ശൈത്യകാലത്ത്, പുലര്‍കാല മഞ്ഞിന്‍റെ ശാന്തതയും നിശബ്ദതയും കൊണ്ടു പുതപ്പിക്കപ്പെട്ട ലോകത്തിന്‍റെ സുന്ദരമായ വിസ്മയത്തിലേക്കു ഞാന്‍ പലപ്പോഴും ഉണര്‍ന്നെഴുന്നേല്ക്കാറുണ്ട്. തന്‍റെ സാന്നിധ്യമറിയിച്ചുകൊണ്ട് രാത്രിയില്‍ വീശുന്ന വസന്തകാല കൊടുങ്കാറ്റിന്‍റെ ഉച്ചത്തിലുള്ള കടന്നുവരവില്‍ നിന്നും വ്യത്യസ്തമായി മഞ്ഞു വരുന്നത് ശാന്തമായിട്ടാണ്. “ശൈത്യകാല മഞ്ഞു പാട്ടില്‍” ഓഡ്രി അസ്സാദ്, യേശുവിനു ലോകത്തിലേക്ക് കൊടുങ്കാറ്റിനെപ്പോലെ ശക്തിയോടെ കടന്നുവരാമായിരുന്നു, മറിച്ച് രാത്രിയില്‍ എന്‍റെ ജനാലയ്ക്കു പുറത്ത് മൃദുവായി ശൈത്യ മഞ്ഞ് പൊഴിയുന്നതുപോലെ ശാന്തമായും പതുക്കെയും അവന്‍ വന്നു എന്നു പാടുന്നു.

യേശുവിന്‍റെ വരവ് അനേകരെ അത്ഭുതപ്പെടുത്തി. ഒരു കൊട്ടാരത്തില്‍ ജനിക്കുന്നതിനു പകരം, ഒരു സാധ്യതയുമില്ലാത്തയിടത്ത്, ബേത്ത്ലഹേമിനു പുറത്തുള്ള ഒരു എളിയ കുടിലില്‍. ലഭ്യമായ ഏക കിടക്കയില്‍ – പുല്‍ത്തൊട്ടി – അവന്‍ കിടന്നു (ലൂക്കൊസ് 2:7). രാജകുടുംബാംഗങ്ങളുടെയും ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരുടെയും പരിചരണത്തിനു പകരം താണവര്‍ഗ്ഗമായ ആട്ടിയന്മാരുടെ സ്വാഗതം അവന്‍ ഏറ്റുവാങ്ങി (വാ. 15-16). സമ്പത്തിനു പകരം, അവനെ ദൈവാലയത്തില്‍ കൊണ്ടു ചെന്നപ്പോള്‍ യേശുവിന്‍റെ മാതാപിതാക്കള്‍ക്ക് വിലകുറഞ്ഞ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെ യാഗം കഴിക്കാനേ കഴിവുണ്ടായിരുന്നുള്ളു (വാ. 24).

യേശു ലോകത്തിലേക്കു പ്രവേശിച്ച ആലോചിക്കാനാവാത്ത രീതി, യെശയ്യാ പ്രവാചകന്‍ പ്രവചിച്ചിരുന്നു; വരുവാന്‍ പോകുന്ന രക്ഷകന്‍, “‘നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല” (യെശയ്യാവ് 42:2), “ചതഞ്ഞ ഓട ഒടിച്ചുകളയുകയോ പുകയുന്ന തിരി കെടുത്തിക്കളയുകയോ” ചെയ്യുന്ന തരത്തില്‍ അധികാരത്തോടെ അല്ല അവന്‍ വരുന്നത് (വാ. 3) എന്നും അവന്‍ പ്രവചിച്ചു.  പകരം ദൈവത്തോടുള്ള സമാധാനത്തിന്‍റെ വാഗ്ദത്തവുമായി നമ്മെ തങ്കലേക്കു അടുപ്പിക്കുവാന്‍ തക്കവണ്ണം സൗമ്യനായിട്ടായിരിക്കും അവന്‍ വരിക-പുല്ത്തൊഴുത്തില്‍ പിറന്ന രക്ഷകന്‍റെ അപ്രതീക്ഷിത കഥയില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ലഭ്യമാകുന്ന സമാധാനമാണത്.