“താങ്കള്‍ക്കൊരു സന്ദേശം എന്‍റെ പക്കലുണ്ട്”  ഞാന്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ ഒരു തുണ്ട് കടലാസ് എന്‍റെ പക്കല്‍ തന്നിട്ടു പറഞ്ഞു. അതു കേട്ടപ്പോള്‍ അതെന്നെ അസ്വസ്ഥപ്പെടുത്തുമോ അതോ സന്തോഷിപ്പിക്കുമോ എന്നു ഞാന്‍ സന്ദേഹിച്ചു. “നിങ്ങള്‍ക്കൊരു അനന്തരവനുണ്ടായി!” എന്നു വായിച്ചപ്പോള്‍ എനിക്കു സന്തോഷിക്കാമെന്നു തോന്നി.

സന്ദേശങ്ങള്‍ക്ക് സുവാര്‍ത്തയും ചീത്ത വാര്‍ത്തയും അല്ലെങ്കില്‍ വെല്ലുവിളിയുടെ വാക്കുകളും കൊണ്ടുവരാന്‍ കഴിയും. പഴയ നിയമത്തില്‍, പ്രത്യാശയുടെയും ന്യായവിധിയുടെയും സന്ദേശങ്ങള്‍ അറിയിക്കാന്‍ ദൈവം തന്‍റെ പ്രവാചകന്മാരെ ഉപയോഗിച്ചു. എന്നാല്‍ നാം അടുത്തു പരിശോധിച്ചാല്‍, ഈ ന്യായവിധിയുടെ സന്ദേശങ്ങള്‍ പോലും മാനസാന്തരത്തിലേക്കും സൗഖ്യത്തിലേക്കും യഥാസ്ഥാപനത്തിലേക്കും നയിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്.

ഈ രണ്ടു തരത്തിലുള്ള സന്ദേശങ്ങളും മലാഖി 3 ല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്-അവനുവേണ്ടി വഴി ഒരുക്കുവാന്‍ യഹോവ ഒരു ദൂതനെ അയയ്ക്കുന്നിടത്താണത്. യോഹന്നാന്‍ സ്നാപകന്‍ സത്യദൂതനായ യേശുവിന്‍റെ വരവ് പ്രഖ്യാപിച്ചു (മത്തായി 3:11 കാണുക)- ദൈവിക വാഗ്ദത്തങ്ങള്‍ നിവര്‍ത്തിക്കുന്ന “നിയമദൂതനുമായവന്‍” (മലാഖി 3:1). എങ്കിലും അവന്‍ “ഊതിക്കഴിക്കുന്നവന്‍റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും” പ്രവര്‍ത്തിക്കും (വാ. 2), കാരണം തന്‍റെ വചനത്തില്‍ വിശ്വസിക്കുന്നവരെ അവന്‍ ശുദ്ധീകരിക്കും. യഹോവയ്ക്കു തന്‍റെ ജനത്തിന്‍റെ ക്ഷേമത്തിലുള്ള താല്പര്യം നിമിത്തം അവരെ ശുദ്ധീകരിക്കുവാന്‍ അവന്‍ തന്‍റെ വചനത്തെ അയച്ചു.

ദൈവത്തിന്‍റെ സന്ദേശം സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സ്വാതന്ത്ര്യത്തിന്‍റെയും സന്ദേശമാണ്. ദൈവം തന്‍റെ പുത്രനെ, നമ്മുടെ ഭാഷ സംസാരിക്കുന്ന ദൂതനായി അയച്ചു-ചിലപ്പോള്‍ തിരുത്തലിന്‍റെയും എന്നാല്‍ എല്ലായ്പ്പോഴും പ്രത്യാശയുടെയും സന്ദേശവുമായി. അവന്‍റെ സന്ദേശത്തില്‍ നമുക്കാശ്രയിക്കാം.