
ദൈവത്തിന്റെ സ്നേഹമുള്ള കൈകളിൽ
എന്റെ ആരോഗ്യം വീണ്ടും വഷളായതിനു ശേഷം, അജ്ഞാതവും അനിയന്ത്രിതവുമായ ഒരു ഭയം എന്നിൽ കടന്നുകൂടി. ഒരു ദിവസം, ഫോബ്സ് മാസികയിലെ ഒരു ലേഖനം വായിക്കുമ്പോൾ, ശാസ്ത്രജ്ഞർ “ഭൂമിയുടെ ഭ്രമണവേഗത” കൂടുന്നതിനെക്കുറിച്ച് പഠിക്കുകയും, ഭൂമി “ചാഞ്ചാടുകയും” “കൂടുതൽ വേഗത്തിൽ കറങ്ങുകയും ചെയ്യുന്നു” എന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി ഞാൻ മനസ്സിലാക്കി. “ആഗോള സമയത്തിൽ നിന്ന് ആദ്യമായി ഒരു സെക്കൻഡ് ഔദ്യോഗികമായി നീക്കം ചെയ്യുക എന്ന ‘ഡ്രോപ്പ് സെക്കൻഡ്’ നമുക്ക് ആവശ്യമായി വന്നേക്കാം എന്ന് അവർ പറഞ്ഞു. ഒരു സെക്കൻഡ് നഷ്ടപ്പെടുന്നത് വലിയ പ്രശ്നമായി തോന്നുന്നില്ലെങ്കിലും, ഭൂമിയുടെ ഭ്രമണം മാറിയേക്കാമെന്ന് അറിയുന്നത് എനിക്ക് ഒരു വലിയ കാര്യമായി തോന്നി. ചെറിയൊരു അസ്ഥിരതപോലും എന്റെ വിശ്വാസം ചാഞ്ചാടുവാൻ ഇടയാക്കും. നമുക്ക് അറിയാത്ത കാര്യങ്ങൾ ഭയാനകമായിരിക്കാം. നമ്മുടെ സാഹചര്യങ്ങൾ ഉറപ്പില്ലാത്തതായിരിക്കാം. എന്നിരുന്നാലും, ദൈവം എല്ലാം നിയന്ത്രിക്കുന്നു എന്നറിയുന്നത്, അവനെ വിശ്വസിക്കാൻ എന്നെ സഹായിക്കുന്നു.
90-ാം സങ്കീർത്തനത്തിൽ മോശെ പറഞ്ഞു, “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു” (വാ. 2). എല്ലാ സൃഷ്ടികളുടെയും മേൽ ദൈവത്തിന്റെ പരിധിയില്ലാത്ത ശക്തിയും നിയന്ത്രണവും അധികാരവും അംഗീകരിച്ചുകൊണ്ട്, ദൈവം സമയത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങുന്നവനല്ലെന്ന് മോശെ പ്രഖ്യാപിച്ചു (വാ. 3–6).
ദൈവത്തെക്കുറിച്ചും, അവിടുന്നു സൃഷ്ടിച്ച അത്ഭുതകരമായ ലോകത്തെക്കുറിച്ചും കൂടുതൽ അറിയാൻ ശ്രമിക്കുമ്പോൾ, അവന്റെ സൃഷ്ടികളെയും, സമയത്തെയും അവിടുന്ന് എങ്ങനെ കൃത്യമായി കൈകാര്യം ചെയ്യുന്നുവെന്ന് നമുക്ക് കണ്ടെത്താനാകും. നമ്മുടെ ജീവിതത്തിൽ അറിയപ്പെടാത്തതും, പുതുതായി കണ്ടെത്തിയതുമായ എല്ലാ സാഹചര്യങ്ങളുടെ മദ്ധ്യത്തിലും ദൈവത്തെ ആശ്രയിക്കാൻ നമുക്കു കഴിയും. എല്ലാ സൃഷ്ടികളും ദൈവത്തിന്റെ സ്നേഹനിർഭരമായ കരങ്ങളിൽ സുരക്ഷിതമായി നിലകൊള്ളുന്നു.

യേശുവിൽ വളരുക
കുട്ടിക്കാലത്ത്, മുതിർന്നവർ ബുദ്ധിയുള്ളവരും പരാജയപ്പെടാൻ കഴിയാത്തവരുമാണെന്ന് ഞാൻ കരുതി. എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് എല്ലായ്പ്പോഴും അറിയാം. ഞാനും വലുതാകുമ്പോൾ, എന്താണ് ചെയ്യേണ്ടതെന്ന് എനിക്കും എല്ലായ്പ്പോഴും അറിയാൻ കഴിയും, എന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ആ, “ഒരു ദിവസം” വർഷങ്ങൾക്ക് മുമ്പ് വന്നു, അത് എന്നെ പഠിപ്പിച്ചത്, എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നതാണ്. കുടുംബത്തിലെ രോഗാവസ്ഥ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, അല്ലെങ്കിൽ ഒരു ബന്ധത്തിലെ സംഘർഷം എന്നിവയിലേതാണെങ്കിലും, അത്തരം സമയങ്ങളിൽ എന്റെ വ്യക്തിപരമായ എല്ലാ കഴിവുകളും പരാജയപ്പെട്ടുപോയി. എന്റെ മുൻപിൽ ഒരേയൊരു വഴി മാത്രമേയുള്ളു—കണ്ണുകൾ അടച്ച് “കർത്താവേ, സഹായിക്കേണമേ” എന്ന് മന്ത്രിക്കുക.
അപ്പൊസ്തലനായ പൗലൊസ് ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജീവിതത്തിലെ “ശൂലം,” ഒരു ശാരീരിക രോഗമായിരുന്നിരിക്കാം. അത് അദ്ദേഹത്തിന് വളരെയധികം നിരാശയും വേദനയും ഉണ്ടാക്കി. എന്നിരുന്നാലും, തന്റെ ബുദ്ധിമുട്ടുകൾ സഹിക്കാനും അതിജീവിക്കാനും മതിയായ ദൈവത്തിന്റെ സ്നേഹവും വാഗ്ദാനങ്ങളും അനുഗ്രഹങ്ങളും പൗലൊസ് അനുഭവിച്ചത് ഈ ശൂലത്തിലൂടെയാണ് (2 കൊരിന്ത്യർ 12:9). വ്യക്തിപരമായ ബലഹീനതയും നിസ്സഹായതയും പരാജയത്തെ സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. വിശ്വാസത്തോടെ ദൈവത്തിന് കീഴടങ്ങുമ്പോൾ, അവ എല്ലാ സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ഉപകരണങ്ങളായി മാറുന്നു (വാ. 9-10)
നമ്മൾ വളർന്നുവെന്നതിനർത്ഥം നമ്മൾ എല്ലാം അറിയുന്നവരാണ് എന്നല്ല. തീർച്ചയായും, പ്രായത്തിനനുസരിച്ച് നാം ജ്ഞാനമുള്ളവരായി മാറുന്നു, പക്ഷേ ആത്യന്തികമായി നമ്മുടെ ബലഹീനതകൾ പലപ്പോഴും നമ്മൾ എത്രത്തോളം ശക്തിയില്ലാത്തവരാണെന്ന് വെളിപ്പെടുത്തുന്നു. നമ്മുടെ യഥാർത്ഥ ശക്തി ക്രിസ്തുവിലാണ്. “ബലഹീനനായിരിക്കുമ്പോൾതന്നെ ഞാൻ ശക്തനാകുന്നു” (വാ. 10) എന്നു പൗലൊസ് പറയുന്നു. യഥാർത്ഥത്തിൽ “വളരുക” എന്നാൽ നാം ദൈവത്തിന്റെ ശക്തിയെ അറിയുക, വിശ്വസിക്കുക, അനുസരിക്കുക എന്നാണ്.

യേശുവിനെപ്പോലെ സ്നേഹിക്കുക
അദ്ദേഹത്തെ എല്ലാവരും സ്നേഹിച്ചിരുന്നു—ഇറ്റലിയിലെ കാസ്നിഗോയിലെ ഗ്യൂസെപ്പി ബെരാർഡെല്ലിയെ വിവരിക്കാൻ ഉപയോഗിച്ച വാക്കുകളായിരുന്നു അവ. ഒരു പഴയ മോട്ടോർബൈക്കിൽ പട്ടണത്തിൽ ചുറ്റിക്കറങ്ങുകയും എല്ലായ്പ്പോഴും “സമാധാനവും നന്മയും” എന്ന അഭിവാദ്യത്തോടെ നടക്കുകയും ചെയ്ത ഒരു പ്രിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ തനിക്കുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ, കൊറോണ ബാധിച്ചതോടെ വഷളായി; അപ്പോൾ, അദ്ദേഹത്തിന്റെ സ്നേഹിതർ അദ്ദേഹത്തിവേണ്ടി ഒരു ശ്വസനസഹായി വാങ്ങി. എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥ വഷളായപ്പോൾ അദ്ദേഹം ശ്വസന ഉപകരണങ്ങൾ നിരാകരിക്കുകയും പകരം ആവശ്യമുള്ള ഒരു ചെറുപ്പക്കാരനായ രോഗിക്ക് അത് നൽകാൻ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിരാകരണം കേട്ടപ്പോൾ ആരും ആശ്ചര്യപ്പെട്ടില്ല, കാരണം അത് മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ മുൻപിൽ നിന്ന ആ വക്തിയുടെ സ്വഭാവമായിരുന്നു.
സ്നേഹിക്കുന്നതിനായി സ്നേഹിക്കപ്പെട്ടു, ഇതാണ് അപ്പൊസ്തലനായ യോഹന്നാന്റെ സുവിശേഷത്തിലുടനീളം മുഴങ്ങുന്ന സന്ദേശം. സ്നേഹിക്കപ്പെടുന്നതും മറ്റുള്ളവരെ സ്നേഹിക്കുന്നതും ഒരു പള്ളിമണി പോലെയാണ്, അത് കാലാവസ്ഥാ ഭേദമെന്യേ രാപ്പകൽ മുഴങ്ങുന്നു. യോഹന്നാൻ 15-ൽ ഇത് വളരെ പാരമ്യത്തിലെത്തുന്നു. കാരണം എല്ലാവരാലും സ്നേഹിക്കപ്പെടുക എന്നതല്ല, എല്ലാവരെയും സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ സ്നേഹമെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. “സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല” (വാ. 13). ത്യാഗപരമായ സ്നേഹത്തിന്റെ മാനുഷിക ഉദാഹരണങ്ങൾ എല്ലായ്പ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു. എന്നിട്ടും ദൈവത്തിന്റെ മഹത്തായ സ്നേഹവുമായി താരതമ്യപ്പെടുത്തുമ്പോൾ അവ നിറം മങ്ങിയതാകുന്നു. ദൈവസ്നേഹം നമ്മെ വെല്ലുവിളിക്കുന്നു, കാരണം യേശു കൽപിക്കുന്നു “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക” (വാ. 12). അതേ, എല്ലാവരേയും സ്നേഹിക്കുക.

താഴ്മയുടെ നേട്ടം
പല അദ്ധ്യാപകരെയും പോലെ, ക്യാരി തന്റെ ജോലിക്കായി എണ്ണമറ്റ മണിക്കൂറുകൾ നീക്കിവയ്ക്കുന്നു, പലപ്പോഴും പേപ്പറുകൾക്ക് മാർക്കിടുകയും വൈകുന്നേരം വരെ വിദ്യാർത്ഥികളുമായും മാതാപിതാക്കളുമായും ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ഇത് നിലനിർത്താൻ, സൗഹൃദത്തിനും പ്രായോഗിക സഹായത്തിനുമായി അവൾ തന്റെ സഹപ്രവർത്തകരെ ആശ്രയിക്കുന്നു; സഹകരണത്തിലൂടെ അവളുടെ വെല്ലുവിളി നിറഞ്ഞ ജോലി എളുപ്പമാകുന്നു. അദ്ധ്യാപകരുടെ അടുത്തിടെയുള്ള ഒരു പഠനത്തിൽ നമ്മോടൊപ്പം ജോലി ചെയ്യുന്നവർ വിനയം പ്രകടിപ്പിക്കുമ്പോൾ സഹകരണത്തിന്റെ പ്രയോജനം വർദ്ധിക്കുന്നതായി കണ്ടെത്തി. സഹപ്രവർത്തകർ തങ്ങളുടെ ബലഹീനതകൾ അംഗീകരിക്കാൻ തയ്യാറാകുമ്പോൾ, മറ്റുള്ളവർക്ക് അവരുടെ അറിവ് പരസ്പരം പങ്കിടാൻ തോന്നുകയും ഗ്രൂപ്പിലെ എല്ലാവരെയും ഫലപ്രദമായി സഹായിക്കാൻ കഴിയുകയും ചെയ്യുന്നു.
സഹകരണത്തെക്കാൾ പ്രാധാന്യമുള്ളതാണ് താഴ്മ എന്ന് ബൈബിൾ പഠിപ്പിക്കുന്നു. “യഹോവഭക്തി” (ദൈവത്തിന്റെ സൗന്ദര്യം, ശക്തി, മഹത്വം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ നാം ആരാണെന്ന് ശരിയായി ഗ്രഹിക്കുന്നത്) നമുക്ക് “സമ്പത്തും ബഹുമാനവും ജീവനും” നൽകുന്നു (സദൃശവാക്യങ്ങൾ 22:4). ലോകത്തിൽ മാത്രമല്ല, ദൈവസഭയിലും ഫലവത്തായ രീതിയിൽ ജീവിക്കാൻ താഴ്മ നമ്മെ സഹായിക്കുന്നു, കാരണം നമ്മുടെ സഹവിശ്വാസികൾക്ക് നന്മ ചെയ്യാൻ നാം ശ്രമിക്കുന്നു.
നമുക്ക് “ധനവും മാനവും ജീവനും” നേടാനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ നാം ദൈവത്തെ ഭയപ്പെടുന്നത് യഥാർത്ഥ താഴ്മയല്ല. പകരം, “തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങിയ” യേശുവിനെ നാം അനുകരിക്കുന്നതാണ് താഴ്മ (ഫിലിപ്പിയർ 2:7). അങ്ങനെ നമുക്ക് അവന്റെ വേലയിൽ വിനയപൂർവ്വം സഹകരിക്കുന്ന ഒരു കൂട്ടായ്മയുടെ ഭാഗമാകാം. അവനു ബഹുമാനം നൽകുകയും, നമുക്ക് ചുറ്റുമുള്ളവർക്ക് ജീവിത സന്ദേശം നൽകുകയും ചെയ്യാം.

സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെട്ടവർ
കോളേജിൽവെച്ചു ജിമ്മും ലനീഡയും പ്രണയബദ്ധരായി. അവർ വിവാഹിതരായി, വർഷങ്ങളോളം ജീവിതം സന്തോഷകരമായിരുന്നു. പെട്ടെന്ന് ലനീഡ അസാധാരണമായി പെരുമാറാൻ തുടങ്ങി, അവൾ തന്റെ ഉത്തരവാദിത്തങ്ങൾ മറക്കുകയും സ്ഥലകാലബോധമില്ലാതെ പെരുമാറുകയും ചെയ്തു. നാൽപ്പത്തിയേഴാം വയസ്സിൽ ആദ്യമായി അവൾക്ക് അൽഷിമേഴ്സ് രോഗമുണ്ടെന്ന് കണ്ടെത്തി. പത്ത് വർഷം അവളെ പരിചരിച്ചതിന് ശേഷം ജിം ഇങ്ങനെ പറഞ്ഞു, “വിവാഹ പ്രതിജ്ഞ പറഞ്ഞപ്പോൾ എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ എന്റെ ഭാര്യയെ സ്നേഹിക്കാനും സേവിക്കാനുമുള്ള അവസരം അൽഷിമേഴ്സ് എനിക്ക് തന്നു.”
പരിശുദ്ധാത്മാവിന്റെ ദാനങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ അപ്പൊസ്തലനായ പൗലൊസ് സ്നേഹത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് വിശദമായി എഴുതി (1 കൊരി. 13). സ്നേഹനിർഭരമായ ഹൃദയത്തിൽ നിന്ന് കവിഞ്ഞൊഴുകുന്ന സൽപ്രവൃത്തികളും സ്നേഹമില്ലാതെ യാന്ത്രികമായി ചെയ്യുന്നവയും തമ്മിലുള്ള വ്യത്യാസം അദ്ദേഹം വിവരിക്കുന്നു. ശക്തമായ സംസാരം നല്ലതാണ്, എന്നാൽ സ്നേഹമില്ലെങ്കിൽ അത് അർത്ഥശൂന്യമായ ശബ്ദം പോലെയാണ് (വാ. 1). “എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും ... സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.” ഒടുവിൽ പൗലൊസ് പറഞ്ഞു, “ഇവയിൽ വലിയതോ സ്നേഹംതന്നേ” (വാ. 13).
ഭാര്യയെ പരിചരിച്ചപ്പോൾ ജിമ്മിന് സ്നേഹത്തെയും സേവനത്തെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. ആഴമേറിയതും സ്ഥിരതയുള്ളതുമായ ഒരു സ്നേഹത്തിന് മാത്രമേ എല്ലാ ദിവസവും അവളെ പിന്തുണയ്ക്കാനുള്ള ശക്തി നൽകാൻ കഴിയുമായിരുന്നുള്ളൂ. ആത്യന്തികമായി, ഈ ത്യാഗപരമായ സ്നേഹത്തിന്റെ പൂർണ്ണത നാം കാണുന്ന ഒരേയൊരു ഇടം ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിലാണ്. അത് നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കാൻ യേശുവിനെ അയയ്ക്കാൻ കാരണമായി (യോഹന്നാൻ 3:16). സ്നേഹത്താൽ പ്രചോദിതമായ ആ ത്യാഗം നമ്മുടെ ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.