അടുത്തയിടെ, മൂന്നു മണിക്കൂർ അകലെ താമസിക്കുന്ന എന്റെ മകന്റെ വീടിന്റെ നിർമ്മാണ പ്രോജെക്റ്റിൽ ഞാൻ പ്രവർത്തിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ ദിവസങ്ങൾ അതിനെടുത്തു. ഓരോ ദിവസവും സന്ധ്യയ്ക്കു മുമ്പ് പണി തീരണമെന്നു ഞാൻ പ്രാർത്ഥിച്ചു. എന്നാൽ ഓരോ സന്ധ്യയിലും പിന്നെയും ജോലി ശേഷിച്ചു.
എന്തുകൊണ്ടാണെന്നു ഞാൻ അത്ഭുതപ്പെട്ടു. താമസിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ? മറുപടി അടുത്ത പ്രഭാതത്തിൽ ലഭിച്ചു. ഒരു പണിയായുധം ഞാൻ എടുത്തപ്പോൾ ഒരു ഫോണ്‍ വരികയും ഒരു അപരിചിതന്റെ ശബ്ദം മുഴങ്ങുകയും ചെയ്തു: “താങ്കളുടെ മക്കൾക്ക് ഒരു അപകടത്തിൽ പരിക്കേറ്റു. താങ്കൾ ഉടനെത്തണം.”
എന്റെ മകന്റെ വീടിനടുത്തായിരുന്നു അവൾ താമസിച്ചിരുന്നത്, അതിനാൽ പതിനാലു മിനിറ്റുകൊണ്ട് ഞാൻ അവിടെയെത്തി. ഞാൻ വീട്ടിലായിരുന്നുവെങ്കിൽ അവിടെയെത്താൻ മൂന്നു മണിക്കൂർ എടുക്കുമായിരുന്നു. ഞാൻ ആംബുലൻസിൽ അവളെ പിന്തുടരുകയും സര്‍ജറിക്ക് മുമ്പേ അവളെ ആശ്വസിപ്പിക്കുകയും ചെയ്തു. അവളുടെ കൈ പിടിച്ച് ഞാൻ ഇരുന്നപ്പോൾ, പ്രോജക്ട് താമസിച്ചിരുന്നില്ലെങ്കിൽ ഞാൻ അവിടെ കാണുമായിരുന്നില്ല എന്നു ഞാൻ മനസ്സിലാക്കി.
നമ്മുടെ നിമിഷങ്ങൾ ദൈവത്തിന്റെ വകയാണ്. എലീശാ പ്രവാചകനിലൂടെ ദൈവം ഉയിർപ്പിച്ച ബാലന്റെ മാതാവിന്റെ അനുഭവം ഇതായിരുന്നു (2 രാജാക്കന്മാർ 4:18-37). അവൾ ക്ഷാമം നിമിത്തം രാജ്യം വിട്ടുപോകുകയും വർഷങ്ങൾക്കുശേഷം മടങ്ങിവന്ന് തന്റെ ഭൂമി മടക്കിക്കിട്ടാൻ രാജാവിന്റെ സഹായം തേടുകയും ചെയ്തു. ആ നിമിഷത്തിൽ രാജാവ് പ്രവാചകന്റെ ദാസനായ ഗേഹസിയുമായി സംസാരിക്കുകയായിരുന്നു: “മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവൻ രാജാവിനെ കേള്‍പ്പിക്കുമ്പോൾ തന്നേ അവൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിച്ചു” (8:5). അവളുടെ അപേക്ഷ അനുവദിക്കപ്പെട്ടു.
അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നു നമുക്കറിഞ്ഞുകൂടാ. എങ്കിലും ഏതു നിമിഷത്തെയും കൃപാപൂര്‍വ്വം നന്മയാക്കി മാറ്റുവാൻ ദൈവത്തിനു കഴിയും. നമുക്കുവേണ്ടി ഇന്നത്തേക്കുള്ള അവന്റെ പദ്ധതി നടപ്പാകുന്നതിനായി അവനോടു ചേർന്ന് നടക്കുന്നതിനുള്ള കൃപ ദൈവം നമുക്കു നൽകട്ടെ.
നമ്മുടെ ജീവിതം നമ്മുടെ കരങ്ങളിലായിരിക്കുന്നതിനെക്കാൾ നന്നായി ദൈവകരങ്ങളിലായിരിരക്കും.