Month: ഡിസംബര് 2018

സന്ദേശവാഹകന്

"താങ്കള്‍ക്കൊരു സന്ദേശം എന്‍റെ പക്കലുണ്ട്"  ഞാന്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ ഒരു തുണ്ട് കടലാസ് എന്‍റെ പക്കല്‍ തന്നിട്ടു പറഞ്ഞു. അതു കേട്ടപ്പോള്‍ അതെന്നെ അസ്വസ്ഥപ്പെടുത്തുമോ അതോ സന്തോഷിപ്പിക്കുമോ എന്നു ഞാന്‍ സന്ദേഹിച്ചു. "നിങ്ങള്‍ക്കൊരു അനന്തരവനുണ്ടായി!" എന്നു വായിച്ചപ്പോള്‍ എനിക്കു സന്തോഷിക്കാമെന്നു തോന്നി.

സന്ദേശങ്ങള്‍ക്ക് സുവാര്‍ത്തയും ചീത്ത വാര്‍ത്തയും അല്ലെങ്കില്‍ വെല്ലുവിളിയുടെ വാക്കുകളും കൊണ്ടുവരാന്‍ കഴിയും. പഴയ നിയമത്തില്‍, പ്രത്യാശയുടെയും ന്യായവിധിയുടെയും സന്ദേശങ്ങള്‍ അറിയിക്കാന്‍ ദൈവം തന്‍റെ പ്രവാചകന്മാരെ ഉപയോഗിച്ചു. എന്നാല്‍ നാം അടുത്തു പരിശോധിച്ചാല്‍, ഈ ന്യായവിധിയുടെ സന്ദേശങ്ങള്‍ പോലും മാനസാന്തരത്തിലേക്കും സൗഖ്യത്തിലേക്കും യഥാസ്ഥാപനത്തിലേക്കും നയിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്.

ഈ രണ്ടു തരത്തിലുള്ള സന്ദേശങ്ങളും മലാഖി 3 ല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്-അവനുവേണ്ടി വഴി ഒരുക്കുവാന്‍ യഹോവ ഒരു ദൂതനെ അയയ്ക്കുന്നിടത്താണത്. യോഹന്നാന്‍ സ്നാപകന്‍ സത്യദൂതനായ യേശുവിന്‍റെ വരവ് പ്രഖ്യാപിച്ചു (മത്തായി 3:11 കാണുക)- ദൈവിക വാഗ്ദത്തങ്ങള്‍ നിവര്‍ത്തിക്കുന്ന "നിയമദൂതനുമായവന്‍" (മലാഖി 3:1). എങ്കിലും അവന്‍ "ഊതിക്കഴിക്കുന്നവന്‍റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും" പ്രവര്‍ത്തിക്കും (വാ. 2), കാരണം തന്‍റെ വചനത്തില്‍ വിശ്വസിക്കുന്നവരെ അവന്‍ ശുദ്ധീകരിക്കും. യഹോവയ്ക്കു തന്‍റെ ജനത്തിന്‍റെ ക്ഷേമത്തിലുള്ള താല്പര്യം നിമിത്തം അവരെ ശുദ്ധീകരിക്കുവാന്‍ അവന്‍ തന്‍റെ വചനത്തെ അയച്ചു.

ദൈവത്തിന്‍റെ സന്ദേശം സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സ്വാതന്ത്ര്യത്തിന്‍റെയും സന്ദേശമാണ്. ദൈവം തന്‍റെ പുത്രനെ, നമ്മുടെ ഭാഷ സംസാരിക്കുന്ന ദൂതനായി അയച്ചു-ചിലപ്പോള്‍ തിരുത്തലിന്‍റെയും എന്നാല്‍ എല്ലായ്പ്പോഴും പ്രത്യാശയുടെയും സന്ദേശവുമായി. അവന്‍റെ സന്ദേശത്തില്‍ നമുക്കാശ്രയിക്കാം.

സകലവും പുതിയത്

പഴയ കാറുകള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലം എന്നെ ഗൂഢമായി ആകര്‍ഷിക്കാറുണ്ട്. കാറുകള്‍ നന്നാക്കുന്നത് എനിക്കിഷ്ടമായതിനാല്‍ ഞങ്ങളുടെ വീടിനടുത്തുള്ള ഈ സ്ഥലം ഞാന്‍ കൂടെക്കൂടെ സന്ദര്‍ശിക്കാറുണ്ട്. അതൊരു ഏകാന്ത സ്ഥലമാണ്. ഒരു സമയത്ത് ഒരുവന്‍റെ വിലപ്പെട്ട സമ്പാദ്യമായിരുന്നതും ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കള്‍ക്കിടയിലൂടെ കാറ്റ് മന്ത്രിച്ചുകൊണ്ടു കടന്നുപോകുന്നു. ചിലത് തകര്‍ന്നതും ചിലത് പഴകിത്തേഞ്ഞതും ചിലത് ഉപയോഗിച്ച് കാലപ്പഴക്കം ചെന്നതും. ആ നിരകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഒരു കാറ് എന്നെ ആകര്‍ഷിക്കും, അതിന്‍റെ "ജീവിത കാലത്ത്" അത് ആസ്വദിച്ച സാഹസികതയെക്കുറിച്ച് ഞാന്‍ അത്ഭുതപ്പെടും. ഭൂതകാലത്തിലേക്കുള്ള ഒരു പാതപോലെ, ഓരോന്നിനും ഒരു കഥ പറയാന്‍ ഉണ്ടായിരിക്കും-മനുഷ്യന്‍ ഏറ്റവും പുതിയ മോഡലിനുവേണ്ടി പരക്കം പായുന്നതിനെക്കുറിച്ചും രക്ഷപെടാനാവാത്ത സമയത്തിന്‍റെ വഴിത്താരയെക്കുറിച്ചും.

എന്നാല്‍ ഒരു പഴയ ഭാഗത്തിന് പുതിയ ജീവന്‍ നല്‍കുന്നതിലാണ് ഞാന്‍ പ്രത്യേക താല്പര്യമെടുക്കുന്നത്. ഉപേക്ഷിച്ചുകളഞ്ഞ ഒരു ഭാഗം എടുത്ത് നന്നാക്കുന്ന ഒരു വാഹനത്തിലൂടെ അതിനു പുതുജീവന്‍ കൊടുക്കുമ്പോള്‍, സമയത്തിനും നാശത്തിനും എതിരായ ഒരു ചെറിയ വിജയം പോലെ അതു തോന്നാറുണ്ട്.

ബൈബിളിന്‍റെ അവസാനത്തില്‍ യേശു പറഞ്ഞ വാക്കുകളെക്കുറിച്ചു ചിന്തിക്കാന്‍ അതെന്നെ പ്രേരിപ്പിക്കാറുണ്ട്: "ഇതാ, ഞാന്‍ സകലവും പുതുതാക്കുന്നു!" (വെളിപ്പാട് 21:5). ഈ വാക്കുകള്‍ ദൈവം സൃഷ്ടിയെ പുതുക്കുന്നതിനെക്കുറിച്ചുള്ളതാണ്, അതില്‍ വിശ്വാസികളും ഉള്‍പ്പെടുന്നു. യേശുവിനെ സ്വീകരിച്ച എല്ലാവരും ഇപ്പോള്‍ തന്നെ അവനില്‍ "പുതിയ സൃഷ്ടി" ആണ് (2 കൊരിന്ത്യര്‍ 5:17).

ഒരു ദിവസം നാം അവനോടൊന്നിച്ചുള്ള അവസാനിക്കാത്ത ദിനങ്ങളുടെ വാഗ്ദത്തത്തിലേക്കു പ്രവേശിക്കും (യോഹന്നാന്‍ 14:3). വാര്‍ദ്ധക്യവും രോഗവും നമ്മെ അലട്ടുകയില്ല, നാം നിത്യമായ ജീവകാലത്തിന്‍റെ സാഹസികത ആസ്വദിക്കും. എന്തു കഥയായിരിക്കും നമുക്കോരോരുത്തര്‍ക്കും പറയുവാനുണ്ടാകുക-നമ്മുടെ രക്ഷകന്‍റെ വീണ്ടെടുപ്പിന്‍ സ്നേഹത്തിന്‍റെയും അവസാനിക്കാത്ത വിശ്വസ്തതയുടെയും കഥകള്‍ ആയിരിക്കും അവ.

ഇല്ല എന്നു ദൈവം പറയുമ്പോള്

എല്ലാം സിംഗപ്പൂര്‍ നിവാസികളും ചെയ്യുന്നതുപോലെ പതിനെട്ടാം വയസ്സില്‍ ഞാന്‍ സൈന്യത്തില്‍ ചേര്‍ന്നപ്പോള്‍, എളുപ്പമുള്ള ഒരു പോസ്റ്റിംഗിനുവേണ്ടി ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഒരു ക്ലാര്‍ക്കോ, ഡ്രൈവറോ ഒരു പക്ഷേ. ശാരീരികമായി അത്ര ശക്തനല്ലാത്ത ഞാന്‍ കഠിനമായ പോരാട്ട പരിശീലനത്തില്‍ നിന്നും ഒഴിവാക്കപ്പെടും എന്നു കരുതി. എന്നാല്‍ ഒരു സന്ധ്യയ്ക്ക് ഞാന്‍ എന്‍റെ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു വാക്യം ശ്രദ്ധയില്‍പ്പെട്ടു: "എന്‍റെ കൃപ നിനക്കു മതി" (2 കൊരിന്ത്യര്‍ 12:9).

എന്‍റെ ഹൃദയം തളര്‍ന്നു-അങ്ങനെയല്ലായിരുന്നു വേണ്ടിയിരുന്നത്. ദൈവം എന്‍റെ പ്രാര്‍ത്ഥനയ്ക്കു ഉത്തരം നല്‍കി. ഒരു പ്രയാസമുള്ള ദൗത്യം എനിക്കു ലഭിച്ചാലും അവന്‍ എനിക്കായി കരുതും.

അങ്ങനെ ഞാന്‍ ഒരു സായുധ പട്ടാളക്കാരനായി, ഞാന്‍ എല്ലായ്പ്പോഴും ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്തു. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഞാന്‍ ആഗ്രഹിച്ചത് ദൈവം എനിക്കു നല്‍കാത്തതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. പരിശീലനവും അനുഭവവും എന്നെ ശാരീരികമായും മാനസികമായും ശക്തനാക്കുകയും മുതിര്‍ന്ന പ്രായത്തിലേക്കു കടക്കുന്നതിന് എനിക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്തു.

യെശയ്യാവ് 25:1-5 ല്‍, യിസ്രായേലിന്‍റെ ശിക്ഷയും തുടര്‍ന്ന് അവളുടെ ശത്രുക്കളില്‍നിന്നുള്ള വിടുതലും പ്രവചിച്ചനന്തരം, പ്രവാചകന്‍ ദൈവത്തെ അവന്‍റെ പദ്ധതികള്‍ക്കായി സ്തുതിക്കുന്നു. "ഈ അത്ഭുത കാര്യങ്ങള്‍" എല്ലാം "പണ്ടേയുള്ള ആലോചനകളാണ്'" എന്നു പ്രവാചകന്‍ പറയുന്നു (വാ. 1). എങ്കിലും അവയില്‍ ചില പ്രയാസകരമായ കാലങ്ങളുമുണ്ട്.

ദൈവം ഇല്ല എന്നു പറയുന്നത് കേള്‍ക്കുക പ്രയാസമാണ്, നാം നന്മയായുള്ള ഒരു കാര്യത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ അതു മനസ്സിലാക്കുക പ്രയാസവുമാണ്.-പ്രതിസന്ധിയില്‍നിന്നുള്ള ഒരുവന്‍റെ വിടുതല്‍ പോലെയുള്ള വിഷയങ്ങളില്‍. ആ സമയത്താണ് ദൈവത്തിന്‍റെ ഉത്തമമായ പദ്ധതികളുടെ സത്യത്തില്‍ നാം മുറുകെപ്പിടിക്കേണ്ടത്. എന്തുകൊണ്ട് എന്നു നമുക്കു മനസ്സിലാകുകയില്ല എങ്കിലും നമുക്ക് അവന്‍റെ സ്നേഹത്തിലും നന്മയിലും വിശ്വസ്തതയിലും തുടര്‍ന്നും ആശ്രയിക്കാന്‍ കഴിയും.

നല്ല ഒഴിവാക്കല് ദിവസം

2006 മുതല്‍ ഒരു കൂട്ടം ആളുകള്‍ നവവത്സരത്തോടനുബന്ധിച്ച് അസാധാരണമായൊരു സംഭവം ആഘോഷിക്കുന്നുണ്ട്. അതിനെ നല്ല ഒഴിവാക്കല്‍ ദിവസം എന്നു വിളിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ പാരമ്പര്യം അനുസരിച്ച്, വ്യക്തികള്‍ കഴിഞ്ഞ വര്‍ഷത്തെ അവരുടെ സന്തോഷപ്രദമല്ലാത്തതും അസ്വസ്ഥപ്പെടുത്തുന്നതുമായ ഓര്‍മ്മകളും മോശം വിഷയങ്ങളും എഴുതിയിട്ട് അവ അരയ്ക്കുന്ന മെഷീനിലേക്ക് ഇടും. ചിലര്‍ തങ്ങളുടെ ഒഴിവാക്കല്‍ ഐറ്റങ്ങളെ കൂടം കൊണ്ട് അടിക്കും.

103-ാം സങ്കീര്‍ത്തനത്തിന്‍റെ രചയിതാവ്, ആളുകള്‍ തങ്ങളുടെ അസന്തുഷ്ടമായ ഓര്‍മ്മകള്‍ക്ക് നല്ല ഒഴിവാക്കല്‍ പറയുന്നതിനെക്കാള്‍ മെച്ചപ്പെട്ട ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നു. ദൈവം നമ്മുടെ പാപങ്ങള്‍ക്ക് നല്ല ഒഴിവാക്കല്‍ ആശംസിക്കുന്നതായി അവന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തന്‍റെ ജനത്തോടുള്ള ദൈവത്തിന്‍റെ വിശാലമായ സ്നേഹത്തെ പ്രകടിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍, വാങ്മയ ചിത്രങ്ങള്‍ സങ്കീര്‍ത്തനക്കാരന്‍ ഉപയോഗിക്കുന്നു. ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ വിസ്തൃതിയെ സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള അകലത്തോട് അവന്‍ താരതമ്യപ്പെടുത്തുന്നു (വാ. 11). തുടര്‍ന്ന് സങ്കീര്‍ത്തനക്കാരന്‍ അവന്‍റെ ക്ഷമയെ സ്ഥലസംബന്ധിയായ വാക്കുകളില്‍ വിവരിക്കുന്നു. സൂര്യന്‍ ഉദിക്കുന്ന സ്ഥലം സൂര്യന്‍ അസ്തമിക്കുന്ന സ്ഥലത്തുനിന്നും എത്ര അകലമായിരിക്കുന്നുവോ അതുപോലെ ദൈവം തന്‍റെ ജനത്തിന്‍റെ പാപത്തെ അവരില്‍നിന്നും അകറ്റിയിരിക്കുന്നു (വാ. 12). അവന്‍റെ സ്നേഹവും ക്ഷമയും അനന്തവും പൂര്‍ണ്ണവുമാണെന്ന് ദൈവജനം അറിയണമെന്ന് സങ്കീര്‍ത്തനക്കാരന്‍ ആഗ്രഹിക്കുന്നു. ദൈവം തന്‍റെ ജനത്തോടു പൂര്‍ണ്ണമായി ക്ഷമിച്ചുകൊണ്ട് അവരെ അവരുടെ അകൃത്യങ്ങളുടെ ശക്തിയില്‍ നിന്നും സ്വതന്ത്രരാക്കിയിരിക്കുന്നു.

സുവാര്‍ത്ത! നല്ല ഒഴിവാക്കല്‍ ദിനം ആഘോഷിക്കാന്‍ നാം പുതുവത്സരം വരെ കാത്തിരിക്കേണ്ടതില്ല. യേശുവിലുള്ള വിശ്വാസത്തിലൂടെ, നാം  നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുമ്പോള്‍, അവന്‍ അവയ്ക്ക് നല്ല ഒഴിവാക്കല്‍ ആശംസിക്കുകയും അവയെ സമുദ്രത്തിന്‍റെ ആഴത്തില്‍ ഇട്ടുകളയുകയും ചെയ്യും. ഇന്നത്തെ ദിവസത്തിന് ഒരു നല്ല ഒഴിവാക്കല്‍ ദിനം ആകാന്‍ കഴിയും!

ഉന്നതമായ സ്ഥാനം

എന്‍റെ ഭര്‍ത്താവ് ഒരു സുഹൃത്തിനെ സഭയിലേക്കു ക്ഷണിച്ചു. ആരാധനയ്ക്കുശേഷം സുഹൃത്തു പറഞ്ഞു, "പാട്ടുകളും അന്തരീക്ഷവും എനിക്കിഷ്ടപ്പെട്ടു. എന്നാല്‍ എനിക്കതു മനസ്സിലായില്ല. യേശുവിന് എന്തിനാണ് ഇത്രയധികം മാന്യസ്ഥാനം നല്‍കുന്നത്?"

ക്രിസ്ത്യാനിത്വം എന്നത് ക്രിസ്തുവുമായുള്ള ബന്ധമാണെന്ന് പിന്നീട് അദ്ദേഹം സുഹൃത്തിനു വിശദീകരിച്ചു കൊടുത്തു. അവനെക്കൂടാതെ ക്രിസ്ത്യാനിത്വം അര്‍ത്ഥശൂന്യമാണ്. യേശു നമ്മുടെ ജീവിതത്തില്‍ ചെയ്ത കാര്യങ്ങള്‍ നിമിത്തമാണ് നാം ഒരുമിച്ചു കൂടുകയും ആരാധിക്കുകയും ചെയ്യുന്നത്.

ആരാണ് യേശു, അവനെന്താണു ചെയ്തത്? കൊലൊസ്യര്‍ 1-ല്‍ ഈ ചോദ്യത്തിനുത്തരം അപ്പൊസ്തലനായ പൗലൊസ് നല്‍കുന്നു. ദൈവത്തെ ആരും കണ്ടിട്ടില്ല, എന്നാല്‍ അവനെ പ്രതിബിംബിപ്പിക്കുവാനും വെളിപ്പെടുത്തുവാനും യേശു വന്നു (വാ. 15).  ദൈവപുത്രനായ യേശു, നമുക്കുവേണ്ടി മരിക്കുവാനും നമ്മെ പാപത്തില്‍നിന്നു സ്വതന്ത്രനാക്കുവാനും വന്നു. പാപം നമ്മെ ദൈവിക വിശുദ്ധിയില്‍നിന്നും അകറ്റുന്നു, അതിനാല്‍ പരിപൂര്‍ണ്ണനായ ഒരുവനിലൂടെ മാത്രമേ അനുരഞ്ജനം സാധ്യമാകൂ. അതു യേശുവായിരുന്നു (വാ. 14, 20). മറ്റു വാക്കുകളില്‍,  മറ്റാര്‍ക്കും നല്‍കുവാന്‍ കഴിയാത്തത് യേശു നമുക്കു നല്‍കി-ദൈവത്തിങ്കലേക്കും നിത്യജീവിതത്തിലേക്കുമുള്ള പ്രവേശനം (യോഹന്നാന്‍ 17:3).

എന്തുകൊണ്ട് അവന്‍ ഇത്തരമൊരു മാന്യസ്ഥാനത്തിന് അര്‍ഹനായിരിക്കുന്നത്? അവന്‍ മരണത്തെ ജയിച്ചു. തന്‍റെ സ്നേഹത്താലും ത്യാഗത്താലും നമ്മുടെ ഹൃദയങ്ങളെ അവന്‍ കീഴടക്കി. അവന്‍ ഓരോ ദിവസവും നമുക്കു പുതിയ ശക്തി നല്‍കുന്നു. അവന്‍ നമുക്കു സകലത്തിലും സകലവുമാണ്.

നാം അവനു മഹത്വം കൊടുക്കുന്നത് അവന്‍ അതിനു യോഗ്യനായതുകൊണ്ടാണ്. നാം അവനെ ഉയര്‍ത്തുന്നത് അതാണവന്‍റെ അര്‍ഹമായ സ്ഥാനം എന്നതുകൊണ്ടാണ്. നമ്മുടെ ഹൃദയത്തിലെ ഉന്നതമായ സ്ഥാനം നമുക്കവനു നല്‍കാം.

കേവലം മറ്റൊരു ദിവസമോ?

ക്രിസ്തുമസ് എവരി ഡേയില്‍, വില്യം ഡീന്‍ ഹോവെല്‍, തന്‍റെ ആഗ്രഹം സാധിച്ചുകിട്ടിയ ഒരു കൊച്ചു പെണ്‍കുട്ടിയെക്കുറിച്ചു പറയുന്നു. ഒരു നീണ്ട, കഠിനമായ വര്‍ഷത്തില്‍ അതു എല്ലാ ദിവസവും ക്രിസ്തുമസ് ആയിരുന്നു. മൂന്നാം ദിവസം, സന്തോഷം നേര്‍ത്തുവരാന്‍ തുടങ്ങി. അധികം താമസിയാതെ എല്ലാവരും മിഠായി വെറുത്തു. ടര്‍ക്കി ലഭ്യമല്ലായിരുന്നു, ഉള്ളതിനു തീപിടിച്ച വിലയും. സമ്മാനങ്ങള്‍ കൃതജ്ഞതയോടെ സ്വീകരിക്കാതായി, എല്ലായിടത്തും അതു കൂടിക്കിടന്നു. ആളുകള്‍ പരസ്പരം കോപത്തോടെ നോക്കാന്‍ തുടങ്ങി.

ഹോവെല്‍സിന്‍റെ കഥ ഒരു ആക്ഷേപഹാസ്യമാണെന്നതില്‍ നന്ദി പറയാം. എങ്കിലും ക്രിസ്തുമസ് ആഘോഷത്തിന്‍റെ വിഷയം - നാം അവനെ ബൈബിളിലൂടനീളം കാണുന്നുവെങ്കിലം-നമ്മെ ഒരിക്കലും മടുപ്പിക്കുകയില്ല എന്നത് വലിയൊരു അനുഗ്രഹമാണ്.

യേശു തന്‍റെ പിതാവിന്‍റെ അടുക്കല്‍ മടങ്ങിപ്പോയിക്കഴിഞ്ഞ്, യെശുശേലം ദൈവാലയത്തില്‍ കൂടിവന്ന ജനത്തോട്  "എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴുന്നേല്പിച്ചു തരും" (പ്രവൃ. 3:22; ആവര്‍ത്തനം 18:18) എന്നു മോശെ പ്രവചിച്ച പ്രവാചകനാണ് യേശു എന്ന് അപ്പൊസ്തലനായ പത്രൊസ് പറഞ്ഞു. "ഭൂമിയിലെ സകല വംശങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും" എന്ന് അബ്രഹാമിനോടു ദൈവം വാഗ്ദത്തം ചെയ്തത് യേശുവിനെക്കുറിച്ചുള്ള പരാമര്‍ശമായിരുന്നു (പ്രവൃ. 3:25; ഉല്പത്തി 22:18). യേശുവിന്‍റെ വരവിനെക്കുറിച്ച്, "ശമൂവേല്‍ ആദിയായി സംസാരിച്ച പ്രവാചകന്‍മാര്‍ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു" എന്നു പത്രൊസ് പ്രസ്താവിച്ചു (പ്രവൃ. 3:24).

ആഘോഷം അവസാനിച്ചാലും ക്രിസ്തുമസിന്‍റെ ആത്മാവിനെ നമുക്കു ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയും. ബൈബിളിലെ മുഴുവന്‍ സംഭവങ്ങളിലും ക്രിസ്തുവിനെ കാണുന്നതിലൂടെ ക്രിസ്തുമസ് എന്നത് കേവലം മറ്റൊരു ദിവസം എന്നതിലുപരിയുള്ള ഒന്നാണെന്നു നമുക്കു അംഗീകരിക്കാന്‍ കഴിയും.

ശൈത്യകാല മഞ്ഞ്

ശൈത്യകാലത്ത്, പുലര്‍കാല മഞ്ഞിന്‍റെ ശാന്തതയും നിശബ്ദതയും കൊണ്ടു പുതപ്പിക്കപ്പെട്ട ലോകത്തിന്‍റെ സുന്ദരമായ വിസ്മയത്തിലേക്കു ഞാന്‍ പലപ്പോഴും ഉണര്‍ന്നെഴുന്നേല്ക്കാറുണ്ട്. തന്‍റെ സാന്നിധ്യമറിയിച്ചുകൊണ്ട് രാത്രിയില്‍ വീശുന്ന വസന്തകാല കൊടുങ്കാറ്റിന്‍റെ ഉച്ചത്തിലുള്ള കടന്നുവരവില്‍ നിന്നും വ്യത്യസ്തമായി മഞ്ഞു വരുന്നത് ശാന്തമായിട്ടാണ്. "ശൈത്യകാല മഞ്ഞു പാട്ടില്‍" ഓഡ്രി അസ്സാദ്, യേശുവിനു ലോകത്തിലേക്ക് കൊടുങ്കാറ്റിനെപ്പോലെ ശക്തിയോടെ കടന്നുവരാമായിരുന്നു, മറിച്ച് രാത്രിയില്‍ എന്‍റെ ജനാലയ്ക്കു പുറത്ത് മൃദുവായി ശൈത്യ മഞ്ഞ് പൊഴിയുന്നതുപോലെ ശാന്തമായും പതുക്കെയും അവന്‍ വന്നു എന്നു പാടുന്നു.

യേശുവിന്‍റെ വരവ് അനേകരെ അത്ഭുതപ്പെടുത്തി. ഒരു കൊട്ടാരത്തില്‍ ജനിക്കുന്നതിനു പകരം, ഒരു സാധ്യതയുമില്ലാത്തയിടത്ത്, ബേത്ത്ലഹേമിനു പുറത്തുള്ള ഒരു എളിയ കുടിലില്‍. ലഭ്യമായ ഏക കിടക്കയില്‍ - പുല്‍ത്തൊട്ടി - അവന്‍ കിടന്നു (ലൂക്കൊസ് 2:7). രാജകുടുംബാംഗങ്ങളുടെയും ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരുടെയും പരിചരണത്തിനു പകരം താണവര്‍ഗ്ഗമായ ആട്ടിയന്മാരുടെ സ്വാഗതം അവന്‍ ഏറ്റുവാങ്ങി (വാ. 15-16). സമ്പത്തിനു പകരം, അവനെ ദൈവാലയത്തില്‍ കൊണ്ടു ചെന്നപ്പോള്‍ യേശുവിന്‍റെ മാതാപിതാക്കള്‍ക്ക് വിലകുറഞ്ഞ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെ യാഗം കഴിക്കാനേ കഴിവുണ്ടായിരുന്നുള്ളു (വാ. 24).

യേശു ലോകത്തിലേക്കു പ്രവേശിച്ച ആലോചിക്കാനാവാത്ത രീതി, യെശയ്യാ പ്രവാചകന്‍ പ്രവചിച്ചിരുന്നു; വരുവാന്‍ പോകുന്ന രക്ഷകന്‍, "'നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല" (യെശയ്യാവ് 42:2), "ചതഞ്ഞ ഓട ഒടിച്ചുകളയുകയോ പുകയുന്ന തിരി കെടുത്തിക്കളയുകയോ" ചെയ്യുന്ന തരത്തില്‍ അധികാരത്തോടെ അല്ല അവന്‍ വരുന്നത് (വാ. 3) എന്നും അവന്‍ പ്രവചിച്ചു.  പകരം ദൈവത്തോടുള്ള സമാധാനത്തിന്‍റെ വാഗ്ദത്തവുമായി നമ്മെ തങ്കലേക്കു അടുപ്പിക്കുവാന്‍ തക്കവണ്ണം സൗമ്യനായിട്ടായിരിക്കും അവന്‍ വരിക-പുല്ത്തൊഴുത്തില്‍ പിറന്ന രക്ഷകന്‍റെ അപ്രതീക്ഷിത കഥയില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ലഭ്യമാകുന്ന സമാധാനമാണത്.

അതു സംഗ്രഹിക്കുക

ഓസ്വാള്‍ഡ് ചേമ്പേഴ്സ് ലണ്ടനിലെ ബൈബിള്‍ ട്രെയിനിംഗ് കോേളജില്‍ ആയിരുന്ന വര്‍ഷങ്ങളില്‍ (1911-15), താന്‍ തന്‍റെ ലക്ചറുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഞെട്ടിച്ചുകൊണ്ടാണ് ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നത്. ഒരു യുവതി അതു വിശദീകരിക്കുന്നത്, ചര്‍ച്ച ഒരുമിച്ചുള്ള അടുത്ത ഭക്ഷണ സമയത്തേക്ക് നിശ്ചയിച്ചിരുന്നതിനാല്‍, ചേമ്പേഴ്സിന്‍റെ നേരെ ചോദ്യങ്ങളും തടസ്സവാദങ്ങളും വരുമായിരുന്നു. ഓസ്വാള്‍ഡ് പുഞ്ചിരിച്ചുകൊണ്ട് പറയും, "അതിപ്പോള്‍ വിടുക; അതു പിന്നീട് നിങ്ങളുടെയടുത്തെത്തും." വിഷയം കുറിക്കൊള്ളുവാനും തന്‍റെ സത്യം അവര്‍ക്കു വെളിപ്പെടുത്തുന്നതിനു ദൈവത്തെ അനുവദിക്കുവാനും അദ്ദേഹം അവരെ ഉത്സാഹിപ്പിക്കുമായിരുന്നു.

ഒരു കാര്യം കുറിക്കൊള്ളുക എന്നു പറഞ്ഞാല്‍, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനെക്കുറിച്ച് ആഴമായി ചിന്തിക്കുകയും ചെയ്യുക എന്നാണ്. ബേത്ത്ലഹേമിലെ യേശുവിന്‍റെ ജനനത്തിനും ദൂതന്മാരുടെ പ്രത്യക്ഷതയ്ക്കും മശിഹായെ കാണാന്‍ വന്ന ആട്ടിയന്മാരുടെ സന്ദര്‍ശനത്തിനും ശേഷം, "മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു" (ലൂക്കൊസ് 2:19). പുതിയ നിയമ പണ്ഡിതനായ വി.ഇ.വൈന്‍ പറയുന്നത്, സംഗ്രഹിക്കുക എന്ന പദത്തിന്‍റെ അര്‍ത്ഥം, "ഒരുമിച്ചുകൂട്ടുക, ചര്‍ച്ച നടത്തുക, സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ട് ഒരു സംഭവത്തെ മറ്റൊന്നിനോടു ചേര്‍ത്തു ചിന്തിക്കുക" എന്നിങ്ങനെയാണ് (ഋഃുീശെീൃ്യേ ഉശരശേീിമൃ്യ ീള ചലം ഠലമൊേലിേ ണീൃറെ).

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ നാം ബുദ്ധിമുട്ടുമ്പോള്‍, ദൈവത്തെയും അവന്‍റെ ജ്ഞാനത്തെയും അന്വേഷിക്കുക എന്നതിന്‍റെ അര്‍ത്ഥം സംബന്ധിച്ച മറിയയുടെ വലിയ മാതൃക നമുക്കുണ്ട്.

അവളെപ്പോലെ നാം നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ നടത്തിപ്പ് അംഗീകരിക്കുമ്പോള്‍ നമുക്കു സൂക്ഷിക്കുവാനും നമ്മുടെ ഹൃദയത്തില്‍ സംഗ്രഹിക്കുവാനും കഴിയുന്ന അവന്‍റെ സ്നേഹപൂര്‍വ്വമായ നടത്തിപ്പിനെക്കുറിച്ചുള്ള അനേക പുതിയ കാര്യങ്ങള്‍ നമുക്കു ലഭിക്കും.

സമൃദ്ധിയിലോ കഷ്ടതയിലോ

ആന്‍ വോസ്കാമ്പിന്‍റെ ആയിരം നന്മകള്‍ എന്ന ഗ്രന്ഥം, ദൈവം അവര്‍ക്കുവേണ്ടി ചെയ്ത നന്മകള്‍ ഓരോ ദിവസവും തങ്ങളുടെ ജീവിതത്തില്‍ അന്വേഷിക്കുവാന്‍ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. അതില്‍, അടുക്കള സിങ്കിലെ വര്‍ണ്ണക്കുമിളകള്‍ മുതല്‍ തന്നെപ്പോലെയുള്ള പാപികള്‍ക്കു നല്‍കിയ രക്ഷവരെ, ഓരോ ദിവസവും ദൈവം അവള്‍ക്കുവേണ്ടി (നമുക്കുവേണ്ടിയും) നല്‍കിയ ചെറുതും വലുതുമായ ദാനങ്ങള്‍ രേഖപ്പെടുത്തുന്നു. ജീവിതത്തിന്‍റെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലും ദൈവത്തെ കാണുന്നതിനുള്ള താക്കോലാണ് കൃതജ്ഞത എന്ന് അവള്‍ പറയുന്നു.

അത്തരം "പ്രയാസപ്പെടുത്തുന്ന" നിമിഷങ്ങളുള്ള ജീവിതത്തിന്‍റെ പേരില്‍ പ്രസിദ്ധനാണ് ഇയ്യോബ്. തീര്‍ച്ചയായും അവന്‍റെ നഷ്ടങ്ങള്‍ ആഴമേറിയതും അനേകവുമായിരുന്നു. തന്‍റെ മൃഗസമ്പത്തു മുഴുവന്‍ നഷ്ടപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്‍റെ പത്ത് മക്കളും ഒരുമിച്ചു മരിച്ച വാര്‍ത്തയാണവന്‍ കേട്ടത്. ഇയ്യോബിന്‍റെ ആഴമേറിയ ദുഃഖം അവന്‍റെ പ്രതികരണത്തില്‍ തെളിഞ്ഞു കാണാം: അവന്‍ തന്‍റെ വസ്ത്രം കീറി തല ചിരച്ചു (1:20). ആ വേദനാനിര്‍ഭരമായ നിമിഷങ്ങളിലെ അവന്‍റെ വാക്കുകള്‍, ഇയ്യോബ് കൃതജ്ഞത പരിശീലിച്ചിരുന്നു എന്നു ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു, കാരണം തനിക്കു നഷ്ടപ്പെട്ട സകലവും ദൈവം തനിക്കു തന്നതായിരുന്നു എന്നവന്‍ സമ്മതിച്ചു (വാ. 21). അത്തരം തളര്‍ത്തിക്കളയുന്ന ദുഃഖത്തിന്‍റെ നടുവില്‍ അല്ലാതെ അവനെങ്ങനെ ആരാധിക്കാന്‍ കഴിയും?

ദിനംതോറുമുള്ള നന്ദികരേറ്റലിന്‍റെ പരിശീലനം നഷ്ടത്തിന്‍റെ വേളയില്‍ നാം അനുഭവിക്കുന്ന വേദനയുടെ തീവ്രത കുറയ്ക്കുകയില്ല. പുസ്തകത്തിന്‍റെ പിന്നീടുള്ള ഭാഗത്തു വിശദീകരിക്കുന്നതുപോലെ ഇയ്യോബ് തന്‍റെ സങ്കടത്തില്‍ ചോദ്യം ചെയ്യുകയും മല്ലിടുകയും ചെയ്യുന്നുണ്ട്. എങ്കിലും നമ്മോടുള്ള ദൈവത്തിന്‍റെ നന്മകളെ അംഗീകരിക്കുന്നത്-ഏറ്റവും ചെറിയ കാര്യങ്ങളില്‍ പോലും-നമ്മുടെ ഭൗമിക ജീവിതത്തിലെ അന്ധകാര പൂര്‍ണ്ണമായ നിമിഷങ്ങളിലും നമ്മുടെ സര്‍വ്വശക്തനായ ദൈവത്തിന്‍റെ മുമ്പില്‍ ആരാധനയോടെ മുട്ടു മടക്കുവാന്‍ നമ്മെ തയ്യാറാക്കും.

പ്രത്യാശയാണ് നമ്മുടെ തന്ത്രം

ഇതു ഞാന്‍ എഴുതുമ്പോള്‍, എന്‍റെ ഇഷ്ട ഫുട്ബോള്‍ ടീം തുടര്‍ച്ചയായ എട്ടു തോല്‍വികള്‍ ഏറ്റുവാങ്ങി. ഓരോ പരാജയത്തിലും ഈ സീസണില്‍ അവര്‍ക്കു തിരിച്ചു വരാന്‍ കഴിയുമെന്ന പ്രതീക്ഷ മങ്ങിക്കൊണ്ടിരുന്നു. കോച്ച് ആഴ്ചതോറും മാറ്റങ്ങള്‍ വരുത്തി, എന്നിട്ടും അതു ജയത്തില്‍ കലാശിച്ചില്ല. എന്‍റെ സഹപ്രവര്‍ത്തകരോടു സംസാരിക്കുമ്പോള്‍, വ്യത്യസ്ത ഫലത്തിനായി കാത്തിരിക്കുന്നതുകൊണ്ടു മാത്രം അതു ഉറപ്പു പറയാനാവില്ല എന്നു ഞാന്‍ തമാശയായി പറഞ്ഞു. "പ്രത്യാശ ഒരു തന്ത്രമല്ല" എന്നാണു ഞാന്‍ പറഞ്ഞത്.

ഫുട്ബോളില്‍ അതു ശരിയാണ്. എന്നാല്‍ നമ്മുടെ ആത്മീയ ജീവിതത്തില്‍ അതു നേരെ തിരിച്ചാണ്. ദൈവത്തിലുള്ള പ്രത്യാശ വളര്‍ത്തിയെടുക്കുന്നത് ഒരു തന്ത്രമാണെന്നു മാത്രമല്ല, വിശ്വാസത്തോടും ആശ്രയത്തോടും കൂടി അവനോടു പറ്റിനില്ക്കുന്നത് മാത്രമാണ് ഏക തന്ത്രം. ഇതു പലപ്പോഴും നമ്മെ നിരാശപ്പെടുത്തിയേക്കാം, എങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രത്യാശ നമ്മെ ദൈവത്തിന്‍റെ സത്യത്തിലും ശക്തിയിലും നങ്കൂരമുറപ്പിക്കുവാന്‍ സഹായിക്കും.

മീഖാ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി. യിസ്രായേല്‍ ദൈവത്തില്‍ നിന്നും അകന്നുപോയത് അവന്‍റെ ഹൃദയത്തെ തകര്‍ത്തിരുന്നു. "എനിക്ക് അയ്യോ കഷ്ടം! ... ഭക്തിമാന്‍ ഭൂമിയില്‍നിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയില്‍ നേരുള്ളവന്‍ ആരുമില്ല" (മീഖാ 7:1-2). എന്നാല്‍ തുടര്‍ന്ന് അവന്‍ തന്‍റെ യഥാര്‍ത്ഥ പ്രത്യാശയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു: "ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്‍റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും; എന്‍റെ ദൈവം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കും" (വാ. 7).

കഷ്ട സമയങ്ങളില്‍ പ്രത്യാശ നിലനിര്‍ത്തുവാന്‍ എന്തു ചെയ്യണം? മീഖാ നമുക്കു കാണിച്ചു തരുന്നു: പ്രത്യാശിക്കുക, കാത്തിരിക്കുക, പ്രാര്‍ത്ഥിക്കുക, ഓര്‍മ്മിക്കുക. നമ്മുടെ സാഹചര്യങ്ങള്‍ പ്രതികൂലമായിരിക്കുമ്പോഴും ദൈവം നമ്മുടെ നിലവിളികള്‍ കേള്‍ക്കുന്നു. ഈ നിമിഷങ്ങളില്‍, ദൈവത്തിലുള്ള നമ്മുടെ പ്രത്യാശയില്‍ മുറുകെപ്പിടിക്കുന്നതും അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്നതും ഒരു തന്ത്രമാണ്, ജീവിതത്തിന്‍റെ പ്രതികൂല കാലാവസ്ഥയില്‍ നമ്മെ സഹായിക്കുന്ന ഏക തന്ത്രം.