Category  |  odb

ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള വാഗ്ദത്തം

1962 നവംബറിൽ, ഭൗതികശാസ്ത്രജ്ഞനായ ജോൺ ഡബ്ല്യു. മൗച്ച്‌ലി പറഞ്ഞു, “ഒരു ശരാശരി ആൺകുട്ടിക്കോ പെൺകുട്ടിക്കോ ഒരു പേഴ്‌സണൽ കമ്പ്യൂട്ടറിന്റെ മാസ്റ്റർ ആകാൻ കഴിയില്ലെന്ന് ഊഹിക്കാൻ ഒരു കാരണവുമില്ല.’’ മൗച്ച്‌ലിയുടെ പ്രവചനം അക്കാലത്ത് ശ്രദ്ധേയമായി തോന്നിയെങ്കിലും അത് അതിശയകരമാംവിധം കൃത്യമാണെന്ന് തെളിഞ്ഞു. ഇന്ന്, ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ കൈയിൽ കൊണ്ടുനടക്കാവുന്ന ഒരു ഉപകരണം ഉപയോഗിക്കുന്നത് ഒരു കുട്ടി പഠിക്കുന്ന ആദ്യകാല കഴിവുകളിൽ ഒന്നാണ്. 
മൗച്ച്‌ലിയുടെ പ്രവചനം സത്യമായതുപോലെ, ക്രിസ്തുവിന്റെ വരവിനെപ്പറ്റി തിരുവെഴുത്തുകളിൽ പ്രവചിച്ചിരിക്കുന്ന, അതിലേറെ പ്രധാനപ്പെട്ട പ്രവചനങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, മീഖാ 5:2 പ്രഖ്യാപിച്ചു, ''നീയോ, ബേത്ത്‌ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.’’ ചെറിയ ബെത്‌ലഹേമിൽ പിറന്ന യേശുവിനെ ദൈവം അയച്ചതാണ് - ദാവീദിന്റെ രാജവംശത്തിൽ നിന്നാണ് അവൻ ഉ്ഭവിച്ചതെന്ന് അതു തെളിയിച്ചു (ലൂക്കൊസ് 2:4-7 കാണുക). 
യേശുവിന്റെ ആദ്യ വരവ് കൃത്യമായി പ്രവചിച്ച അതേ ബൈബിൾ തന്നേ അവന്റെ മടങ്ങിവരവും വാഗ്ദാനം ചെയ്യുന്നു (പ്രവൃത്തികൾ 1:11). യേശു തന്റെ ആദ്യ അനുഗാമികളോട് താൻ അവർക്കുവേണ്ടി മടങ്ങിവരുമെന്ന് വാഗ്ദത്തം ചെയ്തു (യോഹന്നാൻ 14:1-4). 
ഈ ക്രിസ്മസിൽ യേശുവിന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള കൃത്യമായി പ്രവചിക്കപ്പെട്ട വസ്തുതകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമുക്ക് അവന്റെ വാഗ്ദത്തമായ മടങ്ങിവരവിനെയും കുറിച്ചു ചിന്തിക്കാം, നാം അവനെ മുഖാമുഖം കാണുന്ന ആ മഹത്തായ നിമിഷത്തിനായി നമ്മെ ഒരുക്കുവാൻ അവനെ അനുവദിക്കുക!  

ക്രിസ്തുമസ് നക്ഷത്രം

“നീ ആ നക്ഷത്രം കണ്ടെത്തുകയാണെങ്കിൽ, നിനക്ക് എല്ലായ്‌പ്പോഴും വീട്ടിലേക്കുള്ള വഴി കണ്ടെത്താനാകും.’’ കുട്ടിക്കാലത്ത് ധ്രുവനക്ഷത്രം എങ്ങനെ കണ്ടെത്താമെന്ന് എന്നെ പഠിപ്പിച്ചപ്പോൾ പിതാവ് പറഞ്ഞ വാക്കുകളായിരുന്നു അത്. പിതാവ് യുദ്ധസമയത്ത് സായുധ സേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, രാത്രി ആകാശത്തെ നോക്കിക്കൊണ്ടു സഞ്ചരിക്കാൻ കഴിയുന്നതിനെ ആശ്രയിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അതിനാൽ, നിരവധി നക്ഷത്രസമൂഹങ്ങളുടെ പേരുകളും സ്ഥാനങ്ങളും എനിക്കറിയാമെന്ന് അദ്ദേഹം ഉറപ്പു വരുത്തി, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം പോളാരിസിനെ (ഉത്തരധ്രുവ നക്ഷത്രം) കണ്ടെത്താൻ എനിക്കു കഴിയുന്നുണ്ടോ എന്നതായിരുന്നു. ആ നക്ഷത്രത്തിന്റെ സ്ഥാനം അറിയുന്നത് അർത്ഥമാക്കുന്നത് ഞാൻ എവിടെയായിരുന്നാലും ദിശാബോധം നേടാനും ഞാൻ എത്തേണ്ട സ്ഥലം കണ്ടെത്താനും എനിക്ക് കഴിയും എന്നാണ്. 
സുപ്രധാനമായ മറ്റൊരു നക്ഷത്രത്തെക്കുറിച്ച് തിരുവെഴുത്ത് പറയുന്നു. ''കിഴക്കുനിന്നുള്ള വിദ്വാന്മാർ'' (ഇന്ന് ഇറാനും ഇറാഖും വലയം ചെയ്യുന്ന ഒരു പ്രദേശത്തു നിന്നുള്ളവർ) തന്റെ ജനത്തിന് ദൈവത്തിന്റെ രാജാവായിരിക്കേണ്ടവന്റെ ജനനത്തിന്റെ അടയാളങ്ങൾ ആകാശത്ത് നിരീക്ഷിച്ചുകൊണ്ടിരുന്നു. അവർ യെരൂശലേമിൽ വന്നു ചോദിച്ചു: “യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്‌കരിപ്പാൻ വന്നിരിക്കുന്നു'' (മത്തായി 2:1-2). 
ബെത്‌ലഹേമിലെ നക്ഷത്രം പ്രത്യക്ഷപ്പെടാൻ കാരണമെന്താണെന്ന് ജ്യോതിശാസ്ത്രജ്ഞർക്ക് അറിയില്ല, എന്നാൽ ലോകത്തിന് യേശുവിനെ –“ശുഭ്രമായ ഉദയ നക്ഷത്രം’’ - ചൂണ്ടിക്കാണിക്കാൻ അതിനെ ദൈവം സൃഷ്ടിച്ചുവെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു (വെളിപ്പാട് 22:16). നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാനും ദൈവത്തിലേക്ക് തിരികെ നയിക്കാനുമാണ് ക്രിസ്തു വന്നത്. അവനെ പിന്തുടരുക, നിങ്ങൾ വീട്ടിലേക്കുള്ള വഴി കണ്ടെത്തും. 

യേശുവിലുള്ള കൂട്ടായ്മ

ഞായറാഴ്ച രാവിലത്തെ ഞങ്ങളുടെ ആരാധനയ്ക്കുശേഷം വിളക്കുകൾ അണയ്ക്കുന്നതിനും പള്ളി പൂട്ടുന്നതിനും ഉത്തരവാദിത്വപ്പെട്ടവർ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ ആ വ്യക്തിയെക്കുറിച്ച് എനിക്ക് ഒരു കാര്യം അറിയാം: അദ്ദേഹത്തിന്റെ ഞായറാഴ്ചത്തെ അത്താഴം വൈകും. കാരണം, നിരവധി ആളുകൾ ആരാധന കഴിഞ്ഞ് ചുറ്റിക്കറങ്ങാനും ജീവിത തീരുമാനങ്ങൾ, ഹൃദയപ്രശ്‌നങ്ങൾ, പോരാട്ടങ്ങൾ എന്നിവയെക്കുറിച്ചും മറ്റും പരസ്പരം സംസാരിക്കാനും ഇഷ്ടപ്പെടുന്നു. ആരാധന കഴിഞ്ഞ് ഇരുപത് മിനിറ്റിനുശേഷം ചുറ്റും നോക്കിയാൽ നിരവധി ആളുകൾ ഇപ്പോഴും പരസ്പരം സംസാരിച്ചിരിക്കുന്നത് കാണുന്നത് സന്തോഷകരമാണ്. 
ക്രിസ്തുതുല്യമായ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമാണ് കൂട്ടായ്മ. സഹവിശ്വാസികളോടൊപ്പം സമയം ചിലവഴിക്കുന്നതിലൂടെ ലഭിക്കുന്ന പരസ്പര ബന്ധം ഇല്ലെങ്കിൽ, ഒരു വിശ്വാസി എന്ന നിലയിലുള്ള നിരവധി നേട്ടങ്ങൾ നമുക്ക് നഷ്ടമാകും. 
ഉദാഹരണത്തിന്, നമുക്ക് ''അന്യോന്യം പ്രബോധിപ്പിക്കാനും അന്യോന്യം ആത്മിക വർദ്ധനവരുത്താനും'' കഴിയുമെന്ന് പൗലൊസ് പറയുന്നു (1 തെസ്സലൊനീക്യർ 5:11). “തമ്മിൽ പ്രബോധിപ്പിക്കുവാൻ'' (10:25) ഒരുമിച്ചുകൂടുന്നത് അവഗണിക്കരുതെന്ന് പറഞ്ഞുകൊണ്ട് എബ്രായ ലേഖന കർത്താവ് അതിനോടു യോജിക്കുന്നു. നമ്മൾ ഒരുമിച്ചായിരിക്കുമ്പോൾ, “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പിൻ’ (വാ. 24) എന്ന് എഴുത്തുകാരൻ പറയുന്നു. 
യേശുവിനു വേണ്ടി ജീവിക്കാൻ സമർപ്പിതരായ ആളുകൾ എന്ന നിലയിൽ, “ബലഹീനരെ താങ്ങുവാനും,'' “എല്ലാവരോടും ദീർഘക്ഷമ കാണിക്കാനും’’ (1 തെസ്സലൊനീക്യർ 5:14) വിശ്വസ്തതയ്ക്കും സേവനത്തിനും നാം സ്വയം തയ്യാറെടുക്കുന്നു. അവൻ നമ്മെ സഹായിക്കുന്നതനുസരിച്ച് ആ വിധത്തിൽ ജീവിക്കുന്നത്, യഥാർത്ഥ കൂട്ടായ്മ ആസ്വദിക്കാനും “തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്യാനും’’ (വാക്യം 15) അനുവദിക്കുന്നു. 

മതിൽ ഇടിച്ചു, ഐക്യം കണ്ടെത്തി

1961 മുതൽ, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബർലിൻ മതിൽ വേർപെടുത്തി. കിഴക്കൻ ജർമ്മൻ ഗവൺമെന്റ് ആ വർഷം സ്ഥാപിച്ച ഈ തടസ്സം അതിന്റെ പൗരന്മാരെ പശ്ചിമ ജർമ്മനിയിലേക്ക് പലായനം ചെയ്യുന്നതിൽ നിന്ന് തടഞ്ഞു. വാസ്തവത്തിൽ, 1949 മുതൽ ഈ മതിൽ നിർമ്മിക്കപ്പെട്ട ദിവസം വരെ, 2.5 ദശലക്ഷത്തിലധികം കിഴക്കൻ ജർമ്മൻകാർ പടിഞ്ഞാറോട്ട് കുടിയേറിയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987-ൽ മതിലിനു സമീപം നിന്നുകൊണ്ട് പ്രസിദ്ധമായ ഈ വാക്കുകൾ പറഞ്ഞു, “ഈ മതിൽ പൊളിക്കുക.'' 1989-ൽ മതിൽ പൊളിച്ചതോടെ ഈ വാക്കുകൾ യാഥാർത്ഥ്യമായി. ജർമ്മനിയുടെ ആഹ്ലാദകരമായ പുനരേകീകരണത്തിലേക്ക് നയിച്ച മാറ്റത്തിന്റെ അടിസ്ഥാനത്തെ അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിഫലിപ്പിച്ചു. 
യേശു തകർത്ത ഒരു “വിദ്വേഷത്തിന്റെ മതിലിനെ’’ കുറിച്ച് പൗലൊസ് എഴുതി (എഫെസ്യർ 2:14). യെഹൂദന്മാർക്കും (ദൈവം തിരഞ്ഞെടുത്ത ആളുകൾ) വിജാതീയർക്കും (മറ്റെല്ലാ ആളുകൾക്കും) ഇടയിലാണ് മതിൽ നിലനിന്നിരുന്നത്. യെരൂശലേമിൽ വലിയ ഹെരോദാവ് സ്ഥാപിച്ച പുരാതന ആലയത്തിലെ വിഭജന മതിൽ (സോറെഗ്) അതിനെ പ്രതീകപ്പെടുത്തുന്നു. അകത്തെ പ്രാകാരങ്ങൾ കാണാൻ കഴിയുമെങ്കിലും, അത് വിജാതീയരെ ആലയത്തിന്റെ പുറത്തെ പ്രാകാരങ്ങൾക്കപ്പുറത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. എന്നാൽ യേശു യെഹൂദന്മാർക്കും വിജാതീയർക്കും ഇടയിലും ദൈവത്തിനും എല്ലാ മനുഷ്യർക്കും ഇടയിൽ “സമാധാനവും’’ അനുരഞ്ജനവും കൊണ്ടുവന്നു. അവൻ അങ്ങനെ ചെയ്തത് “ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ'' (വാ. 14, 16). “അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. ... നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു'' (വാ. 17-18). 
ഇന്ന് പല കാര്യങ്ങളും നമ്മെ ഭിന്നിപ്പിച്ചേക്കാം. നമുക്ക് ആവശ്യമുള്ളത് ദൈവം നൽകുന്നതിനാൽ, യേശുവിൽ കണ്ടെത്തിയ സമാധാനവും ഐക്യവും അനുസരിച്ചു ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം (വാ. 19-22). 

പ്രത്യാശയുടെ വെളിച്ചം

ക്യാൻസർ കെയർ സെന്ററിലെ കട്ടിലിനരികിൽ അമ്മയുടെ തിളങ്ങുന്ന ചുവന്ന കുരിശ് തൂക്കിയിടേണ്ടതായിരുന്നു. അമ്മയുടെ ചികിത്സാ ക്രമീകരണങ്ങൾക്കിടയിൽ ക്രമീകരിച്ച അവധിക്കാല സന്ദർശനങ്ങൾക്കായി ഞാൻ തയ്യാറെടുക്കേണ്ടതായിരുന്നു. ക്രിസ്മസിന് ഞാൻ ആഗ്രഹിച്ചത് എന്റെ അമ്മയോടൊപ്പം മറ്റൊരു ദിവസം മാത്രമാണ്. പകരം ഞാൻ വീട്ടിലായിരുന്നു. . . അമ്മയുടെ കുരിശ് ഒരു ക്രിസ്തുമസ് ട്രീയിൽ തൂക്കിയിരിക്കുന്നു. 
എന്റെ മകൻ സേവ്യർ ലൈറ്റ് ഇട്ടപ്പോൾ ഞാൻ മന്ത്രിച്ചു, “താങ്ക്‌സ്.’’ അവൻ പറഞ്ഞു, “യു ആർ വെൽകം.’’ മിന്നുന്ന ബൾബുകൾ ഉപയോഗിച്ച് എന്റെ കണ്ണുകളെ പ്രത്യാശയുടെ എക്കാലവും നിലനിൽക്കുന്ന വെളിച്ചത്തിലേക്ക് - യേശുവിലേക്ക് - തിരിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുകയാണെന്ന് എന്റെ മകന് അറിയില്ലായിരുന്നു. 
42-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ തന്റെ സ്വാഭാവിക വികാരങ്ങളെ ദൈവത്തോട് പ്രകടിപ്പിച്ചു (വാ. 1-4). വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പ് അവൻ തന്റെ “തളർന്നതും വിഷാദിച്ചതുമായ’’ ആത്മാവിനെ അംഗീകരിച്ചു: “ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു’’ (വാ. 5). അവൻ ദുഃഖത്തിന്റെയും കഷ്ടപ്പാടുകളുടെയും തിരമാലകളാൽ കീഴടക്കപ്പെട്ടെങ്കിലും, സങ്കീർത്തനക്കാരന്റെ പ്രത്യാശ ദൈവത്തിന്റെ ഭൂതകാല വിശ്വസ്തതയുടെ സ്മരണയിലൂടെ പ്രകാശിച്ചു (വാ. 6-10). തന്റെ സംശയങ്ങളെ ചോദ്യം ചെയ്തുകൊണ്ടും തന്റെ ശുദ്ധീകരിക്കപ്പെട്ട വിശ്വാസത്തിന്റെ ദൃഢത ഉറപ്പിച്ചുകൊണ്ടും അവൻ അവസാനിപ്പിച്ചു: “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും'' (വാ. 11). 
നമ്മിൽ പലർക്കും, ക്രിസ്തുമസ് സീസൺ സന്തോഷവും സങ്കടവും ഉണർത്തുന്നു. സന്തോഷകരമെന്നു പറയട്ടെ, പ്രത്യാശയുടെ യഥാർത്ഥ വെളിച്ചമായ യേശുവിന്റെ വാഗ്ദത്തങ്ങളിലൂടെ ഈ സമ്മിശ്ര വികാരങ്ങൾ പോലും നിരപ്പിക്കാനും വീണ്ടെടുക്കാനും നമുക്കു കഴിയും.