ഒരിക്കല്‍ ജോലിയില്‍ ഒരു പുതിയ പദവി ഏറ്റെടുക്കാന്‍ സമയമായപ്പോള്‍ അത് ദൈവം അയച്ചതാണ് എന്ന് സൈമണ്‍ വിശ്വസിച്ചു. തന്റെ തീരുമാനത്തെക്കുറിച്ച് പ്രാര്‍ത്ഥിക്കുകയും ആലോചന കേള്‍ക്കുകയും ചെയ്തശേഷം ദൈവം വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള അവസരം തനിക്ക് നല്‍കുകയാണ് എന്നയാള്‍ക്ക് തോന്നി. എല്ലാം ഉചിതമായിത്തോന്നുകയും ബോസ് അയാളുടെ നീക്കത്തെ പിന്താങ്ങുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് കാര്യങ്ങള്‍ താളം തെറ്റാന്‍ തുടങ്ങി. ചില സഹപ്രവര്‍ത്തകര്‍ അയാളുടെ പ്രമോഷനില്‍ അമര്‍ഷം കാണിക്കുകയും സഹകരിക്കാതിരിക്കുകയും ചെയ്തു. എല്ലാം വിട്ടു കളഞ്ഞാലോ എന്ന് അയാള്‍ ചിന്തിക്കാന്‍ തുടങ്ങി.
യിസ്രായേല്യര്‍ ദൈവത്തിന്റെ മന്ദിരം പണിയാന്‍ യെരൂശലേമിലേക്കു മടങ്ങി വന്നപ്പോള്‍, ശത്രുക്കള്‍ അവരെ ഭയപ്പെടുത്താനും നിരുത്സാഹപ്പെടുത്താനും ശ്രമിച്ചു (എസ്രാ 4:4). യിസ്രായേല്യര്‍ ആദ്യം മതിയാക്കി, എന്നാല്‍ ദൈവം അവരെ ഹഗ്ഗായി പ്രവാചകനിലൂടെയും സെഖര്യാപ്രവാചകനിലൂടെയും ഉത്സാഹിച്ചപ്പോള് അവര്‍ അദ്ധ്വാനം തുടര്‍ന്നു (4:24-5:2).
ഒരിക്കല്‍ കൂടി ശത്രുക്കള്‍ അവരെ ഏറ്റുമുട്ടാന്‍ വന്നു. പക്ഷേ “ദൈവം (അവരെ) കടാക്ഷിച്ചത്” അവര്‍ക്ക് അറിയാമായിരുന്നതുകൊണ്ട് ഇത്തവണ അവര്‍ സ്ഥിരോത്സാഹികളായി പ്രവര്‍ത്തിച്ചു (5:5). അവര്‍ ദൈവത്തിന്റെ കല്പനകള് മുറുകെപ്പിടിക്കുകയും തങ്ങള്‍ നേരിടുന്ന ഏത് എതിര്‍പ്പുകളിലും അവന് തങ്ങളെ താങ്ങും എന്ന് വിശ്വസിക്കുകയും ചെയ്തു. അങ്ങനെ തന്നെ, ആലയത്തിന്റെ പൂര്‍ത്തീകരണത്തെ തുണയ്ക്കാന്‍ ദൈവം പാര്‍സി രാജാവിന്റെ ഹൃദയത്തെ ചലിപ്പിച്ചു (വാ.13-14).
സമാനമായി, തുടരണോ അതോ മറ്റൊരു പദവി കണ്ടെത്തണമോ എന്ന് തീരുമാനിക്കാന്‍ സൈമണ്‍ ദൈവത്തിന്റെ ജ്ഞാനം അന്വേഷിച്ചു. തുടരാന്‍ ദൈവം തന്നെ വിളിച്ചിരിക്കുന്നു എന്നു ബോധ്യപ്പെട്ടപ്പോള്‍ പിടിച്ചുനില്ക്കാന് ദൈവത്തിന്റെ ശക്തിയില്‍ അദ്ദേഹം ആശ്രയിച്ചു. ക്രമേണ തന്റെ സഹപ്രവര്‍ത്തകരുടെ അംഗീകാരം സൈമണ്‍ നേടിയെടുത്തു.
ദൈവം നമ്മെ എവിടെ ആക്കിയാലും ദൈവത്തെ അനുഗമിക്കാന്‍ നാം ശ്രമിക്കുമ്പോള്‍ എതിര്‍പ്പുകള്‍ നാം നേരിട്ടേക്കാം. അപ്പോഴാണ് നാം അവനെ പിന്തുടരുന്നതില് ഉറച്ചുനില്ക്കേണ്ടത്. അവന് നമ്മെ വഴിനടത്തുകയും അപ്പുറത്തെത്തിക്കുകയും ചെയ്യും.
ശക്തരായി നില്ക്കുക, ദൈവത്തിന്റെ ദൃഷ്ടി നിങ്ങളുടെമേല്‍ ഉണ്ട്.