കഴിഞ്ഞ വേനൽക്കാലത്ത് ഞാനും ഭർത്താവും ഫോളിംഗ്വാട്ടർ എന്ന നിർമ്മിതി കാണാൻ പോയി. ഉൾനാടൻ പെൻസിൽവേനിയയിലെ ഈ വീട് 1935 ൽ ശില്പി ഫ്രാങ്ക് ലോയിഡ് റൈറ്റ് രൂപകല്പന ചെയ്തതാണ്.
അതുപോലെയൊന്ന് ഞാൻ മുമ്പു കണ്ടിട്ടേയില്ല. പ്രകൃതിഭംഗിക്ക് ഇണങ്ങുന്ന, അവിടെ സ്വാഭാവികമായി ഉണ്ടായിരുന്നതായി തോന്നുന്ന, രീതിയിലുള്ള ഒരു വീടു നിർമ്മിക്കാൻ ലോയ്ഡ് ആഗ്രഹിച്ചു-അദ്ദേഹം തന്റെ ലക്ഷ്യം നേടിയെടുത്തു. ഒരു വെള്ളച്ചാട്ടത്തിനു ചുറ്റുമായി അദ്ദേഹം വീടു നിർമ്മിച്ചു, അതിന്റെ നിർമ്മാണ ശൈലി ചുറ്റുമുള്ള പാറകളെ പ്രതിഫലിപ്പിച്ചു. നിർമ്മിതിയെ സുരക്ഷിതമാക്കുന്നതെന്തെന്ന് ഞങ്ങളുടെ ഗൈഡ് വിശദീകരിച്ചു: “വീടിന്റെ ലംബമായുള്ള മുഴുവൻ നിര്‍മ്മാണവും പാറമേലാണ് ഉറപ്പിച്ചിരിക്കുന്നത്.”
അവളുടെ വാക്കുകൾ കേട്ടപ്പോൾ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞ വാക്കുകൾ എനിക്ക് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. ഗിരിപ്രഭാഷണത്തിന്റെ വേളയിൽ, തന്റെ ഉപദേശങ്ങൾ അവരുടെ ജീവിതത്തിനുള്ള ഉറപ്പേറിയ അടിസ്ഥാനമാണെന്ന് അവൻ പറഞ്ഞു. അവർ അവന്റെ വാക്കുകൾ കേൾക്കുകയും അവ ജീവിതത്തിൽ പകർത്തുകയും ചെയ്താൽ, ഏതു കൊടുങ്കാറ്റിനെയും അതിജീവിക്കാൻ അവർ പ്രാപ്തരാകും. കേൾക്കുന്നവർ അനുസരിക്കുന്നില്ലെങ്കിൽ, മണലിന്മേൽ വീടു പണിതതുപോലെയാകും (മത്തായി 7:24-27). പിന്നീട്, ക്രിസ്തു അടിസ്ഥാനമാണെന്നും നിലനിൽക്കുന്ന പണിയിലൂടെ നാം അതിന്മേൽ പണിയണമെന്നും എഴുതിയപ്പോൾ പൗലൊസും ഇതേ ചിന്ത ആവര്‍ത്തിച്ചു (1 കൊരിന്ത്യർ 3:11).
നാം യേശുവിന്റെ വാക്കുകൾ കേട്ട് അവ അനുസരിക്കുമ്പോൾ, നാം നമ്മുടെ ജീവിതങ്ങളെ സുസ്ഥിരവും പാറ പോലെ ഉറപ്പേറിയതുമായ അടിസ്ഥാനത്തിന്മേൽ പണിയുകയാണ്. ഒരുപക്ഷേ നമ്മുടെ ജീവിതങ്ങൾ ഫോളിംഗ്വാട്ടർ പോലെ ഒരല്പം സുന്ദരവും പാറമേൽ നിലനിൽക്കുന്നതുമായി മാറിയേക്കാം.
എന്തിന്മേലാണ് നിങ്ങൾ നിങ്ങളുടെ ജീവിതത്തെ പണിയുന്നത്?