2006 മുതല്‍ ഒരു കൂട്ടം ആളുകള്‍ നവവത്സരത്തോടനുബന്ധിച്ച് അസാധാരണമായൊരു സംഭവം ആഘോഷിക്കുന്നുണ്ട്. അതിനെ നല്ല ഒഴിവാക്കല്‍ ദിവസം എന്നു വിളിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ പാരമ്പര്യം അനുസരിച്ച്, വ്യക്തികള്‍ കഴിഞ്ഞ വര്‍ഷത്തെ അവരുടെ സന്തോഷപ്രദമല്ലാത്തതും അസ്വസ്ഥപ്പെടുത്തുന്നതുമായ ഓര്‍മ്മകളും മോശം വിഷയങ്ങളും എഴുതിയിട്ട് അവ അരയ്ക്കുന്ന മെഷീനിലേക്ക് ഇടും. ചിലര്‍ തങ്ങളുടെ ഒഴിവാക്കല്‍ ഐറ്റങ്ങളെ കൂടം കൊണ്ട് അടിക്കും.

103-ാം സങ്കീര്‍ത്തനത്തിന്‍റെ രചയിതാവ്, ആളുകള്‍ തങ്ങളുടെ അസന്തുഷ്ടമായ ഓര്‍മ്മകള്‍ക്ക് നല്ല ഒഴിവാക്കല്‍ പറയുന്നതിനെക്കാള്‍ മെച്ചപ്പെട്ട ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നു. ദൈവം നമ്മുടെ പാപങ്ങള്‍ക്ക് നല്ല ഒഴിവാക്കല്‍ ആശംസിക്കുന്നതായി അവന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തന്‍റെ ജനത്തോടുള്ള ദൈവത്തിന്‍റെ വിശാലമായ സ്നേഹത്തെ പ്രകടിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍, വാങ്മയ ചിത്രങ്ങള്‍ സങ്കീര്‍ത്തനക്കാരന്‍ ഉപയോഗിക്കുന്നു. ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ വിസ്തൃതിയെ സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള അകലത്തോട് അവന്‍ താരതമ്യപ്പെടുത്തുന്നു (വാ. 11). തുടര്‍ന്ന് സങ്കീര്‍ത്തനക്കാരന്‍ അവന്‍റെ ക്ഷമയെ സ്ഥലസംബന്ധിയായ വാക്കുകളില്‍ വിവരിക്കുന്നു. സൂര്യന്‍ ഉദിക്കുന്ന സ്ഥലം സൂര്യന്‍ അസ്തമിക്കുന്ന സ്ഥലത്തുനിന്നും എത്ര അകലമായിരിക്കുന്നുവോ അതുപോലെ ദൈവം തന്‍റെ ജനത്തിന്‍റെ പാപത്തെ അവരില്‍നിന്നും അകറ്റിയിരിക്കുന്നു (വാ. 12). അവന്‍റെ സ്നേഹവും ക്ഷമയും അനന്തവും പൂര്‍ണ്ണവുമാണെന്ന് ദൈവജനം അറിയണമെന്ന് സങ്കീര്‍ത്തനക്കാരന്‍ ആഗ്രഹിക്കുന്നു. ദൈവം തന്‍റെ ജനത്തോടു പൂര്‍ണ്ണമായി ക്ഷമിച്ചുകൊണ്ട് അവരെ അവരുടെ അകൃത്യങ്ങളുടെ ശക്തിയില്‍ നിന്നും സ്വതന്ത്രരാക്കിയിരിക്കുന്നു.

സുവാര്‍ത്ത! നല്ല ഒഴിവാക്കല്‍ ദിനം ആഘോഷിക്കാന്‍ നാം പുതുവത്സരം വരെ കാത്തിരിക്കേണ്ടതില്ല. യേശുവിലുള്ള വിശ്വാസത്തിലൂടെ, നാം  നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുമ്പോള്‍, അവന്‍ അവയ്ക്ക് നല്ല ഒഴിവാക്കല്‍ ആശംസിക്കുകയും അവയെ സമുദ്രത്തിന്‍റെ ആഴത്തില്‍ ഇട്ടുകളയുകയും ചെയ്യും. ഇന്നത്തെ ദിവസത്തിന് ഒരു നല്ല ഒഴിവാക്കല്‍ ദിനം ആകാന്‍ കഴിയും!