Category  |  odb

ഭാരങ്ങൾ ഒഴിവാക്കുക

കോളേജിൽ ഒരു സെമസ്റ്ററിൽ, ഞാൻ വില്യം ഷേക്സ്പിയറുടെ കൃതികൾ പഠിക്കുകയുണ്ടായി. ഷേക്സ്പിയർ ഇതുവരെ എഴുതിയതെല്ലാം ഉൾക്കൊള്ളുന്ന ഒരു വലിയ പാഠപുസ്തകം ക്ലാസിന് ആവശ്യമായിരുന്നു. പുസ്തകത്തിന് അനേകം കിലോഗ്രാം ഭാരമുണ്ടായിരുന്നു. മണിക്കൂറുകളോളം എനിക്ക് അതു ചുമക്കേണ്ടതായി വന്നിട്ടുണ്ട്. ആ ഭാരം ചുമന്നു ചുറ്റിക്കറങ്ങുന്നത് എന്റെ നടുവു വേദനക്കു കാരണമായി. അത് ഒടുവിൽ എന്റെ പുസ്തക സഞ്ചിയെ കെട്ടിയുറപ്പിച്ചിരുന്ന ലോഹസ്ട്രാപ്പിനെ തകർത്തു!

ചില കാര്യങ്ങൾ നമുക്കു വഹിക്കാൻ കഴിയാത്തത്ര ഭാരമുള്ളതാണ്. ഉദാഹരണത്തിന്, മുൻകാല മനോവേദനയിൽ നിന്നുള്ള വൈകാരിക ഭാരങ്ങൾ കൈപ്പും വെറുപ്പും കൊണ്ടു നമ്മെ ഭാരപ്പെടുത്തും. എന്നാൽ മറ്റുള്ളവരോടു ക്ഷമിച്ചും സാധ്യമാകുമ്പോഴൊക്കെ അവരുമായി അനുരഞ്ജനപ്പെട്ടും നാം സ്വാതന്ത്ര്യം നേടിയെടുക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു (കൊലൊസ്സ്യർ 3:13). മനോവേദനയുടെ ആഴം കൂടുന്തോറും ഇതിനു കൂടുതൽ സമയം എടുത്തേക്കാം. അതു സാരമില്ല. തന്റെ ജന്മാവകാശവും അനുഗ്രഹവും അപഹരിച്ചതിനു യാക്കോബിനോടു ക്ഷമിക്കാൻ ഏശാവിനു വർഷങ്ങൾ വേണ്ടിവന്നു (ഉല്പത്തി 27:36).

ഒടുവിൽ ഇരുവരും വീണ്ടും ഒന്നിച്ചപ്പോൾ, ഏശാവു തന്റെ സഹോദരനോടു സദയം ക്ഷമിച്ചുകൊണ്ട് “അവനെ എതിരേറ്റു, ആലിംഗനം ചെയ്തു” (33:4). രണ്ടുപേരും പൊട്ടിക്കരയുന്നതിനുമുമ്പ് ഒരു വാക്കു പോലും കൈമാറിയില്ല. കാലക്രമേണ, കൊലപാതകം പരിഗണിക്കാൻ പ്രേരിപ്പിച്ച കോപം ഏശാവ് ഉപേക്ഷിച്ചു (27:41). തന്റെ സഹോദരനെ താൻ എപ്രകാരം ദ്രോഹിച്ചുവെന്നതിന്റെ വ്യാപ്തി കാണാൻ ആ നീണ്ട വർഷങ്ങൾ യാക്കോബിനു അവസരം നൽകി. ആ പുനഃസമാഗമത്തിലുടനീളം അവൻ എളിമയും ബഹുമാനവും ഉള്ളവനായിരുന്നു (33:8-11).

അവസാനം, ആ സഹോദരന്മാർ ഇരുവരും മറ്റെയാളിൽ നിന്നു യാതൊന്നും തനിക്ക് ആവശ്യമില്ലാത്ത ഒരു സ്ഥാനത്ത് എത്തിച്ചേർന്നു (വാ. 9, 15). പഴയകാലത്തെ ഭാരിച്ച ഭാണ്ഡക്കെട്ടിൽ നിന്നു മോചനം നേടിക്കൊണ്ട് ക്ഷമിക്കാനും ക്ഷമിക്കപ്പെടാനും അത് ധാരാളമായിരുന്നു.

വീണ്ടും ജനനം?

“വീണ്ടും ജനനം? എന്താണ് അതിനർത്ഥം?” ഫ്യൂണറൽ ഡയറക്ടർ ചോദിച്ചു. “ഞാൻ ഈ വാക്കു ഇതിനു മുമ്പു കേട്ടിട്ടില്ല.” ഈ അവസരം മുതലെടുത്തുകൊണ്ട്‌, മരിച്ചുപോയ പിതാവിന്റെ മകൻ യോഹന്നാൻ 3-ാം അധ്യായത്തിലെ വാക്കുകൾ വായിച്ച് അതിന്റെ അർത്ഥമെന്താണെന്നു വിശദീകരിച്ചു കൊടുത്തു.

“നമ്മളെല്ലാം ഈ ലോകത്ത് ഒരിക്കൽ ജനിച്ചവരാണ് എന്ന വസ്തുതയാണ് ഇതിന്റെ ആകെത്തുക,” അദ്ദേഹം പറഞ്ഞു. “നമ്മുടെ നല്ല പ്രവൃത്തികളെ തിന്മയ്ക്കെതിരെ തൂക്കിനോക്കാനായി ദൈവത്തിന്റെ പക്കൽ ഒരു മാന്ത്രിക തുലാസില്ല. നാം ആത്മാവിൽ ജനിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നു,” അദ്ദേഹം തുടർന്നു. “അതുകൊണ്ടാണു യേശു ക്രൂശിൽ മരിച്ചതു - അവൻ നമ്മുടെ പാപങ്ങൾ വീട്ടി, അവനോടൊപ്പം നിത്യജീവൻ സ്വന്തമാക്കാൻ നമുക്ക് അവസരമൊരുക്കി. ഇതു നമുക്കു സ്വന്തമായി സാധിച്ചെടുക്കാൻ കഴിയുന്ന ഒന്നല്ല.”

യോഹന്നാൻ 3-ൽ, താൻ യഥാർത്ഥത്തിൽ എല്ലാം മനസ്സിലാക്കിയിട്ടുണ്ടോ എന്നു നിക്കൊദേമൊസ് സംശയിക്കാൻ തുടങ്ങി. തിരുവെഴുത്തുകളിൽ പരിശീലനം ലഭിച്ച ഈ ഉപദേഷ്ടാവ് (വാ. 1), യേശു വ്യത്യസ്തനാണെന്നും അവന്റെ പഠിപ്പിക്കലിന് അധികാരമുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു (വാ. 2). അവൻ സ്വയം കണ്ടുപിടിക്കാൻ ആഗ്രഹിച്ചു. അതിൻപ്രകാരം അവൻ ഒരു രാത്രി ക്രിസ്തുവിനെ സമീപിച്ചു. “നിങ്ങൾ പുതുതായി ജനിക്കേണം” (വാ. 7) എന്ന യേശുവിന്റെ പ്രസ്താവന നിക്കൊദേമൊസ് അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തിരിക്കണം. കാരണം, ക്രൂശിക്കപ്പെട്ടതിനു ശേഷം  രക്ഷകന്റെ ശരീരം അടക്കം ചെയ്യാൻ അവൻ സഹായിച്ചിരുന്നു (19:39).

ഭവനത്തിൽ എത്തുമ്പോൾ യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം വായിക്കാമെന്നു ഫ്യൂണറൽ ഡയറക്ടർ സമ്മതിച്ചു. ഡയറക്ടറുമായി സംസാരിച്ച മകനെപ്പോലെ, യേശുവിന്റെ വാക്കുകൾ ഹൃദയത്തിൽ ഏറ്റെടുത്തുകൊണ്ട് അവൻ നമ്മെ സഹായിക്കുന്നതനുസരിച്ച്‌ മറ്റുള്ളവരുമായി പങ്കിടാം.

ദൈവത്തിൽ പ്രത്യാശിക്കുക

തന്റെ മൂന്നു വർഷത്തെ കോഴ്സിനായി സർവകലാശാലയിലെത്തിയപ്പോൾ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഡോം റൂം ആവശ്യപ്പെട്ട വേളയിൽ താൻ എന്താണു ചെയ്യുന്നതെന്നു ജെറമി മനസ്സിലാക്കിയിരുന്നില്ല. “അവസ്ഥ ഭയങ്കരമായിരുന്നു,” അവൻ വിവരിച്ചു. “മുറിയും ശുചിമുറിയും മഹാ മോശമായിരുന്നു.” എന്നാൽ അവന്റെ പക്കൽ കുറച്ചു പണമെ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ വേറെ മാർഗ്ഗമില്ലായിരുന്നു. “എനിക്കു ആകെക്കൂടെ ചെയ്യാൻ കഴിയുന്നത്” അവൻ പറഞ്ഞു, “മൂന്നു വർഷത്തിനുള്ളിൽ എനിക്കു തിരികെ പോകാൻ ഒരു നല്ല വീടുണ്ട് എന്നു കാര്യം ചിന്തിച്ചുകൊണ്ടു ഇവിടെ പിടിച്ചുനിന്നു എന്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു.” 

ജെറമിയുടെ കഥ “ഭൗമിക കൂടാരത്തിൽ” — നശിച്ചു പോയ്ക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് പ്രവർത്തിക്കുന്ന (1 യോഹന്നാൻ 2:17) ഒരിക്കൽ മരിക്കാനിരിക്കുന്ന ഒരു മനുഷ്യശരീരം (2 കൊരിന്ത്യർ 5:1) — ജീവിക്കുന്നതിന്റെ ദൈനംദിന വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നു. ഈ വിധത്തിൽ ജീവിതം നമ്മുടെ മേൽ ചൊരിയുന്ന അനേകം വൈഷമ്യങ്ങളെ തരണം ചെയ്യാൻ പാടുപെട്ടുകൊണ്ടു നാം “ഭാരപ്പെട്ടു ഞരങ്ങുന്നു” (2 കൊരിന്ത്യർ 5:4).

ഒരു ദിവസം നമുക്ക് അമർത്യവും പുനരുത്ഥാനം പ്രാപിച്ചതുമായ ഒരു ശരീരം — “സ്വർഗ്ഗീയമായ പാർപ്പിടം” (വാ. 3) — ലഭിക്കുമെന്നും ഇപ്പോഴത്തെ ഞരക്കവും നിരാശയും ഇല്ലാത്ത ഒരു ലോകത്തിൽ ജീവിക്കാൻ സാധിക്കുമെന്നുമുള്ള ഉറച്ച പ്രതീക്ഷയാണു നമ്മെ മുന്നോട്ടു നയിക്കുന്നതു (റോമർ 8:19 -22). ദൈവം സ്നേഹപൂർവം പ്രദാനം ചെയ്തിരിക്കുന്ന ഈ ജീവിതം പരമാവധി പ്രയോജനപ്പെടുത്താൻ ഈ പ്രത്യാശ നമ്മെ പ്രാപ്തരാക്കുന്നു. അവൻ നമുക്കു നൽകിയിരിക്കുന്ന വിഭവങ്ങളും കഴിവുകളും ഉപയോഗിച്ചുകൊണ്ടു അവനെയും മറ്റുള്ളവരെയും സേവിക്കാൻ നമുക്കു കഴിയേണ്ടതിനു അവൻ നമ്മെ സഹായിക്കും. “ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു” (2 കൊരിന്ത്യർ 5:9) എന്നെഴുതിയിരിക്കുന്നത് അതുകൊണ്ടാണ്.

ദൈവത്തിൽ നിന്ന് ഓടുന്നവർ

കൂനൻ തിമിംഗിലത്തെ തിരഞ്ഞുകൊണ്ടു കാലിഫോർണിയ കടൽതീരത്തു  കയാക്കിംങ് നടത്തുകയായിരുന്നു ജൂലിയും ലിസും. അനായാസമായി കണ്ടെത്താൻ കഴിയുംവിധം ജലോപരിതലത്തിനു സമീപം സജീവമായി കാണപ്പെടുന്നതിനു പേരുകേട്ടതാണ് കൂനൻ തിമിംഗിലങ്ങൾ. തങ്ങൾക്കു നേരെ താഴെയായി ഒരു തിമിഗംലം ഉയർന്നു വന്നപ്പോൾ ആ രണ്ടു സ്ത്രീകളും അത്ഭുതപരതന്ത്രരായി. ഒരു കാഴ്ചക്കാരൻ പിടിച്ച ആ കണ്ടുമുട്ടലിന്റെ ദൃശ്യങ്ങളിൽ, തിമിംഗലത്തിന്റെ വലിയ വായ്ക്കു മുമ്പിൽ ആ സ്ത്രീകളും അവരുടെ കയാക്കുകളും നിസാരമായി കാണപ്പെടുന്നതായി കാണിക്കുന്നു. കുറച്ചുനേരം വെള്ളത്തിനടിയിൽ പോയെങ്കിലും സ്ത്രീകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

യോനാ പ്രവാചകനെ ഒരു “വലിയ മത്സ്യം” (യോനാ 1:17) വിഴുങ്ങിയതിന്റെ വേദപുസ്തകം വിവരണത്തിലേക്ക് അവരുടെ അനുഭവം ഒരു വീക്ഷണം നൽകുന്നു. നീനെവേക്കാരോടു പ്രസംഗിക്കാൻ ദൈവം അവനോടു നിർദ്ദേശിച്ചിരുന്നു. പക്ഷേ അവർ ദൈവത്തെ നിരസിച്ചതിനാൽ, അവർ അവന്റെ പാപമോചനത്തിനു യോഗ്യരാണെന്നു യോനായ്ക്കു തോന്നിയില്ല. അനുസരിക്കുന്നതിനുപകരം അവൻ ഓടിപ്പോകാൻ ശ്രമിച്ചുകൊണ്ട് ഒരു കപ്പലിൽ യാത്ര പുറപ്പെട്ടു. ദൈവം ഒരു അപകടകരമായ കൊടുങ്കാറ്റ് അയച്ചു, അവനെ കടലിലേക്ക് എറിഞ്ഞുകളയാൻ ഇടയാക്കി. 

അവന്റെ പ്രവൃത്തികളുടെ ഏറ്റവും മോശമായ അനന്തരഫലങ്ങളിൽനിന്ന്‌ അവനെ ഒഴിവാക്കിക്കൊണ്ടു മരണത്തിൽ നിന്നു യോനായെ സംരക്ഷിക്കാൻ ദൈവം ഒരു വഴി നിശ്ചയിച്ചിരുന്നു. യോനാ “യഹോവയോടു നിലവിളിച്ചു” (2:2), ദൈവം കേട്ടു. യോനാ തന്റെ തെറ്റ് ഏറ്റുപറഞ്ഞ്, ദൈവത്തിന്റെ നന്മയെ സ്തുതിക്കുകയും അംഗീകരിക്കുകയും ചെയ്തതിനുശേഷം, ദൈവകൽപ്പനപ്രകാരം അവനെ മത്സ്യം  “കരെക്കു ഛർദ്ദിച്ചുകളഞ്ഞു” (വാ. 10). 

ദൈവകൃപയാൽ, നമ്മുടെ തെറ്റുകൾ ഏറ്റുപറഞ്ഞുകൊണ്ടു യേശുവിന്റെ യാഗത്തിൽ വിശ്വാസം പ്രകടിപ്പിക്കുമ്പോൾ, നാം അർഹിക്കുന്ന ആത്മീയ മരണത്തിൽ നിന്നു രക്ഷപ്പെട്ട്, അവനിലൂടെ പുതിയ ജീവിതം അനുഭവിക്കുന്നു.

വിശക്കുന്നവർക്കു ആഹാരം

വിളകൾ നശിപ്പിക്കുകയും കന്നുകാലികളെ കൊല്ലുകയും ദശലക്ഷക്കണക്കിനു പേരുടെ ജീവൻ അപഹരിക്കുകയും ചെയ്ത അതികഠിനമായ വരൾച്ചയാൽ വർഷങ്ങളോളം ഹോൺ ഓഫ് ആഫ്രിക്ക വലയുകയുണ്ടായി. യുദ്ധങ്ങളിൽ നിന്നും അടിച്ചമർത്തലിൽ നിന്നും പലായനം ചെയ്തുവന്ന കെനിയയിലെ കഹുമ അഭയാർത്ഥി ക്യാമ്പിലെ ജനത്തെപ്പോലെ ഏറ്റവും ദുർബലരായ ആളുകളെ സംബന്ധിച്ച് ഇതു കൂടുതൽ ഭയാനകമായിരുന്നു. യൗവ്വനക്കാരിയായ ഒരു മാതാവ് തന്റെ കുഞ്ഞിനെ ക്യാമ്പ് ഓഫീസർമാരുടെ അടുത്തേക്കു കൊണ്ടുവന്നതിക്കുറിച്ച് അടുത്തിടെ ഒരു റിപ്പോർട്ടു വിവരിക്കുകയുണ്ടായി. “അവളുടെ മുടിയും ചർമ്മവും... വരണ്ട്, പൊളിഞ്ഞിളകുമാറ്” കടുത്ത പോഷകാഹാരക്കുറവ് ആ കുഞ്ഞ് അനുഭവിച്ചിരുന്നു. അവൾ പുഞ്ചിരിക്കില്ലായിരുന്നു, ഭക്ഷണം കഴിക്കുകയുമില്ലായിരുന്നു. അവളുടെ ആ ചെറു ശരീരം പ്രവർത്തനരഹിതമായി തീരുകയായിരുന്നു. വിദഗ്ധർ ഉടൻ തന്നെ ഇടപെട്ടു. ആവശ്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ടെങ്കിലും, ഉടനടി നടപടി വേണ്ടതോ മരണ കാരണമോ ആയ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്.

ദൈവജനം അവന്റെ വെളിച്ചവും സ്നേഹവും പ്രകാശിപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നതു നിരാശാജനകമായ ഇത്തരം ഇടങ്ങളിലാണ് (യെശയ്യാവ് 58:8). ആളുകൾ പട്ടിണി കിടക്കുകയോ രോഗികളാകുകയോ ഭീഷണി നേരിടുകയോ ചെയ്യുമ്പോൾ ഭക്ഷണം, ആതുരസഹായം, സുരക്ഷിതത്വം എന്നിവ എല്ലാം യേശുവിന്റെ നാമത്തിൽ ആദ്യം നൽകാനായി ദൈവം തന്റെ ജനത്തെ വിളിക്കുന്നു. “വിശപ്പുള്ളവന്നു നിന്റെ അപ്പം” പങ്കിടുക, “അലഞ്ഞുനടക്കുന്ന സാധുക്കളെ” അഭയസ്ഥാനത്താക്കുക, “നഗ്നനെ” ഉടുപ്പിക്കുക (വാ. 7) തുടങ്ങി പ്രതിസന്ധി ഘട്ടത്തിൽ ആവശ്യമായ യഥാർത്ഥ കാരുണ്യ പ്രവർത്തനത്തെ അവഗണിച്ചുകൊണ്ട്, ഉപവാസത്തിലും പ്രാർത്ഥനയിലും സമയം ചിലവിട്ടുകൊണ്ടു തങ്ങൾ വിശ്വസ്തരാണെന്നു കരുതിയതിനു യെശയ്യാവ് പുരാതന യിസ്രായേലിനെ ശാസിച്ചു.

വിശക്കുന്നവർക്കു ആഹാരം നൽകണമെന്നു ദൈവം ആഗ്രഹിക്കുന്നു — ശാരീരികമായും ആത്മീയമായും. ആവശ്യങ്ങളെ പരിഹരിച്ചകൊണ്ടു അവൻ നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുന്നു.