കുഴിച്ചെടുത്തു. ഗവേഷകർ വിത്തു നട്ടു, ചിലത് മുളച്ചു - 142 വർഷത്തിലേറെ ആ വിത്തുകൾ നിലനിന്നു. ദൈവം നമ്മിലൂടെ പ്രവർത്തിക്കുകയും നമ്മുടെ വിശ്വാസം നാം മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുമ്പോൾ, നമ്മൾ പങ്കിടുന്ന വാക്കു വേരൂന്നുമെന്നോ അതെപ്പോഴാണെന്നോ നമുക്ക് അറിയില്ല. എന്നാൽ നാം വിതയ്ക്കുന്ന സുവാർത്ത “കേൾക്കയും അംഗീകരിക്കയും ചെയ്യുന്ന’’ (4:20) ഒരുവനിലൂടെ വലിയ വിളവു തരുന്നു എന്നത് നമ്മെ ധൈര്യപ്പെടുത്തേണ്ടതാണ്.

നിയന്ത്രണം ദൈവത്തിനു വിട്ടുകൊടുക്കുക
അടുക്കള മേശയിൽ ഒതുക്കാവുന്നത്ര ചെറുതായ ഒരു ഓക്കു മരം സങ്കല്പിക്കുക. ഒരു ബോൺസായിയുടെ രൂപം അങ്ങനെയാണ് - പ്രകൃതിയിൽ നിങ്ങൾ കാണുന്നതിന്റെ ഒരു ചെറിയ പതിപ്പായ മനോഹരമായ ഒരു അലങ്കാര വൃക്ഷം. ഒരു ബോൺസായിയും അതിന്റെ പൂർണ്ണ വലിപ്പവും തമ്മിൽ ജനിതക വ്യത്യാസമില്ല. ആഴം കുറഞ്ഞ ഒരു പാത്രവും പ്രൂണിംഗും വേരു മുറിക്കലും വളർച്ചയെ നിയന്ത്രിക്കുന്നു, അതിനാൽ ചെടി ചെറുതായിതന്നേ നിൽക്കുന്നു.
ബോൺസായ് മരങ്ങൾ അതിശയകരമായ അലങ്കാര സസ്യങ്ങൾ ആയിരിക്കുമ്പോൾതന്നേ, അവ നിയന്ത്രണത്തിന്റെ ശക്തിയെയും ചിത്രീകരിക്കുന്നു. മരങ്ങൾ അവയുടെ പരിസ്ഥിതിയോട് പ്രതികരിക്കുന്നതിനാൽ നമുക്ക് അവയുടെ വളർച്ചയെ നിയന്ത്രിക്കാൻ ചെയ്യാൻ കഴിയും എന്നതു ശരിയാണ്, എങ്കിലും ആത്യന്തികമായി കാര്യങ്ങളെ വളരാൻ സഹായിക്കുന്നതു ദൈവമാണ്.
ദൈവം പ്രവാചകനായ യെഹെസ്‌കേലിനോട് ഇപ്രകാരം സംസാരിച്ചു: “യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി താണിരുന്ന വൃക്ഷത്തെ ഉയർത്തുകയും...ചെയ്യും’’ (യെഹെസ്‌കേൽ 17:24). യിസ്രായേല്യരെ ആക്രമിക്കാൻ ബാബിലോന്യരെ അനുവദിച്ചുകൊണ്ട് ദൈവം യിസ്രായേൽ ജനതയെ “പറിച്ചുകളയുന്ന’’ ഭാവി സംഭവങ്ങളെ മുൻകൂട്ടി കാണിക്കുകയായിരുന്നു. എന്നിരുന്നാലും, ഭാവിയിൽ, ദൈവം യിസ്രായേലിൽ ഫലം കായ്ക്കുന്ന ഒരു പുതിയ വൃക്ഷം നട്ടുപിടിപ്പിക്കും, “പലവിധം ചിറകുള്ള പക്ഷികളൊക്കെയും’’ അതിന്റെ ശാഖകളുടെ തണലിൽ അഭയം കണ്ടെത്തും (വാ. 23). വരാനിരിക്കുന്ന സംഭവങ്ങൾ എത്രത്തോളം നിയന്ത്രണാതീതമാണെന്നു തോന്നിയാലും, താൻ ഇപ്പോഴും ചുമതലക്കാരനാണെന്നു ദൈവം പറഞ്ഞു.
നമ്മുടെ സാഹചര്യങ്ങളെ കൃത്രിമത്വത്തിലൂടെയും സ്വന്തം കഠിനാധ്വാനത്തിലൂടെയും നിയന്ത്രിക്കാൻ ശ്രമിക്കണമെന്നു ലോകം നമ്മോടു പറയുന്നു. എന്നാൽ മരങ്ങളെ വളരാൻ സഹായിക്കുന്ന ഒരേയൊരു വ്യക്തിക്കു നിയന്ത്രണം വിട്ടുകൊടുക്കുന്നതിലൂടെ യഥാർത്ഥ സമാധാനവും അഭിവൃദ്ധിയും കണ്ടെത്താനാകും.
പദ്ധതികളും ദൈവേച്ഛയും
2000 ൽ, ഒരു ഉയർന്ന കമ്പനി തങ്ങളുടെ കമ്പനിയെ 375 കോടി രൂപയ്ക്ക്, അക്കാലത്തെ ഹോം സിനിമകളുടെയും വീഡിയോ ഗെയിമുകളുടെയും റന്റൽ രാജാവായ മറ്റൊരു കമ്പനിക്കു വിൽക്കാൻ വാഗ്ദാനം ചെയ്തു. നെറ്റിഫഌക്‌സ് എന്ന ഈ കമ്പനിക്ക് ഏകദേശം 3,00,000 വരിക്കാരുണ്ടായിരുന്നു, അതേസമയം വലിയ മൂവി റെന്റൽ കമ്പനിക്ക് ദശലക്ഷക്കണക്കിനു വരിക്കാരുണ്ടായിരുന്നു. ഈ കമ്പനി അവരുടെ ചെറിയ എതിരാളിയെ വാങ്ങാനുള്ള അവസരം പാസാക്കി. ഫലം? ഇന്ന് നെറ്റ്ഫഌക്‌സിന് 18 കോടിയിലധികം വരിക്കാരുണ്ട്, അതിന്റെ മൂല്യം ഏകദേശം 15 ലക്ഷം കോടി രൂപയാണ്. അവർ വിൽക്കാൻ ആഗ്രഹിച്ച മറ്റൊരു കമ്പനിയാകട്ടെ തകർന്നുപോയി. നമ്മിൽ ആർക്കും ഭാവി പ്രവചിക്കാൻ കഴികയില്ല.
നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നമുക്കാണെന്നും ഭാവിയിലേക്കുള്ളനമ്മുടെ പദ്ധതികൾ വിജയിക്കുമെന്നും വിശ്വസിക്കാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. എന്നാൽ യാക്കോബ് പറയുന്നു, “നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ’’ (4:14). ജീവിതം നമ്മൾ പലപ്പോഴും മനസ്സിലാക്കുന്നതിനേക്കാൾ ഹ്രസ്വവും വേഗമേറിയതും കൂടുതൽ ദുർബലവുമാണ്. ആസൂത്രണം ആവശ്യമാണ്, എന്നാൽ അനുമാനത്തിന്റെ പാപം നിയന്ത്രണം നമ്മുടെ കൈയിലാണെന്ന അനുമാനത്തിലാണ്. അതുകൊണ്ടാണ് “നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു’’ എന്നു യാക്കോബ് മുന്നറിയിപ്പു നൽകുന്നത്, കാരണം “ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു’’ (വാ. 16).
ഈ പാപകരമായ രീതി ഒഴിവാക്കാനുള്ള മാർഗം ദൈവത്തോടുള്ള നന്ദിപൂർവമായ പങ്കാളിത്തമാണ്. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും’’ ദൈവത്തിങ്കൽനിന്നാണെന്ന് കൃതജ്ഞത നമ്മെ ഓർമ്മിപ്പിക്കുന്നു (1:17). അപ്പോൾ നാം ദൈവത്തിങ്കലേക്കു വരുമ്പോൾ, നമ്മുടെ ഇന്നത്തെയും ഭാവിയിലെയും പദ്ധതികളെ അനുഗ്രഹിക്കണം എന്നു വെറുതെ പറയാതെ, അവിടുന്നു ചെയ്യുന്ന കാര്യങ്ങളിൽ അവിടുത്തോടു ചേർന്നു പ്രവർത്തിക്കുന്നതിനു നമ്മെ സഹായിക്കാൻ നാം അവിടുത്തോട് അപേക്ഷിക്കുന്നു. “കർത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ’’ (4:15) എന്നു പ്രാർത്ഥിക്കുന്നതിന്റെ അർത്ഥം ഇതാണ്.

ചോദിക്കൂ!
ഞങ്ങളുടെ ബേസ്‌മെന്റിൽ നിന്ന് ആഹ്ലാദകരമായ അലർച്ച ഉയർന്നത് എന്റെ ഭാര്യ ഷേർളിയിൽ നിന്നായിരുന്നു. മണിക്കൂറുകളോളം അവൾ ഒരു ന്യൂസ്‌ലെറ്റർ പ്രോജക്റ്റുമായി മല്ലിടുകയായിരുന്നു, അത് ഉപേക്ഷിക്കാൻ അവൾ തയ്യാറായിരുന്നു. എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയിലും അനിശ്ചിതത്വത്തിലും അവൾ ദൈവത്തിന്റെ സഹായത്തിനായി പ്രാർത്ഥിച്ചു. അവൾ ഫേസ്ബുക്ക് സുഹൃത്തുക്കളിലേക്കും എത്തി, ഉടൻ തന്നെ പ്രോജക്റ്റ് പൂർത്തിയായി-ഒരു സംഘടിത പ്രയത്‌നം.
ഒരു ന്യൂസ്‌ലെറ്റർ പ്രോജക്റ്റ് ജീവിതത്തിൽ ഒരു ചെറിയ കാര്യമാണെങ്കിലും, ചെറിയ (അത്ര ചെറുതല്ല) കാര്യങ്ങളും ആകുലതയോ ഉത്കണ്ഠയോ ഉണ്ടാക്കിയോം. ഒരുപക്ഷേ നിങ്ങൾ ആദ്യമായി കുട്ടികളെ വളർത്തുന്നതിന്റെ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു രക്ഷിതാവായിരിക്കാം; പുതിയ അക്കാദമിക് വെല്ലുവിളികൾ നേരിടുന്ന ഒരു വിദ്യാർത്ഥിയോ; പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിൽ ദുഃഖിക്കുന്ന ഒരു വ്യക്തിയോ; അല്ലെങ്കിൽ വീട്ടുകാര്യത്തിലോ ജോലിയിലോ ശുശ്രൂഷയിലോ വെല്ലുവിളി അനുഭവിക്കുന്ന ഒരാളോ ആയിരിക്കാം. ദൈവത്തോട് സഹായം ചോദിക്കാത്തതിനാൽ ചിലപ്പോൾ നാം അനാവശ്യമായി വലയുന്നു (യാക്കോബ് 4:2).
ഫിലിപ്പിയിലെ യേശുവിന്റെ അനുയായികളെയും നമ്മെയും ആവശ്യമായ സമയങ്ങളിൽ നമ്മുടെ ആദ്യ പ്രതിരോധത്തെ പൗലൊസ് ചൂണ്ടിക്കാണിക്കുന്നു : “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു’’ (ഫിലിപ്പിയർ. 4:6). ജീവിതം സങ്കീർണ്ണമാകുമ്പോൾ, “യേശുവിൽഎൻ തോഴനെക്കണ്ടേൻ’’ എന്ന സ്തുതിഗീതത്തിൽ നിന്നുള്ള ഓർമ്മപ്പെടുത്തലുകൾ നമുക്ക് ആവശ്യമാണ്: “ഓ, എന്തൊരു സമാധാനമാണ് നാം പലപ്പോഴും നഷ്ടപ്പെടുത്തുന്നത് / ഓ, എന്ത് അനാവശ്യ വേദനയാണ് നമ്മൾ സഹിക്കുന്നത് /ഒന്നും നാം വഹിക്കേണ്ടതില്ല/ എല്ലാം പ്രാർത്ഥനയിൽ ദൈവത്തോട് പറയാം.’’
ഒരുപക്ഷേ ദൈവത്തോടു സഹായം ചോദിക്കുമ്പോൾ, നമ്മെ സഹായിക്കാൻ കഴിയുന്ന ആളുകളോട് ചോദിക്കാൻ അവൻ നമ്മെ നയിക്കും.

നിങ്ങൾക്കു സഹായം ആവശ്യമുള്ളപ്പോൾ
അതൊരു തിങ്കളാഴ്ച രാവിലെ ആയിരുന്നു, എങ്കിലും എന്റെ സുഹൃത്ത് ദീപക് ഓഫീസിൽ ഉണ്ടായിരുന്നില്ല. അവൻ വീട്ടിൽ കുളിമുറി വൃത്തിയാക്കുകയായിരുന്നു. ഒരു മാസമായി തൊഴിൽ രഹിതനായിട്ട്, അവൻ ചിന്തിച്ചു, ഒരു ജോലിയുടെ സാധ്യതയും കാണുന്നില്ല. കോവിഡ് 19 മഹാമാരി കാരണം അവന്റെ സ്ഥാപനം അടച്ചുപൂട്ടി, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ദീപക്കിൽ ഭയം നിറച്ചു. എനിക്ക് എന്റെ കുടുംബത്തെ പോറ്റണം, അവൻ വിചാരിച്ചു. സഹായത്തിനായി എനിക്ക് എവിടെ പോകാനാകും?
സങ്കീർത്തനം 121:1 ൽ, യെരൂശലേമിലേക്കുള്ള തീർഥാടകർ സഹായം എവിടെ കണ്ടെത്താം എന്നതിനെക്കുറിച്ച് സമാനമായ ഒരു ചോദ്യം ചോദിച്ചു. സിയോൻ പർവതത്തിലെ വിശുദ്ധ നഗരത്തിലേക്കുള്ള യാത്ര ദീർഘവും അപകടകരവുമായിരുന്നു, യാത്രക്കാർ കഠിനമായ കയറ്റം കയറണമായിരുന്നു. അവർ അഭിമുഖീകരിച്ച വെല്ലുവിളികൾ ഇന്നു ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ദുഷ്‌കരമായ യാത്രകൾ പോലെ തോന്നിയേക്കാം-രോഗം, ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, വേർപാട്, ജോലിയിലെ സമ്മർദ്ദം അല്ലെങ്കിൽ ദീപക്കിന്റെ കാര്യത്തിലെന്നപോലെ സാമ്പത്തിക ബുദ്ധിമുട്ട്, തൊഴിലില്ലായ്മ തുടങ്ങിയ കഠിനമായ പാതകൾ.
എന്നാൽ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുതന്നെ നമ്മെ സഹായിക്കുന്നു എന്ന സത്യത്തിൽ നമുക്ക് ധൈര്യം നേടാം (വാ. 2). അവൻ നമ്മുടെ ജീവിതത്തെ കാക്കുന്നു (വാ. 3, 5, 7-8). നമുക്ക് എന്താണ് വേണ്ടതെന്ന് അവനറിയാം. “കാക്കുക’’ എന്നതിനുള്ള ഷമാർ എന്ന എബ്രായ പദം അർത്ഥം “സംരക്ഷിക്കുക’’ എന്നാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നമ്മുടെ രക്ഷാധികാരിയാണ്. നാം അവന്റെ സംരക്ഷണത്തിലാണ്. “ദൈവം എന്നെയും എന്റെ കുടുംബത്തെയും പരിപാലിച്ചു,’’ ദീപക് അടുത്തിടെ പങ്കുവെച്ചു. “തക്കസമയത്ത്, അവൻ ഒരു അധ്യാപന ജോലി എനിക്കു നൽകി.’’
നമ്മുടെ യാത്രയുടെ ഓരോ ചുവടിലും ദൈവത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ, അവന്റെ ജ്ഞാനത്തിന്റെയും സ്‌നേഹത്തിന്റെയും സംരക്ഷിത അതിരുകൾക്കുള്ളിലാണു നാം എന്നറിഞ്ഞുകൊണ്ട് നമുക്കു പ്രത്യാശയോടെ മുമ്പോട്ടു നോക്കാം.
