സുവിശേഷം പ്രസംഗിക്കുന്നതിന് നിരോധനമുള്ള വാതിൽ അടയ്ക്കപ്പെട്ട ഒരു രാജ്യത്താണ് എമി ജീവിക്കുന്നത്. നവജാത ശിശുക്കളെ പരിചരിക്കുന്ന ഒരു വലിയ ആശുപത്രിയിൽ പ്രവർത്തിക്കുന്ന പരിശീലനം സിദ്ധിച്ച നേഴ്സാണ് അവൾ. വളരെ സമർപ്പണത്തോടെ പ്രവർത്തിക്കുന്നതു നിമിത്തം അവളുടെ പ്രവർത്തനം മറ്റുള്ളവർ ശ്രദ്ധിക്കുകയും അനേക സ്ത്രീകൾ അവളിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അവർ അവളെ സ്വകാര്യമായി സമീപിക്കുവാൻ തുടങ്ങി. അതെത്തുടർന്ന് എമി തന്റെ രക്ഷകനെക്കുറിച്ച് പരസ്യമായി പറയാൻ തുടങ്ങി.

അവളുടെ നല്ല പ്രവർത്തനങ്ങൾ നിമിത്തം ചില സഹപ്രവർത്തകർ അസൂയാലുക്കളാകുകയും അവൾ മരുന്നുകൾ മോഷ്ടിക്കുന്നതായി ആരോപിക്കുകയും ചെയ്തു. അവളുടെ മേധാവികൾ അവരെ വിശ്വസിച്ചില്ല, അവർ ക്രമേണ യഥാർത്ഥ മോഷ്ടാവിനെ പിടികൂടി. ഈ സംഭവം അവളുടെ വിശ്വാസത്തെക്കുറിച്ച് അന്വേഷിക്കാൻ സഹപ്രവർത്തരായ ചില നേഴ്സുമാരെ പ്രേരിപ്പിച്ചു. അവളുടെ അനുഭവം പത്രൊസ് പറഞ്ഞ കാര്യം എന്നെ ഓർമ്മിപ്പിച്ചു: “പ്രിയമുള്ളവരേ, … ജാതികൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്ശനദിവസത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിൻ, അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു”  (2 പത്രൊസ് 2:11-12).

നമ്മില് പ്രവർത്തിക്കാൻ നാം ദൈവത്തെ അനുവദിക്കുമ്പോൾ നമ്മുടെ ഭവനത്തിലെയും ജോലി സ്ഥലത്തെയും അല്ലെങ്കിൽ സ്കൂളിലെയും ദൈനദിന ജീവിതം മറ്റുള്ളവരുടെമേൽ സ്വാധീനം ചെലുത്തുവാൻ നമുക്കു കഴിയും. നാം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയെ നോക്കിക്കൊണ്ടിരിക്കുന്ന ജനത്താൽ നാം വലയം ചെയ്യപ്പെട്ടിരിക്കുകയാണ്. നമുക്കു ദൈവത്തിലാശ്രയിക്കുകയും നമ്മുടെ പ്രവർത്തനങ്ങളെയും ചിന്തകളെയും നിയന്ത്രിക്കുകയും ചെയ്യാനനുവദിക്കുകയും ചെയ്യാം. അപ്പോൾ നമുക്കു വിശ്വസിക്കാത്തവരെ സ്വാധീനിക്കാനും അവരിൽ ചിലർ യേശുവിങ്കലേക്കു വരാൻ കാരണമാകുകയും ചെയ്യും.