Category  |  odb

വിശ്വാസത്തിന്റെ കുതിപ്പ്

ഒരു മഴക്കാട്ടിലെ ഏറ്റവും ഉയർന്ന സ്ഥലത്ത് നിന്ന് ഒരു കേബിളിൽ തുങ്ങി സഞ്ചരിക്കാൻ ഞാൻ തയ്യാറെടുക്കുമ്പോൾ എന്റെ ഉള്ളിൽ ഭയം നിഴലിച്ചു. ഞാൻ പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടുന്നതിന് സെക്കൻഡുകൾക്ക് മുമ്പ്, തെറ്റിപ്പോയേക്കാവുന്ന എല്ലാറ്റിനെയും കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിൽ നിറഞ്ഞു. എന്നാൽ എനിക്ക് സംഭരിക്കാൻ കഴിയുന്ന മുഴുവൻ ധൈര്യത്തോടെ ഞാൻ മുന്നോട്ടു കുതിച്ചു. കാടിന്റെ നെറുകയിൽ നിന്ന് താഴേക്ക് ഇറങ്ങി, പച്ചപ്പ് നിറഞ്ഞ മരങ്ങൾക്കിടയിലൂടെ ഞാൻ ചീറിപ്പാഞ്ഞു, മുടികളെ കാറ്റ് തഴുകിയപ്പോൾ എന്റെ ആശങ്കകൾ പതുക്കെ മാഞ്ഞുപോയി. ഗുരുത്വാകർഷണം എന്നെ വഹിക്കാൻ അനുവദിച്ചുകൊണ്ട് ഞാൻ വായുവിലൂടെ നീങ്ങുമ്പോൾ, അടുത്ത പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള എന്റെ കാഴ്ച കൂടുതൽ വ്യക്തമായി, ഞാൻ സുരക്ഷിതമായി എത്തിച്ചേരുമെന്ന് എനിക്കു മനസ്സിലായി.

സിപ്പ് ലൈനിലെ എന്റെ സമയം, പുതിയതും വെല്ലുവിളി നിറഞ്ഞതുമായ പ്രയത്‌നങ്ങൾ ഏറ്റെടുക്കാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്ന സമയങ്ങളെ ചിത്രീകരിച്ചു. നമുക്ക് സംശയവും അനിശ്ചിതത്വവും അനുഭവപ്പെടുമ്പോൾ ദൈവത്തിൽ ആശ്രയിക്കാനും “[നമ്മുടെ] സ്വന്തവിവേകത്തിൽ ഊന്നാതിരിക്കാനും'' (സദൃശവാക്യങ്ങൾ 3:5) തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ മനസ്സിൽ ഭയവും സംശയവും നിറയുമ്പോൾ, നമ്മുടെ പാതകൾ അവ്യക്തവും വളഞ്ഞുപുളഞ്ഞതുമാകാം. എന്നാൽ നമ്മുടെ വഴി ദൈവത്തിനു സമർപ്പിച്ചുകൊണ്ട് വിശ്വാസത്തിൽ മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തുകഴിഞ്ഞാൽ, “അവൻ [നമ്മുടെ] പാതകളെ നേരെയാക്കും” (വാ. 6). പ്രാർത്ഥനയിലും തിരുവെഴുത്തുകളിലും സമയം ചിലവഴിക്കുന്നതിലൂടെ ദൈവം ആരാണെന്ന് മനസിലാക്കുന്നതിലൂടെ വിശ്വാസത്തിന്റെ കുതിച്ചുചാട്ടം നടത്തുന്നതിനായി നാം കൂടുതൽ ആത്മവിശ്വാസം നേടുന്നു.

ജീവിതത്തിന്റെ വെല്ലുവിളികളിൽപ്പോലും നമുക്ക് സ്വാതന്ത്ര്യവും സമാധാനവും കണ്ടെത്താനാകും, നാം ദൈവത്തിൽ പറ്റച്ചേർന്നിരിക്കുകയും നമ്മുടെ ജീവിതത്തിലെ മാറ്റങ്ങളിലൂടെ നമ്മെ നയിക്കാൻ അവനെ അനുവദിക്കുകയും ചെയ്യുന്നു. 

നമ്മുടെ സുരക്ഷിത സ്ഥാനം

അധ്യാപക ജോലിയിൽനിന്നു വിരമിച്ച ഡെബ്ബി സ്റ്റീഫൻസ് ബ്രൗഡർ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ചു കഴിയുന്നത്ര ആളുകൾക്കു ബോധവല്കക്രണം നടത്താനുള്ള ഒരു ദൗത്യത്തിലാണ്. കാരണം? ചൂട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്താണ് അമേരിക്കയിലെ കടുത്ത ചൂട്. മറുപടിയായി അവൾ പറയുന്നു, “ഞാൻ മരങ്ങളിൽ നിന്നാണ് തുടങ്ങുന്നത്.” മരങ്ങൾ നൽകുന്ന താപ സംരക്ഷണത്തിന്റെ മേലാപ്പ് സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമാണ്. ''ഇത് ജീവന്മരണ പ്രശ്‌നം ആണ്. ഇത് സമൂഹത്തെ കേവലം സുന്ദരമാക്കാനുള്ള ശ്രമമല്ല.''

തണൽ കേവലം ഉന്മേഷദായകം മാത്രമല്ല, മറിച്ച് ജീവൻ രക്ഷാ ഉപാധികൂടിയാണ് എന്ന വസ്തുത സങ്കീർത്തനം 121 എഴുതിയ സങ്കീർത്തനക്കാരന് നന്നായി അറിയാമായിരുന്നു; മധ്യപൂർവ്വദേശത്ത്, സൂര്യാഘാതത്തിനുള്ള സാധ്യത സ്ഥിരമായി നില്ക്കുന്നു. ഈ യാഥാർത്ഥ്യം, ദൈവം നമ്മുടെ ഉറപ്പായ സുരക്ഷിതസ്ഥാനമാണെന്നുള്ള വ്യക്തമായ വിവരണത്തിന് ആഴം വർദ്ധിപ്പിക്കുന്നു - കാരണം അവന്റെ സംരക്ഷണയിൽ ''പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല'' (വാ. 6).

യേശുവിൽ വിശ്വസിക്കുന്നവർ ഈ ജീവിതത്തിലെ വേദനയിൽ നിന്നോ നഷ്ടത്തിൽ നിന്നോ സ്വാഭാവിക പ്രതിരോധം ഉണ്ടെന്നോ അല്ലെങ്കിൽ ചൂട് അപകടകരമാകയില്ല എന്നോ ഇത് അർത്ഥമാക്കുന്നില്ല. “ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്” (യോഹന്നാൻ 16:33) എന്നു ക്രിസ്തു നമ്മോടു പറഞ്ഞിട്ടുമുണ്ട്. എന്നാൽ നമ്മുടെ തണലായി ദൈവത്തെ ചിത്രീകരിക്കുന്ന ഈ സാദൃശ്യം, നമ്മുടെ വഴി എന്തുതന്നെയായാലും, നമ്മുടെ ജീവിതത്തെ അവൻ ജാഗ്രതയോടെ പരിപാലിക്കുന്നു എന്നു നമുക്ക് ഉറപ്പുനൽകുന്നു (സങ്കീർത്തനം 121:7-8). അവന്റെ സ്‌നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ യാതൊന്നിനും കഴിയില്ലെന്നറിഞ്ഞുകൊണ്ട് അവനിൽ വിശ്വസിക്കുന്നതിലൂടെ നമുക്ക് അവിടെ വിശ്രമം കണ്ടെത്താനാകും (യോഹന്നാൻ 10:28; റോമർ 8:39). 

പരീശോധനകളിലൂടെ ശക്തരാകുക

ഞാൻ ചില പഴയ കവറുകൾ തപ്പുമ്പോൾ ''എനിക്ക് ഒരു നേത്ര പരിശോധന നടത്തി'' എന്നെഴുതിയ ഒരു സ്റ്റിക്കർ കണ്ടപ്പോൾ ഓർമ്മകൾ എന്നിലേക്ക് ഇരമ്പിയെത്തി. തുള്ളിമരുന്നുകൾ കണ്ണിലുണ്ടാക്കുന്ന എരിച്ചിൽ സഹിച്ച് നാല് വയസ്സുള്ള മകൻ അഭിമാനത്തോടെ ഈ സ്റ്റിക്കർ ഷർട്ടിൽ പതിച്ചു നടക്കുന്നത് ഞാൻ എന്റെ മനസ്സിൽ കണ്ടു. ഒരു കണ്ണിന്റെ ദുർബലമായ പേശികൾ കാരണം, അവന് ദിവസവും മണിക്കൂറുകളോളം തന്റെ ആരോഗ്യമുള്ള കണ്ണിനു മുകളിൽ ഒരു പാച്ച് ധരിക്കേണ്ടി വന്നു-ദുർബലമായ കണ്ണ് ശക്തിപ്പെടുന്നതിനുവേണ്ടിയായിരുന്നു അങ്ങനെ ചെയ്തിരുന്നത്. അവന് ശസ്ത്രക്രിയയും ആവശ്യമായി വന്നു. അവൻ ഈ വെല്ലുവിളികളെ ഒന്നൊന്നായി നേരിട്ടു, ആശ്വാസത്തിനായി അവന്റെ മാതാപിതാക്കളെന്ന നിലയിൽ ഞങ്ങളെ നോക്കുകയും ശിശുസമാന വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്തു. ഈ വെല്ലുവിളികളിലൂടെ അവൻ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തു.

പരിശോധനകളും കഷ്ടതകളും സഹിക്കുന്ന ആളുകൾ പലപ്പോഴും ആ അനുഭവങ്ങളാൽ രൂപാന്തരപ്പെടുന്നു. എന്നാൽ അപ്പൊസ്തലനായ പൗലൊസ് കൂടുതൽ മുന്നോട്ട് പോയി ''നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു'' എന്നു പ്രഖ്യാപിച്ചു. കാരണം അവയിലൂടെ നാം സ്ഥിരോത്സാഹം വളർത്തിയെടുക്കുന്നു. സ്ഥിരോത്സാഹത്തോടൊപ്പം സ്വഭാവം വരുന്നു; സ്വഭാവം പ്രത്യാശയെ ഉളവാക്കുന്നു (റോമർ 5:3-4). പൗലൊസിന് തീർച്ചയായും പരിശോധനകൾ അറിയാമായിരുന്നു - കപ്പൽച്ചേതം മാത്രമല്ല, വിശ്വാസത്തിനുവേണ്ടിയുള്ള തടവും അവൻ അനുഭവിച്ചു. എന്നിട്ടും അവൻ റോമിലെ വിശ്വാസികൾക്ക് എഴുതി, “പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്‌നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ” (വാ. 5). നാം യേശുവിൽ ആശ്രയിക്കുമ്പോൾ ദൈവാത്മാവ് നമ്മുടെ പ്രത്യാശയെ നിലനിർത്തുന്നുവെന്ന് അപ്പൊസ്തലൻ തിരിച്ചറിഞ്ഞു.

നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും, ദൈവം തന്റെ കൃപയും കരുണയും നിങ്ങളുടെ മേൽ ചൊരിയുമെന്ന് അറിയുക. അവൻ നിന്നെ സ്‌നേഹിക്കുന്നു. 

സ്‌നേഹപൂർവമായ ഒരു മുന്നറിയിപ്പ്

2010 ൽ ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിൽ ഉണ്ടായ സുനാമിയിൽ നാനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ സുനാമി മുന്നറിയിപ്പ് സംവിധാനം ശരിയായി പ്രവർത്തിച്ചിരുന്നെങ്കിൽ മരണങ്ങൾ തടയാനോ കുറയ്ക്കാനോ കഴിയുമായിരുന്നു. സുനാമി കണ്ടെത്തൽ ശൃംഖലകൾ (ബോയ്കൾ) വേർപെർട്ട് അകന്നുപോയിരുന്നു.

അനുതപിക്കാത്ത പാപം ഉൾപ്പെടെ, ആത്മീയമായി ഹാനികരമാകുന്ന കാര്യങ്ങളെക്കുറിച്ച് സഹ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകാനുള്ള ഉത്തരവാദിത്തം തന്റെ ശിഷ്യന്മാർക്കുണ്ടെന്ന് യേശു പറഞ്ഞു. മറ്റൊരാൾ ചെയ്ത കുറ്റത്തിനിരയായഒരു വിശ്വാസിക്ക് വിനയത്തോടെ, സ്വകാര്യമായി, പ്രാർത്ഥനാപൂർവ്വം കുറ്റം ചെയ്യുന്ന വിശ്വാസിയെ പാപം “ചൂണ്ടിക്കാണിക്കാൻ” കഴിയുന്ന ഒരു പ്രക്രിയ അവൻ വിശദീകരിച്ചു (മത്തായി 18:15). വ്യക്തി പശ്ചാത്തപിച്ചാൽ, സംഘർഷം പരിഹരിക്കാനും ബന്ധം പുനഃസ്ഥാപിക്കാനും കഴിയും. വിശ്വാസി മാനസാന്തരപ്പെടാൻ വിസമ്മതിച്ചാൽ, “ഒന്നോ രണ്ടോ പേർ” ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ സഹായിക്കണം (വാ. 16). പാപം ചെയ്യുന്ന വ്യക്തി എന്നിട്ടും അനുതപിക്കുന്നില്ലെങ്കിൽ, വിഷയം “സഭ”യുടെ മുമ്പാകെ കൊണ്ടുവരണം (വാ. 17). കുറ്റവാളി അപ്പോഴും പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ആ വ്യക്തിയെ കൂട്ടായ്മയിൽ നിന്ന് നീക്കം ചെയ്യണം, എന്നാൽ അവനുവേണ്ടി അല്ലെങ്കിൽ അവൾക്കുവേണ്ടി തീർച്ചയായും പ്രാർത്ഥിക്കാനും ക്രിസ്തുവിന്റെ സ്‌നേഹം പ്രകടിപ്പിക്കാനും കഴിയണം.

യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, അനുതപിക്കാത്ത പാപത്തിന്റെ അപകടങ്ങളെക്കുറിച്ചും നമ്മുടെ സ്വർഗീയ പിതാവിനോടും മറ്റ് വിശ്വാസികളോടും ഉള്ള പുനഃസ്ഥാപനത്തിന്റെ സന്തോഷത്തെക്കുറിച്ചും സ്‌നേഹപൂർവം പരസ്പരം മുന്നറിയിപ്പ് നൽകുന്നതിന് ആവശ്യമായ ജ്ഞാനത്തിനും ധൈര്യത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നാം അങ്ങനെ ചെയ്യുമ്പോൾ യേശു ''അവരുടെ നടുവിൽ ഉണ്ട് “ (വാ. 20). 

ഹൃദയത്തിന്റെ സ്ഥലങ്ങൾ

ചില അവധിക്കാല നുറുങ്ങുകൾ ഇതാ: നിങ്ങൾ അടുത്ത തവണ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വിസ്‌കോൺസിനിലുള്ള മിഡിൽടണിലൂടെ യാത്ര ചെയ്യുമ്പോൾ, നിങ്ങൾക്ക് ദേശീയ കടുക് മ്യൂസിയം സന്ദർശിക്കാൻ താൽപ്പര്യമുണ്ടാകാം. ഒരു കടുക് തന്നെ ധാരാളമാണെന്ന് കരുതുന്ന നമ്മെ സംബന്ധിച്ചിടത്തോളം, ലോകമെമ്പാടുമുള്ള 6,090 വ്യത്യസ്ത കടുകുകൾ ചെടികൾ ഉൾപ്പെടുന്ന ഈ സ്ഥലം അതിശയിപ്പിക്കുന്നതാണ്. ടെക്‌സാസിലെ മക്ലീനിൽ, കമ്പിവേലി മ്യൂസിയത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം-അല്ലെങ്കിൽ വേലിയോടുള്ള അഭിനിവേശം കാരണം നിങ്ങൾ കൂടുതൽ ആശ്ചര്യപ്പെട്ടേക്കാം.

ഏത് തരത്തിലുള്ള കാര്യങ്ങളെയാണ് പ്രാധാന്യമുള്ളതാക്കാൻ നാം തിരഞ്ഞെടുക്കുന്നതെന്ന് ഇത് പറയുന്നു. വാഴപ്പഴ മ്യൂസിയത്തിൽ ഒരു ഉച്ചതിരിഞ്ഞ സമയം ചെലവഴിക്കുന്നതിനേക്കാൾ മോശമായ കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാകുമെന്ന് ഒരു എഴുത്തുകാരൻ പറയുന്നു (വ്യത്യസ്തമായി ചിന്തിക്കുന്നവരുമുണ്ട്).

തമാശ കേട്ടു നാം ചിരിക്കുമെങ്കിലും നാം സ്വന്തം മ്യൂസിയങ്ങൾ പരിപാലിക്കുന്നു എന്നു സമ്മതിച്ചേ മതിയാകൂ-നാം തന്നെ നിർമ്മിച്ച ചില വിഗ്രഹങ്ങളെ ആഘോഷിക്കുന്ന ഹൃദയത്തിന്റെ സ്ഥലങ്ങൾ നാം പരിപാലിക്കുന്നു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്’’ (പുറപ്പാട് 20:3), “അവയെ നമസ്‌കരിക്കയോ സേവിക്കയോ ചെയ്യരുതു” (വാ. 5) എന്നിങ്ങനെ ദൈവം നമ്മോട് നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, നാം നമ്മുടെ സ്വന്തം ദൈവങ്ങളെ സൃഷ്ടിക്കുന്നു - ഒരുപക്ഷേ സമ്പത്തിന്റെയോ കാമത്തിന്റെയോ വിജയത്തിന്റെയോ അല്ലെങ്കിൽ നാം രഹസ്യമായി ആരാധിക്കുന്ന വിവിധ “നിധി”യുടെയോ.

 ഈ ഭാഗം വായിക്കുകയും പ്രാധാന്യം ഗ്രഹിക്കാതിരിക്കുകയും ചെയ്യുക എളുപ്പമാണ്. അതേ, നാം സൃഷ്ടിക്കുന്ന പാപത്തിന്റെ മ്യൂസിയങ്ങൾക്കു നാം ദൈവത്തോടു കണക്കു പറയേണ്ടിവരും. എന്നാൽ “[അവനെ] സ്‌നേഹിക്കുന്നവരുടെ ആയിരം തലമുറകളോട് ദയ കാണിക്കുന്നതിനെക്കുറിച്ചും” അവൻ പറയുന്നു (വാ. 6). നമ്മുടെ “മ്യൂസിയങ്ങൾ” എത്ര നിസ്സാരമാണെന്ന് അവനറിയാം. അവനോടുള്ള നമ്മുടെ സ്‌നേഹത്തിൽ മാത്രമാണ് നമ്മുടെ യഥാർത്ഥ സംതൃപ്തി ഉള്ളതെന്ന് അവനറിയാം.