എന്‍റെ ഭര്‍ത്താവ് ഒരു സുഹൃത്തിനെ സഭയിലേക്കു ക്ഷണിച്ചു. ആരാധനയ്ക്കുശേഷം സുഹൃത്തു പറഞ്ഞു, “പാട്ടുകളും അന്തരീക്ഷവും എനിക്കിഷ്ടപ്പെട്ടു. എന്നാല്‍ എനിക്കതു മനസ്സിലായില്ല. യേശുവിന് എന്തിനാണ് ഇത്രയധികം മാന്യസ്ഥാനം നല്‍കുന്നത്?”

ക്രിസ്ത്യാനിത്വം എന്നത് ക്രിസ്തുവുമായുള്ള ബന്ധമാണെന്ന് പിന്നീട് അദ്ദേഹം സുഹൃത്തിനു വിശദീകരിച്ചു കൊടുത്തു. അവനെക്കൂടാതെ ക്രിസ്ത്യാനിത്വം അര്‍ത്ഥശൂന്യമാണ്. യേശു നമ്മുടെ ജീവിതത്തില്‍ ചെയ്ത കാര്യങ്ങള്‍ നിമിത്തമാണ് നാം ഒരുമിച്ചു കൂടുകയും ആരാധിക്കുകയും ചെയ്യുന്നത്.

ആരാണ് യേശു, അവനെന്താണു ചെയ്തത്? കൊലൊസ്യര്‍ 1-ല്‍ ഈ ചോദ്യത്തിനുത്തരം അപ്പൊസ്തലനായ പൗലൊസ് നല്‍കുന്നു. ദൈവത്തെ ആരും കണ്ടിട്ടില്ല, എന്നാല്‍ അവനെ പ്രതിബിംബിപ്പിക്കുവാനും വെളിപ്പെടുത്തുവാനും യേശു വന്നു (വാ. 15).  ദൈവപുത്രനായ യേശു, നമുക്കുവേണ്ടി മരിക്കുവാനും നമ്മെ പാപത്തില്‍നിന്നു സ്വതന്ത്രനാക്കുവാനും വന്നു. പാപം നമ്മെ ദൈവിക വിശുദ്ധിയില്‍നിന്നും അകറ്റുന്നു, അതിനാല്‍ പരിപൂര്‍ണ്ണനായ ഒരുവനിലൂടെ മാത്രമേ അനുരഞ്ജനം സാധ്യമാകൂ. അതു യേശുവായിരുന്നു (വാ. 14, 20). മറ്റു വാക്കുകളില്‍,  മറ്റാര്‍ക്കും നല്‍കുവാന്‍ കഴിയാത്തത് യേശു നമുക്കു നല്‍കി-ദൈവത്തിങ്കലേക്കും നിത്യജീവിതത്തിലേക്കുമുള്ള പ്രവേശനം (യോഹന്നാന്‍ 17:3).

എന്തുകൊണ്ട് അവന്‍ ഇത്തരമൊരു മാന്യസ്ഥാനത്തിന് അര്‍ഹനായിരിക്കുന്നത്? അവന്‍ മരണത്തെ ജയിച്ചു. തന്‍റെ സ്നേഹത്താലും ത്യാഗത്താലും നമ്മുടെ ഹൃദയങ്ങളെ അവന്‍ കീഴടക്കി. അവന്‍ ഓരോ ദിവസവും നമുക്കു പുതിയ ശക്തി നല്‍കുന്നു. അവന്‍ നമുക്കു സകലത്തിലും സകലവുമാണ്.

നാം അവനു മഹത്വം കൊടുക്കുന്നത് അവന്‍ അതിനു യോഗ്യനായതുകൊണ്ടാണ്. നാം അവനെ ഉയര്‍ത്തുന്നത് അതാണവന്‍റെ അര്‍ഹമായ സ്ഥാനം എന്നതുകൊണ്ടാണ്. നമ്മുടെ ഹൃദയത്തിലെ ഉന്നതമായ സ്ഥാനം നമുക്കവനു നല്‍കാം.