
തിളങ്ങുന്ന പ്രകാശം
ഒരു പ്രാദേശിക സഭയില്‍ പഠിപ്പിക്കാമെന്നു ഞാന്‍ സമ്മതിച്ച അഞ്ച് ആഴ്ചത്തെ ബൈബിള്‍ ക്ലാസ്സിനെക്കുറിച്ച് എനിക്ക് ഉള്‍ക്കിടിലം തോന്നി. വിദ്യാര്‍ത്ഥികള്‍ക്ക് അത് ഇഷ്ടപ്പെടുമോ? അവര്‍ എന്നെ ഇഷ്ടപ്പെടുമോ? എന്റെ ഉത്കണ്ഠ തെറ്റായ കേന്ദ്രത്തിലേക്കായിരുന്നു. അതെന്നെ പാഠ പദ്ധതിയും പ്രദര്‍ശന സാമഗ്രികളും വിതരണത്തിനുള്ള നോട്ടുകളും അമിതമായി തയ്യാറാക്കുന്നതിലേക്കു നയിച്ചു. ഒരാഴ്ച കൂടി ബാക്കിയുണ്ടായിട്ടും, പങ്കെടുക്കാന്‍ ഞാന്‍ അനേകരെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.
എന്നിരുന്നാലും, എന്റെ പ്രാര്‍ത്ഥനയില്‍, ദൈവത്തിങ്കലേക്കു വെളിച്ചം വീശുന്ന ഒരു ശുശ്രൂഷയാണ് എന്റെ ക്ലാസ് എന്ന് ദൈവം എന്നെ ഓര്‍മ്മപ്പെടുത്തി. നമ്മുടെ സ്വര്‍ഗ്ഗീയപിതാവിലേക്ക് ആളുകളെ നയിക്കാന്‍ പരിശുദ്ധാത്മാവ് ക്ലാസിനെ ഉപയോഗിക്കുന്നതിനാല്‍, പരസ്യമായി സംസാരിക്കുന്നതിനെക്കുറിച്ചുള്ള എന്റെ ഉത്കണ്ഠയെ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞു. യേശു തന്റെ ശിഷ്യന്മാരെ പര്‍വതപ്രസംഗത്തില്‍ പഠിപ്പിച്ചപ്പോള്‍ അവരോടു പറഞ്ഞു, ''നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കുവാന്‍ പാടില്ല. വിളക്ക് കത്തിച്ച് പറയിന്‍കീഴല്ല തണ്ടിന്മേലത്രെ വയ്ക്കുന്നത്; അപ്പോള്‍ അത് വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു' (മത്തായി 5:14-15).
ആ വാക്കുകള്‍ വായിച്ച ഞാന്‍ അവസാനം സോഷ്യല്‍ മീഡിയയില്‍ ക്ലാസിനെക്കുറിച്ചുള്ള ഒരു അറിയിപ്പ് ഇട്ടു. ഉടന്‍ തന്നെ ആളുകള്‍ നന്ദിയും ആവേശവും പ്രകടിപ്പിച്ചുകൊണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി. അവരുടെ പ്രതികരണങ്ങള്‍ കണ്ട് ഞാന്‍ യേശുവിന്റെ പഠിപ്പിക്കലിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു: 'മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ' (വാ. 16).
അങ്ങനെ ശരിയായ കാഴ്ചപ്പാടു ലഭിച്ച ഞാന്‍ സന്തോഷത്തോടെ ക്ലാസ്സ് പഠിപ്പിച്ചു. എന്റെ ലളിതമായ പ്രവൃത്തി, ദൈവത്തിനുവേണ്ടി തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രകാശകിരണമായിത്തീരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
-പട്രീഷ്യ റെയ്ബന്‍

ആവശ്യത്തിലിരിക്കുന്നവരെ സ്പര്‍ശിക്കുക
മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചപ്പോള്‍ ആരും അതിശയിച്ചില്ല. അതിന്റെ ശരിയായ രൂപത്തിലാണ് അവര്‍ അവാര്‍ഡ് വാങ്ങിയത്, ''വിശക്കുന്നവരുടെയും നഗ്‌നരുടെയും ഭവനരഹിതരുടെയും അന്ധരുടെയും കുഷ്ഠരോഗികളുടെയും ആര്‍ക്കും ആവശ്യമില്ലാത്ത, സ്‌നേഹിക്കാത്ത, സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാത്ത എല്ലാവരുടെയും പേരില്‍'' ആയിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും അവള്‍ ശുശ്രൂഷിച്ചിരുന്നത് അവരെയായിരുന്നു.
സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ എങ്ങനെ സ്‌നേഹിക്കാമെന്നും ശുശ്രൂഷിക്കാമെന്നും ഉള്ളതിന് യേശു മാതൃക കാണിച്ചു. രോഗികളെക്കാള്‍ ശബ്ബത്ത് നിയമത്തെ ബഹുമാനിച്ച സിനഗോഗ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി (ലൂക്കൊസ് 13:14), യേശു രോഗിയായ ഒരു സ്ത്രീയെ ദേവാലയത്തില്‍വെച്ചു കണ്ടപ്പോള്‍ അവന്റെ മനസ്സലിഞ്ഞു. ശാരീരിക വൈകല്യത്തിനപ്പുറത്തേക്ക് നോക്കിയ അവന്‍ ദൈവത്തിന്റെ മനോഹരമായ സൃഷ്ടി അടിമത്തത്തില്‍ ഇരിക്കുന്നതു കണ്ടു. അവന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ചു, അവള്‍ സുഖം പ്രാപിച്ചുവെന്ന് പറഞ്ഞു. അവന്‍ ''അവളുടെ മേല്‍ കൈവച്ചു. അവള്‍ ക്ഷണത്തില്‍ നിവര്‍ന്നു ദൈവത്തെ മഹത്വപ്പെടുത്തി'' (വാ. 13). അവളെ സ്പര്‍ശിച്ചതുകൊണ്ട്, അവന്‍ ശബ്ബത്തിനെ അശുദ്ധമാക്കി എന്നതില്‍ പള്ളിപ്രമാണി അസ്വസ്ഥനായി. ശബ്ബത്തിന്റെ കര്‍ത്താവായ യേശു (ലൂക്കൊസ് 6:5), രണ്ടു പതിറ്റാണ്ടോളം അസ്വസ്ഥതയും അപമാനവും നേരിട്ട ഒരു സ്ത്രീയെ സൗഖ്യമാക്കുവാന്‍ മനസ്സലിവോടെ തയ്യാറായി.
നമ്മുടെ മനസ്സലിവിന് അര്‍ഹതയില്ലാത്തവരെന്നു കരുതുന്ന ആളുകളെ നാം എത്രയോ തവണ കണ്ടുമുട്ടാറുണ്ടെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അല്ലെങ്കില്‍ മറ്റൊരാളുടെ നിലവാരം പാലിക്കാത്തതിനാല്‍ നാം തിരസ്‌കരണം അനുഭവിക്കുന്നുണ്ടാകം. സഹമനുഷ്യരെക്കാള്‍ നിയമങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന മതനേതാക്കളെപ്പോലെ നാമാകരുത്. പകരം, നമുക്ക് യേശുവിന്റെ മാതൃക പിന്തുടരുകയും മറ്റുള്ളവരോട് മനസ്സലിവോടും സ്‌നേഹത്തോടും മാന്യതയോടും കൂടെ പെരുമാറുകയും ചെയ്യാം.

ചട്ടക്കൂടിനു പുറത്തെ കൃപ
സുരേഷിന്റെ കമ്പനിയെ ഉപദേശിക്കുന്ന ഒരു നിയമ സ്ഥാപനത്തിലാണ് വിജയ് ജോലി ചെയ്തിരുന്നത്. അവര്‍ സുഹൃത്തുക്കളായിരുന്നു, വിജയ് കമ്പനിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതുവരെ മാത്രമേ ആ സൗഹൃദം നിലനിന്നുള്ളു. വാര്‍ത്ത സുരേഷിനെ വേദനിപ്പിക്കുകയും കോപിപ്പിക്കുകയും ചെയ്തു, എങ്കിലും ക്രിസ്തു വിശ്വാസിയായ തന്റെ ബോസ്സില്‍ നിന്ന് ബുദ്ധിപരമായ ഉപദേശം സുരേഷിനു ലഭിച്ചു. വിജയ് കടുത്ത ലജ്ജയും അനുതാപവും പ്രകടിപ്പിച്ചതായി ബോസ് ശ്രദ്ധിച്ചു. അതിനാല്‍ ആരോപണങ്ങള്‍ ഒഴിവാക്കി വിജയിനെ വീണ്ടും ജോലിയേല്‍പ്പിക്കാന്‍ അദ്ദേഹം സുരേഷിനെ ഉപദേശിച്ചു. ' അവന് ന്യായമായ ശമ്പളം നല്‍കുക, അങ്ങനെ അയാള്‍ക്ക് കടം വീട്ടാനുള്ള അവസരം നല്‍കുക. നിങ്ങള്‍ക്ക് ഒരിക്കലും ഇതിലധികം കൂടുതല്‍ നന്ദിയും വിശ്വസ്തതയുമുള്ള ഒരു ജീവനക്കാരന്‍ കിട്ടുകയില്ല. സുരേഷ് അങ്ങനെ ചെയ്തു, വിജയിന്റെ കാര്യത്തിലും അതു തന്നെ സംഭവിച്ചു.
ശൗല്‍ രാജാവിന്റെ കൊച്ചുമകനായ മെഫീബോശെത്ത് ഒരു തെറ്റും ചെയ്തിട്ടില്ല, പക്ഷേ ദാവീദ് രാജാവായപ്പോള്‍ അവന്‍ കടുത്ത പ്രതിസന്ധിയിലായി. മിക്ക രാജാക്കന്മാരും രാജകീയ പരമ്പരയെ കൊല്ലുമായിരുന്നു. എന്നാല്‍ ദാവീദ് ശൗലിന്റെ മകന്‍ യോനാഥാനെ സ്നേഹിക്കുകയും ജീവിച്ചിരിക്കുന്ന അവന്റെ മകനെ തന്റെ മകനായി പരിഗണിക്കുകയും ചെയ്തു (2 ശമൂവേല്‍ 9:1-13 കാണുക). അവന്റെ കൃപ ഒരു ആജീവനാന്ത സുഹൃത്തിനെ നേടി. ''അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യര്‍ ആയിരുന്നു; എങ്കിലും അടിയനെ അവിടുത്തെ മേശയിങ്കല്‍ ഭക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ആക്കി'' (19:28) എന്നു മെഫീബോശെത്ത് അതിശയിക്കുന്നു. ദാവീദിന്റെ പുത്രനായ അബ്ശാലോം യെരൂശലേമില്‍ നിന്ന് ദാവീദിനെ ഓടിച്ചപ്പോഴും അവന്‍ ദാവീദിനോട് വിശ്വസ്തനായി തുടര്‍ന്നു (2 ശമൂവേല്‍ 16:1-4; 19:24-30).
വിശ്വസ്തനായ ഒരു ആജീവനാന്ത സുഹൃത്തിനെ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? അസാധാരണനായ ആരെങ്കിലും നിങ്ങളോട് അസാധാരണമായ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ടേക്കാം. ശിക്ഷിക്കുക എന്ന് സാമാന്യബുദ്ധി പറയുമ്പോള്‍ കൃപ തിരഞ്ഞെടുക്കുക. അവരെ ഉത്തരവാദിയാക്കി പിടിക്കുക, എന്നാല്‍ ക്ഷമയ്ക്ക് അര്‍ഹതയില്ലാത്തവര്‍ക്ക് കാര്യങ്ങള്‍ ശരിയാക്കാന്‍ അവസരം നല്‍കുക. കൂടുതല്‍ നന്ദിയുള്ള, അര്‍പ്പണബോധമുള്ള ഒരു സുഹൃത്തിനെ നിങ്ങള്‍ക്ക് മറ്റൊരിടത്തും കണ്ടെത്താന്‍ കഴിയില്ല. ചട്ടക്കൂടിനു പുറത്ത് കൃപയോടെ ചിന്തിക്കുക.

ദുഃഖവേളകളില്‍ ദൈവത്തിലാശ്രയിക്കുക
''പപ്പാ ജോണ്‍'' എന്നറിയപ്പെട്ടിരുന്ന ഒരാള്‍ തനിക്ക് ഗുരുതരമായ ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍, അദ്ദേഹവും ഭാര്യ കരോളും അവരുടെ രോഗത്തിന്റെ നാള്‍വഴി ഓണ്‍ലൈനില്‍ പങ്കിടാന്‍ ദൈവം അവരോടു പറയുന്നതായി മനസ്സിലാക്കി. അവരുടെ സുതാര്യതയിലൂടെ ദൈവം അനേകരെ ശുശ്രൂഷിക്കും എന്നു വിശ്വസിച്ചുകൊണ്ട് അവര്‍ തങ്ങളുടെ സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും വേദനയുടെയും നിമിഷങ്ങള്‍ രണ്ടു വര്‍ഷത്തോളം പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു.
തന്റെ ഭര്‍ത്താവ് ''യേശുവിന്റെ വിരിക്കപ്പെട്ട കൈകളിലേക്ക് കടന്നുപോയി'' എന്ന് കരോള്‍ എഴുതിയപ്പോള്‍, നൂറുകണക്കിന് ആളുകള്‍ അവരുടെ തുറന്നുപറച്ചിലിന് കരോളിനോട് നന്ദി പറഞ്ഞുകൊണ്ടു പ്രതികരിച്ചു. മരിക്കുന്നതിനെക്കുറിച്ച് ക്രിസ്തീയ വീക്ഷണകോണില്‍ നിന്ന് കേള്‍ക്കുന്നത് ആരോഗ്യകരമാണെന്ന് ഒരു വ്യക്തി അഭിപ്രായപ്പെട്ടു, കാരണം ''നാമെല്ലാവരും ഒരു ദിവസം മരിക്കണം.' മറ്റൊരാള്‍ പറഞ്ഞത്, താന്‍ ഒരിക്കലും ദമ്പതികളെ വ്യക്തിപരമായി കണ്ടിട്ടില്ലെങ്കിലും, അവരുടെ സാക്ഷ്യത്തിലൂടെ ദൈവത്തെ വിശ്വസിക്കുന്നതിന് അവള്‍ക്ക് എത്രമാത്രം പ്രോത്സാഹനം ലഭിച്ചു എന്നാണ്.
പപ്പാ ജോണിന് ചിലപ്പോള്‍ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും, ദൈവം അവരെ എങ്ങനെ പിന്തുണച്ചു എന്ന് തെളിയിക്കുന്നതിനായി അദ്ദേഹവും കരോളും അവരുടെ കഥ പങ്കുവെച്ചു. തങ്ങളുടെ സാക്ഷ്യം ദൈവത്തിനുവേണ്ടി ഫലം കായിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ 'ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവന്‍ എന്റെ ഉപനിധി, ആ ദിവസംവരെ സൂക്ഷിക്കുവാന്‍ ശക്തന്‍ എന്ന് ഉറച്ചുമിരിക്കുന്നു' (2 തിമൊഥെയൊസ് 1:12) എന്നു പൗലൊസ് തിമൊഥെയൊസിന് എഴുതിയതിനെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു അവരുടെ സാക്ഷ്യം.
ക്രിസ്തുയേശുവില്‍ നമുക്കു ലഭ്യമായ കൃപയിലൂടെ ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ (മറ്റുള്ളവരുടെ വിശ്വാസത്തെയും) ശക്തിപ്പെടുത്തുന്നതിന് പ്രിയപ്പെട്ട ഒരാളുടെ മരണത്തെപ്പോലും ദൈവത്തിന് ഉപയോഗിക്കാന്‍ കഴിയും (വാ. 9). നിങ്ങള്‍ വേദനയും പ്രയാസവും അനുഭവിക്കുകയാണെങ്കില്‍, അവന് ആശ്വാസവും സമാധാനവും നല്‍കാന്‍ കഴിയുമെന്ന് അറിയുക.

ദൈവത്തിന്റെ ലോകത്തെ വളര്‍ത്തിയെടുക്കുക
''ഡാഡീ, ഡാഡി എന്തുകൊണ്ടാണ് ജോലിക്ക് പോകേണ്ടിവരുന്നത്?'' എന്റെ ചെറിയ മകള്‍, അവളുടെ കൂടെ ഞാന്‍ കളിക്കാന്‍ ചെല്ലേണ്ടതിന് എന്നെ പ്രേരിപ്പിക്കാനായി ചോദിച്ചു. ജോലി ഒഴിവാക്കി അവളോടൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു, പക്ഷേ ജോലിസ്ഥലത്ത് എന്റെ ശ്രദ്ധ ആവശ്യമായ കാര്യങ്ങളുടെ പട്ടിക അനുദിനം വര്‍ദ്ധിച്ചു വരികയായിരുന്നു. എന്നിരുന്നാലും മകള്‍ ചോദിച്ചത് ഒരു നല്ല ചോദ്യമാണ്. എന്തുകൊണ്ടാണ്് നാം ജോലി ചെയ്യേണ്ടത്? നമുക്കും നമ്മുടെ പ്രിയപ്പെട്ട ആളുകള്‍ക്കും ആവശ്യമായവ നല്‍കുക എന്നതു മാത്രമാണോ? ശമ്പളം ലഭിക്കാത്ത അധ്വാനത്തെക്കുറിച്ച് എന്തുപറയുന്നു? - എന്തുകൊണ്ടാണ് നാം അത് ചെയ്യുന്നത്?
യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി 'ഏദെന്‍ തോട്ടത്തില്‍ വേല ചെയ്യുവാനും അതിനെ കാക്കുവാനും' അവിടെയാക്കി എന്ന് ഉല്പത്തി 2 നമ്മോടു പറയുന്നു. എന്റെ ഭാര്യാപിതാവ് ഒരു കൃഷിക്കാരനാണ്, ഭൂമിയേയും കന്നുകാലികളേയും സ്‌നേഹിക്കുന്നതിനാലാണ് താന്‍ കൃഷി ചെയ്യുന്നതെന്ന് അദ്ദേഹം പലപ്പോഴും എന്നോട് പറയാറുണ്ട്. അത് മനോഹരമാണ്, പക്ഷേ ഇത് സ്വന്തം ജോലിയെ ഇഷ്ടപ്പെടാത്തവരുടെ മുമ്പില്‍ നീണ്ടുനില്‍ക്കുന്ന ചോദ്യങ്ങള്‍ ഇട്ടുകൊടുക്കുന്നു. എന്തുകൊണ്ടാണ് ദൈവം ഒരു പ്രത്യേക ദൗത്യവുമായി ഞങ്ങളെ ഒരു പ്രത്യേക സ്ഥലത്ത് ആക്കിയത്?
ഉല്പത്തി 1 അതിനുള്ള ഉത്തരം നമുക്ക് നല്‍കുന്നു. അവന്‍ സൃഷ്ടിച്ച ലോകത്തെ ശ്രദ്ധാപൂര്‍വ്വം പരിപാലിക്കുന്നതിനാണ് നാം ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടത് (വാ. 26). ലോക സൃഷ്ടിയെക്കുറിച്ചുള്ള ജാതീയ കഥകള്‍ ''ദേവന്മാര്‍'' മനുഷ്യരെ സൃഷ്ടിച്ചത് അവരുടെ അടിമകളായിരിക്കുന്നതിനുവേണ്ടിയാണെന്നു പ്രഖ്യാപിക്കുന്നു. എന്നാല്‍ ഏക സത്യ ദൈവം മനുഷ്യരെ തന്റെ പ്രതിനിധികളാക്കി - തനിക്കുവേണ്ടി താന്‍ ഉണ്ടാക്കിയ കാര്യങ്ങളെ സൂക്ഷിക്കാനായി. - മാറ്റിയതായി ഉല്പത്തി പ്രഖ്യാപിക്കുന്നു. അവിടുത്തെ ജ്ഞാനവും സ്‌നേഹമുള്ള ക്രമവും നമുക്കു ലോകത്തിലേക്ക് പ്രതിഫലിപ്പിക്കാം. അവന്റെ മഹത്വത്തിനായി ലോകത്തെ നട്ടുവളര്‍ത്തുന്നതിനുള്ള ഒരു ആഹ്വാനമാണ് ജോലി.