നട്ടെല്ലിനുണ്ടായ ക്ഷതം നിമിത്തം ശരീരം തളർന്നതിനു ശേഷം എം.ബി.എ. യ്ക്ക് ചേരാൻ മാർട്ടി തീരുമാനിച്ചു. മാർട്ടിയുടെ അമ്മ ജൂഡി അവന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു സഹായിച്ചു. ഓരോ ക്ലാസ്സിലും സ്റ്റഡി ഗ്രൂപ്പിലും അവൾ അവനോടൊപ്പം ഇരിക്കുകയും നോട്ടുകൾ കുറിക്കുകയും ടെക്നോളജി വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. അവൻ ഡിപ്ലോമ സ്വീകരിക്കുന്നതിനായി പ്ലാറ്റ്ഫോമിൽ കയറുന്നതിനുപോലും അവൾ സഹായിച്ചു. അസാധ്യമായിരുന്ന ഒരു കാര്യം സ്ഥിരവും പ്രായോഗികവുമായ സഹായത്തിലൂടെ നേടാൻ മാർട്ടിക്കു കഴിഞ്ഞു.

താൻ ഭൂമിയിൽ നിന്നും പോയ ശേഷം തന്റെ ശിഷ്യന്മാർക്ക് സമാനമായ സഹായം വേണ്ടിവരുമെന്ന് യേശു അറിഞ്ഞിരുന്നു. തന്റെ ആസന്നമായ അസാന്നിധ്യത്തെക്കുറിച്ച് അവൻ അവരോടു പറഞ്ഞപ്പോൾ, പരിശുദ്ധാത്മാവിലൂടെ ദൈവവുമായി പുതിയൊരു ബന്ധം അവർക്ക് ലഭിക്കും എന്നവൻ പറഞ്ഞു. ഈ ആത്മാവ് നിമിഷത്തിനു നിമിഷം സഹായി ആണ് – അവരോടൊപ്പം വസിക്കുക മാത്രമല്ല അവരിൽ വസിക്കുകയും ചെയ്യുന്ന അധ്യാപക

നും വഴികാട്ടിയും ആയിരിക്കും അവൻ (യോഹ. 14:17,26).

ആത്മാവ് യേശുവിന്റെ ശിഷ്യന്മാർക്ക് ദൈവത്തിൽ നിന്നുള്ള ആന്തരിക സഹായം ലഭ്യമാക്കുന്നു. സുവിശേഷം പ്രസംഗിക്കാൻ പോകുമ്പോൾ അവര്ക്കെതിരെ വരുന്ന, അവർക്ക് തനിയെ നേരിടാൻ കഴിയാത്ത പ്രശ്നങ്ങളെ നേരിടാൻ അതവരെ പ്രാപ്തരാക്കുന്നു. പോരാട്ടത്തിന്റെ നിമിഷങ്ങളിൽ, യേശു അവരോടു പറഞ്ഞ കാര്യങ്ങൾ ആത്മാവ് അവരെ ഓർമ്മിപ്പിക്കും (വാ. 26). നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് … തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ … ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു.

നിങ്ങളുടെ കഴിവിനും പ്രാപ്തിക്കും അതീതമായ എന്തെങ്കിലും നിങ്ങൾ നേരിടുന്നുണ്ടോ? ആത്മാവിന്റെ നിരന്തര സഹായത്തിൽ നിങ്ങൾക്ക് ആശ്രയിക്കാം. നിങ്ങളിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ ആത്മാവ്, അവൻ അർഹമായ മഹത്വം അവനു ലഭ്യമാക്കും.