Category  |  odb

ദൈവമുമ്പാകെ തുല്യൻ

അവധിക്കാലത്ത് ഞാനും ഭാര്യയും അതിരാവിലെയുള്ള ബൈക്ക് യാത്ര ആസ്വദിച്ചു. ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന വീടുകളുടെ അയൽപക്കത്തിലൂടെയാണ് ഞങ്ങൾ സഞ്ചരിച്ചത്. പലതരം ആളുകളെ ഞങ്ങൾ കണ്ടു-താമസക്കാർ, അവരുടെ നായ്ക്കൾ, സഹ ബൈക്ക് യാത്രക്കാർ, പുതിയ വീടുകൾ പണിയുന്നവരോ നന്നാക്കുന്നവരോ ആയ നിരവധി തൊഴിലാളികൾ, പ്രകൃതിദൃശ്യങ്ങൾ. ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ മിശ്രിതമായിരുന്നു അത്. അതു കണ്ടപ്പോൾ വിലപ്പെട്ട ഒരു യാഥാർത്ഥ്യത്തെക്കുറിച്ച് അതെന്നെ ഓർമ്മിപ്പിച്ചു. ഞങ്ങൾക്കിടയിൽ ധനികനോ ദരിദ്രനോ, സമ്പന്നനോ തൊഴിലാളിയോ. അറിയപ്പെടുന്നവരോ അറിയപ്പെടാത്തവരോ എന്ന യഥാർത്ഥ വേർതിരിവ് ഇല്ലായിരുന്നു. അന്ന് രാവിലെ ആ തെരുവിൽ ഞങ്ങളെല്ലാം ഒരുപോലെയായിരുന്നു. “ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നേ’’ (സദൃശവാക്യങ്ങൾ 22:2). വ്യത്യാസമില്ലാതെ, നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ് (ഉല്പത്തി 1:27). 
എന്നാൽ അതിലധികം ഉണ്ട്. ദൈവമുമ്പാകെ തുല്യരായിരിക്കുക എന്നതിനർത്ഥം നമ്മുടെ സാമ്പത്തികമോ സാമൂഹികമോ വംശീയമോ ആയ സാഹചര്യം എന്തുതന്നെയായാലും, നാമെല്ലാവരും ദൈവമുമ്പാകെ പാപികളാണ് എന്നതാണ്: “എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു’’ (റോമർ 3:23). നാമെല്ലാവരും അവന്റെ മുമ്പാകെ അനുസരണമില്ലാത്തവരും തുല്യ കുറ്റക്കാരുമാണ്, നമുക്ക് യേശുവിനെ ആവശ്യമാണ്. 
പല കാരണങ്ങളാൽ നമ്മൾ പലപ്പോഴും ആളുകളെ ഗ്രൂപ്പുകളായി വിഭജിക്കുന്നു. പക്ഷേ, വാസ്തവത്തിൽ, നാമെല്ലാവരും മനുഷ്യരാശിയുടെ ഭാഗമാണ്. നാമെല്ലാവരും ഒരേ അവസ്ഥയിലാണെങ്കിലും-ഒരു രക്ഷകനെ ആവശ്യമുള്ള പാപികൾ-അവന്റെ കൃപയാൽ നമുക്ക് “സൗജന്യമായി നീതീകരിക്കപ്പെടാൻ’’ (ദൈവത്തോടു നിരപ്പാകാൻ) കഴിയും (വാ. 24).  

ശ്രദ്ധ തിരിക്കാനുള്ള വിശപ്പ്

ചെറിയ സ്‌ക്രീൻ പ്രക്ഷേപണം ചെയ്ത ചിത്രങ്ങൾ, ആശയങ്ങൾ, അറിയിപ്പുകൾ എന്നിവയുടെ നിരന്തരമായ ബോംബാക്രമണത്തിൽ മടുത്തുകൊണ്ട് ഞാൻ എന്റെ ഫോൺ താഴെ വെച്ചു. പിന്നെ, വീണ്ടെ ഞാൻ അതെടുത്ത് ഓണാക്കി. എന്തുകൊണ്ട്? 
ദി ഷാലോസ് എന്ന പുസ്തകത്തിൽ നിക്കോളാസ് കാർ ഇന്റർനെറ്റ് നമ്മുടെ നിശ്ചലതയുമായുള്ള ബന്ധത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് വിവരിക്കുന്നു: ''നെറ്റ് ഏകാഗ്രതയ്ക്കും ധ്യാനത്തിനുമുള്ള എന്റെ കഴിവിനെ ഇല്ലാതാക്കുന്നതായി തോന്നുന്നു. ഞാൻ ഓൺലൈനിലായാലും ഇല്ലെങ്കിലും, നെറ്റ് വിതരണം ചെയ്യുന്ന രീതിയിൽ വിവരങ്ങൾ സ്വീകരിക്കാൻ എന്റെ മനസ്സ് ഇപ്പോൾ പ്രതീക്ഷിക്കുന്നു: അതിവേഗം ചലിക്കുന്ന കണങ്ങളുടെ പ്രവാഹത്തിൽ. ഒരിക്കൽ ഞാൻ വാക്കുകളുടെ കടലിൽ മുങ്ങിത്തപ്പുന്നവനായി. ഇപ്പോൾ ഞാൻ ഒരു ജെറ്റ് സ്‌കീയിലെ ആളെപ്പോലെ ഉപരിതലത്തിൽ തെന്നി നീങ്ങുന്നു.'' 
മാനസികമായ ജെറ്റ് സ്‌കീയിൽ ജീവിതം നയിക്കുന്നത് ആരോഗ്യകരമല്ല. എന്നാൽ നാം എങ്ങനെ വേഗത കുറയ്ക്കാൻ കഴിയും, നിശ്ചലമായ ആത്മീയ ജലത്തിലേക്ക് ആഴത്തിൽ മുങ്ങാൻ കഴിയും? 
131-ാം സങ്കീർത്തനത്തിൽ ദാവീദ് എഴുതുന്നു, “ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു’’ (വാ. 2). എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ദാവീദിന്റെ വാക്കുകൾ എന്നെ ഓർമ്മിപ്പിക്കുന്നു. ശീലങ്ങൾ മാറ്റാൻ ആരംഭിക്കുന്നത് നിശ്ചലമായിരിക്കാനുള്ള എന്റെ തിരഞ്ഞെടുപ്പിൽ നിന്നാണ്-ഞാൻ ആ തിരഞ്ഞെടുപ്പ് വീണ്ടും വീണ്ടും നടത്തേണ്ടി വന്നേക്കാം. എന്നിരുന്നാലും, സാവധാനം നാം ദൈവത്തിന്റെ സംതൃപ്തിദായകമായ നന്മ അനുഭവിക്കുന്നു. ഒരു സ്മാർട്ട്‌ഫോൺ ആപ്പിനും സ്പർശിക്കാനാകാത്തതും സോഷ്യൽ മീഡിയ സൈറ്റുകൾക്കും നൽകാൻ കഴിയാത്തതുമായ ആത്മസംതൃപ്തി - പ്രത്യാശ - വാഗ്ദാനം ചെയ്യുന്നത് അവൻ മാത്രമാണ് എന്നോർത്ത് ഒരു കൊച്ചുകുട്ടിയെപ്പോലെ നാം വിശ്രമിക്കുന്നു. 

പരിശോധനകളെ അതിജീവിക്കുക

ദാരിദ്ര്യത്തിലും വേദനയിലും ആണ് ആനി വളർന്നത്. അവളുടെ രണ്ട് സഹോദരങ്ങൾ ശൈശവത്തിൽ മരിച്ചു. അഞ്ചാം വയസ്സിൽ, നേത്രരോഗം അവളെ ഭാഗികമായി അന്ധയാക്കി, എഴുതാനും വായിക്കാനും കഴിയാതെ വന്നു. ആനിക്ക് എട്ട് വയസ്സുള്ളപ്പോൾ അവളുടെ അമ്മ ക്ഷയരോഗം ബാധിച്ച് മരിച്ചു. താമസിയാതെ, മോശമായി പെരുമാറുന്ന അവളുടെ പിതാവ് ജീവിച്ചിരിക്കുന്ന മൂന്ന് മക്കളെ ഉപേക്ഷിച്ചുപോയി. ഇളയവനെ ബന്ധുക്കൾക്കൊപ്പം താമസിക്കാൻ അയച്ചു, എന്നാൽ ആനിയും അവളുടെ സഹോദരൻ ജിമ്മിയും സർക്കാർ നടത്തുന്ന അനാഥാലയത്തിലേക്ക് പോയി. കുറച്ച് മാസങ്ങൾക്ക് ശേഷം ജിമ്മി മരിച്ചു. 
പതിനാലാമത്തെ വയസ്സിൽ, ആനിയുടെ സാഹചര്യങ്ങൾ പ്രകാശമാനമായി. അവളെ അന്ധർക്കുള്ള ഒരു സ്‌കൂളിലേക്ക് അയച്ചു, അവിടെ അവളുടെ കാഴ്ച മെച്ചപ്പെടുത്താൻ ശസ്ത്രക്രിയ നടത്തി, അവൾ വായിക്കാനും എഴുതാനും പഠിച്ചു. അവൾ പൊരുത്തപ്പെടാൻ പാടുപെട്ടെങ്കിലും, അവൾ പഠനത്തിൽ മികവ് പുലർത്തുകയും വാലെഡിക്‌റ്റോറിയൻ ബിരുദം നേടുകയും ചെയ്തു. ഹെലൻ കെല്ലറുടെ അധ്യാപികയും കൂട്ടാളിയുമായ ആനി സള്ളിവൻ എന്ന നിലയിലാണ് ഇന്ന് നാം അവളെ നന്നായി അറിയുന്നത്. പ്രയത്‌നം, ക്ഷമ, സ്‌നേഹം എന്നിവയിലൂടെ ആനി അന്ധയും ബധിരയുമായ ഹെലനെ സംസാരിക്കാനും ബ്രെയിൽ വായിക്കാനും കോളേജിൽ നിന്ന് ബിരുദം നേടാനും പഠിപ്പിച്ചു. 
യോസേഫിനും അങ്ങേയറ്റത്തെ പരീക്ഷണങ്ങളെ അതിജീവിക്കേണ്ടിവന്നു: പതിനേഴാം വയസ്സിൽ, അസൂയാലുക്കളായ സഹോദരന്മാർ അവനെ അടിമയായി വിറ്റു, പിന്നീട് തെറ്റായി കുറ്റം ആരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ടു (ഉല്പത്തി 37; 39-41). എങ്കിലും മിസ്രീമിനെയും തന്റെ കുടുംബത്തെയും ക്ഷാമത്തിൽ നിന്ന് രക്ഷിക്കാൻ ദൈവം അവനെ ഉപയോഗിച്ചു (50:20). 
നാമെല്ലാവരും പരീക്ഷണങ്ങളും പ്രശ്‌നങ്ങളും നേരിടുന്നു. എന്നാൽ അതിജീവിക്കാനും മറ്റുള്ളവരുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കാനും ദൈവം യോസേഫിനെയും ആനിയെയും സഹായിച്ചതുപോലെ, അവന് നമ്മെ സഹായിക്കാനും ഉപയോഗിക്കാനും കഴിയും. സഹായത്തിനും മാർഗ്ഗദർശനത്തിനും വേണ്ടി അവനെ അന്വേഷിക്കുക. അവൻ കാണുകയും കേൾക്കുകയും ചെയ്യുന്നു. 

ദൈവത്തിൽ ചാരുക

ചില സുഹൃത്തുക്കളോടൊപ്പം ഒരു വാട്ടർ പാർക്കിൽ ആയിരിക്കുമ്പോൾ, ഞങ്ങൾ ഊതിവീർപ്പിക്കാവുന്ന പ്ലാറ്റ്‌ഫോമുകളിൽ ഫ്‌ളോട്ടിംഗ് ഒബ്സ്റ്റക്കിൾ കോഴ്‌സ് ചെയ്യാൻ ശ്രമിച്ചു. തെറിക്കുന്നതും വഴുവഴുപ്പുള്ളതുമായ പ്ലാറ്റ്‌ഫോമുകൾ നേരെയുള്ള നടത്തം മിക്കവാറും അസാധ്യമാക്കി. വളവുകൾ, പാറക്കെട്ടുകൾ, പാലങ്ങൾ എന്നിവയിലൂടെ ഞങ്ങൾ ആടിയുലഞ്ഞു നടക്കുമ്പോൾ, അപ്രതീക്ഷിതമായി വെള്ളത്തിലേക്ക് വീണു. ഒരു കോഴ്‌സ് പൂർത്തിയാക്കിയ ശേഷം, പൂർണ്ണമായും തളർന്നുപോയ എന്റെ സുഹൃത്ത് അവളുടെ ശ്വാസം പിടിക്കാൻ ''ടവറുകളിൽ'' ഒന്നിലേക്ക് ചാഞ്ഞു. നിമിഷത്തിനുള്ളിൽ അത് അവളുടെ ഭാരം നിമിത്തം വെള്ളത്തിലേക്കു മറിഞ്ഞു. 
വാട്ടർ പാർക്കിലെ ദുർബലമായ ഗോപുരങ്ങളിൽനിന്നു വ്യത്യസ്തമായി, ബൈബിൾ കാലങ്ങളിൽ ഒരു ഗോപുരം പ്രതിരോധത്തിനും സംരക്ഷണത്തിനുമുള്ള ഒരു കോട്ടയായിരുന്നു. നഗരത്തിന് നേരെയുള്ള അബിമേലെക്കിന്റെ ആക്രമണത്തിൽ നിന്ന് ഒളിച്ചോടാൻ തേബെസിലെ ജനങ്ങൾ എങ്ങനെയാണ് “ഉറപ്പുള്ള ഒരു ഗോപുര’’ത്തിലേക്ക് ഓടിപ്പോയതെന്ന് ന്യായാധിപന്മാർ 9:50-51 വിവരിക്കുന്നു. സദൃശവാക്യങ്ങൾ 18:10-ൽ, ദൈവം ആരാണെന്ന് വിശദീകരിക്കാൻ എഴുത്തുകാരൻ ശക്തമായ ഒരു ഗോപുരത്തിന്റെ ചിത്രം ഉപയോഗിച്ചു-അവനിൽ അഭയം പ്രാപിക്കുന്നവരെ രക്ഷിക്കുന്നവൻ. 
എന്നിരുന്നാലും, ചിലപ്പോൾ, തളർന്നിരിക്കുമ്പോഴോ അടിക്കടി വീഴുമ്പോഴോ ദൈവത്തിന്റെ ശക്തമായ ഗോപുരത്തിൽ ചാരിനിൽക്കുന്നതിനുപകരം, സുരക്ഷിതത്വത്തിനും പിന്തുണയ്ക്കുമായി നാം മറ്റ് കാര്യങ്ങൾ തേടുന്നു - ഒരു തൊഴിൽ, ബന്ധങ്ങൾ അല്ലെങ്കിൽ ശാരീരിക സുഖങ്ങൾ. തന്റെ സമ്പത്തിൽ ശക്തി തേടുന്ന ധനികനിൽ നിന്ന് നാം വ്യത്യസ്തരല്ല (വാ. 11). പക്ഷേ, ഊതിവീർപ്പിക്കുന്ന ടവറിന് എന്റെ സുഹൃത്തിനെ താങ്ങാൻ കഴിയാത്തതുപോലെ, നമുക്ക് ശരിക്കും ആവശ്യമുള്ളത് നൽകാൻ ഈ കാര്യങ്ങൾക്ക് കഴിയില്ല. ദൈവം-സർവ്വശക്തനും എല്ലാ സാഹചര്യങ്ങളെയും നിയന്ത്രിക്കുന്നവനും-യഥാർത്ഥ ആശ്വാസവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നു. 

ദൈവം എന്റെ ആവശ്യങ്ങളെക്കാൾ മതിയായവനാണ്

എലൻ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു, അതിനാൽ ഒരു ക്രിസ്മസ് ബോണസ് ലഭിച്ചപ്പോൾ അവൾ സന്തോഷിച്ചു. അത് അവളുടെ ആവശ്യത്തിനു മതിയായിരുന്നു. പക്ഷേ പണം നിക്ഷേപിച്ചപ്പോൾ അവൾക്ക് മറ്റൊരു അത്ഭുതം ലഭിച്ചു. ക്രിസ്മസ് സമ്മാനമായി ബാങ്ക് ജനുവരിയിലെ ലോൺ പേയ്‌മെന്റ് അവളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി കാഷ്യർ പറഞ്ഞു. ഇപ്പോൾ അവൾക്കും ട്രെയ്ക്കും മറ്റ് ബില്ലുകൾ അടയ്ക്കാനും ക്രിസ്മസ് സർപ്രൈസ് നൽകി മറ്റൊരാളെ അനുഗ്രഹിക്കാനും കഴിയും! 
നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമായി നമ്മെ അനുഗ്രഹിക്കുന്നതിനുള്ള ഒരു മാർഗം ദൈവത്തിനുണ്ട്. നൊവൊമി തന്റെ ഭർത്താവിന്റെയും മക്കളുടെയും മരണത്താൽ കയ്‌പേറിയവളും തകർന്നവളുമായിരുന്നു (രൂത്ത് 1:20-21). അവളുടെ നിരാശാജനകമായ സാഹചര്യത്തിൽനിന്നും ബോവസ് അവളെ രക്ഷിച്ചു, അവളുടെ മരുമകളെ വിവാഹം കഴിച്ചു, അവൾക്കും നവോമിക്കും ഒരു ഭവനം നൽകി (4:10). 
നൊവൊമിക്ക് പ്രതീക്ഷിക്കാവുന്നത് അതായിരുന്നു. എന്നാൽ പിന്നീട് ദൈവം രൂത്തിനെയും ബോവസിനെയും ഒരു മകനെ നൽകി അനുഗ്രഹിച്ചു. ഇപ്പോൾ നൊവൊമിക്ക് “ആശ്വാസപ്രദനും [അവളുടെ] വാർദ്ധക്യത്തിങ്കൽ പോഷകനും’’ ആയ ഒു മകനുണ്ടായിരിക്കുന്നു (വാ. 15). അവൾക്കത് മതിയായിരുന്നു. ബെത്‌ലഹേമിലെ സ്ത്രീകൾ പറഞ്ഞതുപോലെ, ''നൊവൊമിക്കു ഒരു മകൻ ജനിച്ചു!'' (വാ. 17). അങ്ങനെ “ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവായി’’ (വാ. 17) ചെറിയ ഓബേദ് വളർന്നു. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജവംശമായ യിസ്രായേലിന്റെ രാജവംശത്തിൽപ്പെട്ടവരായിരുന്നു നൊവൊമിയുടെ കുടുംബം! അത് മതിയാകുമായിരുന്നു. എന്നിരുന്നാലും, ദാവീദ് യേശുവിന്റെ പൂർവ്വികനായി. 
നാം ക്രിസ്തുവിൽ വിശ്വസിക്കുന്നുവെങ്കിൽ, നാമും നൊവൊമിക്ക് സമാനമായ സ്ഥാനത്താണ്. അവൻ നമ്മെ വീണ്ടെടുക്കുന്നതുവരെ നമുക്കൊന്നും ഉണ്ടായിരുന്നില്ല. മറ്റുള്ളവരെ അനുഗ്രഹിക്കാൻ നമ്മെ അനുഗ്രഹിക്കുന്ന നമ്മുടെ പിതാവിനാൽ ഇപ്പോൾ നാം പൂർണ്ണമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അത് നമ്മുടെ ആവശ്യത്തേക്കാൾ വളരെ കൂടുതലാണ്.