Category  |  odb

ക്ഷമയുടെ പാഠങ്ങൾ

പൈക്ക്സ് പീക്കിന്റെ (വടക്കേ അമേരിക്കയിലെ റോക്കി പർവതനിരകളുടെ ഏറ്റവും ഉയർന്ന കൊടുമുടി) മുകളിലേക്കു ഒരു നിലക്കടല മൂക്കു കൊണ്ട്-അല്ലെങ്കിൽ മുഖത്തു ഘടിപ്പിച്ച ഒരു സ്പൂൺ ഉപയോഗിച്ചു തള്ളിനീക്കിയതിന്റെ വേഗ റെക്കോർഡ് ബോബ് സേയ്‌ലം എന്ന വ്യക്തിയുടെ പേരിലാണുള്ളത്. വിനോദസഞ്ചാരികളെ കൊണ്ടുള്ള തടസ്സം ഒഴിവാക്കാനായി രാത്രിയിൽ പ്രവർത്തിച്ച അദ്ദേഹം ഏഴു ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ വ്യക്തിയാണു ബോബ്. അതിനർത്ഥം വളരെ ക്ഷമയുള്ള മറ്റു മൂന്നു വ്യക്തികൾകൂടി ഇതു ചെയ്തു എന്നാണ്.

തങ്ങൾ സ്വയം ഏറ്റെടുത്ത ഉദ്യമത്തിന്റെ പേരിൽ ആവശ്യമായി വന്ന ക്ഷമയാണതെന്നു പറയാൻ സാധിക്കുമെങ്കിലും ജീവിതത്തിൽ പലപ്പോഴും അങ്ങനെയല്ല സംഭവിക്കാറ്. നമുക്കു ക്ഷമ ആവശ്യമാണ്. ഇത് ആത്മാവിന്റെ ഫലമാണ് (ഗലാത്യർ 5:22). മാത്രമല്ല, “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും” (യാക്കോബ് 1:4) ആകേണ്ടതിന് അത്യന്താപേക്ഷിതമായ ഒരു ധർമ്മവുമാണത്. ചുറ്റുമുള്ളവരെല്ലാം പരിഭ്രാന്തിയിലായിരിക്കുമ്പോഴും ക്ഷമാശീലർ ശാന്തരായി വർത്തിക്കുന്നു. സാഹചര്യം വ്യത്യസ്തമായിരിക്കണമെന്ന് അവർ ആഗ്രഹിച്ചേക്കാമെങ്കിലും അവർക്ക് അതൊരു അത്യാവശ്യ ഘടകമല്ല. ബുദ്ധിയോടെ പ്രവർത്തിക്കാനുള്ള ജ്ഞാനത്തിനായി ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അവർ തങ്ങളുടെ പന്ഥാവിൽ തുടരുന്നു (വാ. 5). 

ക്ഷമയുടെ പ്രശ്നം എന്തെന്നാൽ അതു പഠിക്കാൻ ഒരേയൊരു വഴിയേയുള്ളൂ എന്നതാണ്. “നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു” (വാ. 3) എന്നു  യാക്കോബ് പറയുന്നു. അത്തരം പരിശോധനകൾ വലുതും ചെറുതുമായ വിധങ്ങളിൽ വരുന്നു. ഒരു എയർപോർട്ടിൽ നിന്നാണ് ഞാൻ ഇത് എഴുതുന്നത്. ഉച്ചയ്ക്ക് 11നുള്ള എന്റെ ഫ്ലൈറ്റ് പുലർച്ചെ 2 വരെ വൈകി, ശേഷം അത് റദ്ദാക്കി. ഉറക്കമില്ലാത്ത ഒരു രാത്രിക്കു ശേഷം, അധികം വൈകാതെ വീട്ടിലെത്താമെന്നു പ്രതീക്ഷിച്ചുകൊണ്ടു ഞാൻ കാപ്പി കുടിച്ചു സമയം തള്ളിനീക്കി. ആലസ്യത്തോടെ ഒരു ദിവസം മുഴുവൻ എയർപോർട്ടിൽ പാഴാക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ സ്നേഹനിധിയായ എന്റെ പിതാവ് എന്നെ ക്ഷമ പഠിപ്പിക്കുകയായിരുന്നു.

ഇന്നേ ദിവസത്തേക്കുള്ള എന്റെ പാഠം പൂർത്തിയായിരിക്കണേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു, പക്ഷേ ആർക്കറിയാം?  അടുത്ത വിമാനയാത്രക്കുള്ള സ്റ്റാൻഡ്ബൈ ലിസ്റ്റ് പരിശോധിക്കാനുള്ള സമയമായിരിക്കുന്നു.

യേശുവിനായി ഓടുക

100 മീറ്റർ ഓട്ടത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, നിലവിലെ ലോക റെക്കോർഡ് ഉടമയായ ഉസൈൻ ബോൾട്ടാണ് ആളുകളുടെ ഓർമ്മയിൽ വരുന്നത്. എന്നാൽ ജൂലിയ “ഹറികേൻ” ഹോക്കിൻസിനെ നമുക്കു മറക്കാൻ കഴിയില്ല. 2021-ൽ, ലൂസിയാന സീനിയർ ഗെയിംസിലെ 100 മീറ്റർ ഓട്ടത്തിൽ ജൂലിയ മറ്റെല്ലാ ഓട്ടക്കാരെയും പിന്നിലാക്കിക്കൊണ്ടു ഫിനിഷിങ് ലൈൻ കടന്നു. അവരുടെ സമയം ബോൾട്ടിന്റെ 9.58 സെക്കൻഡിനേക്കാൾ അൽപ്പം കൂടുതലായിരുന്നു-60 സെക്കൻഡിൽ അല്പം മാത്രം കൂടുതൽ. എന്നാൽ അവർക്കു 105 വയസ്സുണ്ടായിരുന്നു!

അവരുടെ പ്രായത്തിലും ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് ഇഷ്ടപ്പെടാൻ ധാരാളം കാര്യങ്ങളുണ്ട്. യേശുവിനെ ലക്ഷ്യമാക്കി ഓടുന്ന ഓട്ടം ഒരിക്കലും നിർത്താത്ത, യേശുവിൽ വിശ്വസിക്കുന്നവരെ ഇഷ്ടപ്പെടാനും ഒരുപാടു കാര്യങ്ങളുണ്ട് (എബ്രായർ 12:1-2). ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിലെ വിശ്വസ്തരെക്കുറിച്ചു സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു: “നീതിമാൻ പനപോലെ തഴെക്കും… വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും” (92:12-14).

ഇത്തരത്തിലുള്ള നിലവാരം പിന്തുടരുന്ന പഴയ വിശ്വാസികൾക്ക് അപ്പൊസ്തലനായ പൗലൊസ് തീത്തൊസിന് എഴുതിയ ലേഖനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ കണ്ടെത്താനാകും. പരിചയസമ്പന്നരായ പുരുഷന്മാർ “വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണതയിലും ആരോഗ്യമുള്ളവരും” (തീത്തൊസ് 2:2), പ്രായം ചെന്ന സ്ത്രീകൾ “നന്മ ഉപദേശിക്കുന്നവരും” (വാക്യം 3) ആയിരിക്കേണം.

പ്രായമായ വിശ്വാസികളോട് ഓട്ടം നിർത്താനുള്ള ആഹ്വാനമുണ്ടായിട്ടില്ല. ഒരുപക്ഷേ ട്രാക്കിൽ ജൂലിയ ഓടിയ രീതിയിലല്ല, മറിച്ച് അവർക്കാവശ്യമായ ശക്തി നൽകുന്ന ദൈവത്തിന്‌ ആദരവു വരുത്തുന്ന വഴികളിലൂടെ. അവനെയും മറ്റുള്ളവരെയും നന്നായി ശുശ്രൂഷിക്കാനുള്ള ഓട്ടം നമുക്കെല്ലാവർക്കും ഓടാം.

പിൻസീറ്റിലെ വേദപുസ്തകങ്ങൾ

ആൻഡ്രൂ തന്റെ ഫോക്സ്‌വാഗൺ കാർ നിർത്തി. ഗാർഡുകൾ കാറിന്റെ അടുത്തേക്കു നടന്നടുത്തു. ഇതിനുമുമ്പും പലതവണ ചെയ്തതുപോലെ അവൻ പ്രാർത്ഥിച്ചു: “ദൈവമേ, അങ്ങു ഭൂമിയിലായിരുന്നപ്പോൾ അന്ധതയുള്ള കണ്ണുകളെ കാണുമാറാക്കി. ഇപ്പോൾ, ദയവുതോന്നി കാഴ്ചയുള്ള കണ്ണുകളെ അന്ധമാക്കേണമേ.” ഗാർഡുകൾ കാർ പരിശോധിച്ചുവെങ്കിലും ലഗേജിലെ വേദപുസ്തകങ്ങളെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല. വേദപുസ്തകം സ്വന്തമാക്കാൻ കഴിയാത്തവരുടെ അടുത്തേക്കു തന്റെ പക്കലുള്ളവയുമായി ആൻഡ്രൂ അതിർത്തി കടന്നു.

ക്രിസ്ത്യാനിത്വം നിയമവിരുദ്ധമായ രാജ്യങ്ങളിലേക്കു തിരുവെഴുത്തുകൾ കൊണ്ടുചെല്ലുക എന്ന, അസാധ്യമെന്നു തോന്നുന്ന ദൗത്യത്തിനായി ദൈവം തന്നെ വിളിച്ചപ്പോൾ ആൻഡ്രൂ വാൻ ഡെർ ബിജിൽ, അഥവാ ബ്രദർ ആൻഡ്രൂ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചു. “ഞാൻ ഒരു സാധാരണ മനു‌ഷ്യനാണ്,” തന്റെ പരിമിതമായ വിദ്യാഭ്യാസത്തിനും പണത്തിന്റെ അഭാവത്തിനും ഊന്നൽ നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു. “ഞാൻ ചെയ്ത കാര്യങ്ങൾ, ആർക്കും ചെയ്യാവുന്നതാണ്.” അദ്ദേഹത്തിന്റെ സംഘടനയായ ഓപ്പൺ ഡോർസ് ഇന്റർനാഷണൽ, പീഡനം ഏല്ക്കുന്ന ലോകമെമ്പാടുമുള്ള ക്രിസ്തുവിശ്വാസികളെ ഇന്നു ശുശ്രൂഷിക്കുന്നു.

യെഹൂദന്മാർ പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയതിനെ തുടർന്ന് ആലയം പുനർനിർമിക്കുക എന്ന അസാധ്യമായ ദൗത്യത്തെ താൻ അഭിമുഖീകരിച്ചപ്പോൾ, യെഹൂദാദേശാധിപതിയായി സെരുബ്ബാബേൽ നിരുത്സാഹപ്പെട്ടു. എന്നാൽ മനുഷ്യശക്തിയിലോ ശേഷിയിലോ ആശ്രയിക്കാതെ ദൈവാത്മാവിൽ ആശ്രയിക്കാൻ ദൈവം അവനെ ഓർമ്മപ്പെടുത്തി (സെഖര്യാവ് 4:6). അടുത്തുള്ള ഒലിവു മരങ്ങളിൽ നിന്നു വിതരണം ചെയ്യപ്പെടുന്ന എണ്ണയോടുകൂടി വിളക്കുകളുടെ ദർശനം സെഖര്യാ പ്രവാചകനു നൽകിക്കൊണ്ട് അവൻ സെരുബ്ബാബേലിനു ധൈര്യം പകർന്നു (വാ. 2-3). എണ്ണയുടെ തുടർച്ചയായ വിതരണം നിമിത്തം വിളക്കുകൾ കത്തുന്നതുപോലെ, ദൈവത്തിന്റെ നിരന്തരമായ ശക്തി വിതരണത്തിൽ ആശ്രയിച്ചുകൊണ്ട് അവന്റെ ദൗത്യം പൂർത്തിയാക്കാൻ സെരുബ്ബാബേലിനും യിസ്രായേൽമക്കൾക്കും കഴിയും.

നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ, നമുക്ക് അവനിൽ വിശ്വസിച്ചുകൊണ്ട് അവൻ നമ്മോട് ആവശ്യപ്പെടുന്നതു ചെയ്യാൻ കഴിയും.

ദൈവം നമ്മെ കാണുന്നു

അമേരിക്കയിലെ ഒരു സംസ്ഥാനമായ മിഷിഗണിൽ 40 ലക്ഷം വൃക്ഷങ്ങളുണ്ട്. അവയിൽ മിക്കതും വളരെ സാധാരണമായ വൃക്ഷങ്ങളാണ്. എന്നിരുന്നാലും, ഏറ്റവും പഴക്കമേറിയതും വലിപ്പമുള്ളതുമായ, ജീവിക്കുന്ന ഒരു നാഴികക്കല്ലായി ആദരവു ലഭിക്കത്തക്ക വിധമുള്ള വൃക്ഷങ്ങളെ  കണ്ടെത്താനായി ഒരു വാർഷിക “വലിയ വൃക്ഷ വേട്ട” സംസ്ഥാനം സംഘടിപ്പിക്കുന്നു. ഈ മത്സരം സാധാരണ വൃക്ഷങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു: ഏതു വനത്തിനുള്ളിലും ഒരു പുരസ്കാര ജേതാവ് ഉണ്ടായിരിക്കാം, ശ്രദ്ധിക്കപ്പെടാനായി കാത്തിരിക്കുന്ന ഒരു വൃക്ഷം!

മിക്കവരിൽ നിന്നും വ്യത്യസ്തമായി, ദൈവം എപ്പോഴും സാധാരണക്കാരനെ ശ്രദ്ധിക്കുന്നു. എന്താണോ, ആരെയാണോ മറ്റുള്ളവർ അവഗണിക്കുന്നത്, അവരെയാണ് അവൻ ശ്രദ്ധിക്കുന്നത്. യൊരോബെയാം രാജാവിന്റെ ഭരണകാലത്തു ദൈവം ആമോസ് എന്നൊരു സാധാരണ മനുഷ്യനെ യിസ്രായേലിലേക്ക് അയച്ചു. തിന്മയിൽ നിന്നു തിരിഞ്ഞു നീതി തേടാൻ ആമോസ് തന്റെ ജനത്തെ ഉപദേശിച്ചു. എന്നാൽ അവനെ അകറ്റിനിർത്തുകയും അവനോടു നിശബ്ദനായിരിക്കാൻ പറയുകയും ചെയ്തു. “എടോ ദർശകാ, ഓടിപ്പൊയ്ക്കൊൾക!” എന്ന് അവർ നിന്ദിച്ചു. “യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക” (ആമോസ് 7:12). അതിന് ആമോസ്  ഇപ്രകാരം പ്രതികരിച്ചു, “ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു” (വാ. 14-15). 

ആട്ടിൻകൂട്ടത്തെയും മരങ്ങളെയും പരിപാലിച്ചുകൊണ്ടിരുന്ന ഒരു സാധാരണ ഇടയനായിരുന്നപ്പോഴാണ് ആമോസിനെ ദൈവം അറിയുകയും ശ്രദ്ധിക്കുകയും ചെയ്തത്. നൂറുകണക്കിനു വർഷങ്ങൾക്കിപ്പുറം, സാധാരണക്കാരായ നഥനയേലിനെയും (യോഹന്നാൻ 1:48) കാട്ടത്തി മരത്തിനടുക്കൽവച്ചു  സക്കായിയെയും (ലൂക്കൊസ് 19:4) യേശു ശ്രദ്ധിക്കുകയും അവരെ വിളിക്കുകയും ചെയ്തു. എത്രത്തോളം നമുക്കു ശ്രദ്ധ ലഭിക്കാത്തതായി തോന്നിയാലും, അവൻ നമ്മെ കാണുകയും നമ്മെ സ്നേഹിക്കുകയും അവന്റെ ഉദ്ദേശ്യങ്ങൾക്കായി നമ്മെ ഉപയോഗിക്കുകയും ചെയ്യുന്നു.

ദൈവം നമ്മുടെ ജീവിതകഥകളെ ഉപയോഗിക്കുന്നു

ഓർമ്മപ്പെട്ടി തുറന്ന്, പത്താഴ്ച്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ പാദങ്ങളുടെ അതേ വലിപ്പവും ആകൃതിയുമുള്ള ഒരു ചെറിയ, വെള്ളി ബ്രൊച്ച് (വസ്ത്രം ഒതുക്കി നിർത്തുന്ന ആഭരണരൂപത്തിലുള്ള പിൻ) ഞാൻ പുറത്തെടുത്തു. ആ പത്തു ചെറുവിരലുകളിൽ തഴുകിക്കൊണ്ട്, എന്റെ ആദ്യ ഗർഭത്തിന്റെ വിയോഗത്തെയും പ്രസവത്തോട് “അത്രമേൽ അടുത്തിരുന്നില്ല” എന്നതിനാൽ ഞാൻ എത്രത്തോളം “ഭാഗ്യവതിയാണ്” എന്നു പറഞ്ഞവരെയും ഞാൻ ഓർത്തു. ഒരിക്കൽ എന്റെ ഗർഭപാത്രത്തിനുള്ളിൽ മിടിക്കുന്ന ഹൃദയം പോലെതന്നെ എന്റെ കുഞ്ഞിന്റെ പാദങ്ങളും യഥാർത്ഥമാണെന്ന് അറിഞ്ഞുകൊണ്ടു ഞാൻ ഉള്ളിൽ വേദനിച്ചു. വിഷാദത്തിൽ നിന്ന് എന്നെ മോചിപ്പിച്ചതിനും കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടർന്നു ദുഃഖിക്കുന്ന മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ എന്റെ ജീവിതകഥ ഉപയോഗിക്കുന്നതിനും ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. എന്റെ ഗർഭച്ഛിദ്രത്തെ തുടർന്നു രണ്ടു പതിറ്റാണ്ടിലേറെ കാലത്തിനു ശേഷം, ഭർത്താവിനും എനിക്കും നഷ്ടപ്പെട്ട കുഞ്ഞിനു ഞങ്ങൾ കേയ് എന്നു പേരിട്ടു. ചില ഭാഷകളിൽ അതിനർത്ഥം “ആനന്ദിക്കുക” എന്നാണ്. എന്റെ നഷ്ടത്തിൽ ഞാൻ ഇപ്പോഴും വേദന അനുഭവിക്കുന്നുണ്ടെങ്കിലും, എന്റെ ഹൃദയത്തെ സുഖപ്പെടുത്തിയതിനും മറ്റുള്ളവരെ സഹായിക്കാൻ എന്റെ ജീവിതകഥ ഉപയോഗിക്കുന്നതിനും ഞാൻ ദൈവത്തിനു നന്ദി പറയുന്നു.

107-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ദൈവത്തിന്റെ ദൃഢമായ സ്വഭാവസവിശേഷതയിൽ ആനന്ദിച്ചുകൊണ്ടു പാടി: “യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!” (വാ. 1). “യഹോവയുടെ വിമുക്തന്മാർ” “അങ്ങനെ പറയട്ടെ” (വാക്യം 2) എന്നും “അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ” (വാക്യം 8) എന്നും അവൻ ഉദ്ബോധിപ്പിച്ചു. “ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും” (വാ. 9) ചെയ്യുന്നവൻ ദൈവം മാത്രമാണെന്ന വാഗ്ദാനത്തോടെ അവൻ പ്രത്യാശ പകർന്നു നൽകുന്നു.

ക്രൂശിൽ സ്വയം ബലിയർപ്പിച്ചുകൊണ്ടു ക്രിസ്തു വീണ്ടെടുത്തവർക്കു പോലും വ്യസനത്തിൽ നിന്നോ കഷ്ടതയിൽ നിന്നോ രക്ഷപ്പെടാനാവില്ല. എന്നിരുന്നാലും, മറ്റുള്ളവർക്കു തന്റെ വീണ്ടെടുപ്പിന്റെ സ്നേഹത്തെ ചൂണ്ടിക്കാണിക്കാൻ നമ്മുടെ ജീവിതകഥകൾ ഉപയോഗിക്കുമ്പോൾ നമുക്കു ദൈവത്തിന്റെ കരുണ അനുഭവിക്കാൻ കഴിയും.