ഗ്രൂപ്പിലെ മറ്റുള്ളവര്‍ വെല്ലുവിളികളും രോഗവും നേരിടുന്ന കുടുംബാംഗങ്ങള്‍ക്കും സ്നേഹിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥന അപേക്ഷിച്ചപ്പോള്‍ ഡയാന ശ്രദ്ധിച്ചു കൊണ്ടിരുന്നു. വര്‍ഷങ്ങളായി മയക്കു മരുന്നിന് അടിമപ്പെട്ട ഒരു പ്രിയപ്പെട്ട കുടുംബാംഗം അവള്‍ക്കുണ്ടായിരുന്നു. പക്ഷെ ഡയാന തന്‍റെ പ്രാര്‍ത്ഥന ആവശ്യം പറയാതെ മൗനം പാലിച്ചു. ആളുകളുടെ മുഖത്തെ നോട്ടം അല്ലെങ്കില്‍ അവരുടെ ചോദ്യങ്ങള്‍ അല്ലെങ്കില്‍ വിഷയം പറയുമ്പോള്‍ അവര്‍ നല്‍കിയേക്കാവുന്ന ഉപദേശം എന്നിവയെ അവള്‍ ഭയപ്പെട്ടു. അതിനാല്‍ തന്‍റെ പ്രാര്‍ത്ഥനാ ആവശ്യം പറയാതെ സൂക്ഷിക്കുകയാണ് ഉത്തമം എന്നവള്‍ ഉറപ്പിച്ചു. അവളുടെ പ്രിയപ്പെട്ടവന്‍ ഒരു ക്രിസ്തു വിശ്വാസി ആയിരിക്കുകയും അതേ സമയം ദിവസവും പോരാട്ടം അനുഭവിക്കുകയും ചെയ്യുന്നത് എങ്ങനെ എന്നു മറ്റുള്ളവര്‍ക്ക് മനസ്സിലാകയില്ല.

ഡയാന തന്‍റെ പ്രാര്‍ത്ഥന ആവശ്യം ആ ഗ്രൂപ്പില്‍ പങ്കുവെച്ചില്ലെങ്കിലും തന്നോടൊപ്പം പ്രാര്‍ത്ഥിക്കാന്‍ അവള്‍ അപേക്ഷിച്ച ചില അടുത്ത സ്നേഹിതര്‍ അവള്‍ക്കുണ്ടായിരുന്നു. ക്രിസ്തുവിലുള്ള യഥാര്‍ത്ഥ സ്വാതന്ത്ര്യം അവന്‍ അനുഭവിക്കാന്‍ തക്കവണ്ണം അസക്തിയുടെ ബന്ധനത്തില്‍ നിന്നും അവന്‍ വിടുവിക്കപ്പെടുന്നതിനായി അവര്‍ ഒരുമിച്ചു ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ഒപ്പം ഡയാനയ്ക്കു വേണ്ട സമാധാനവും ക്ഷമയും ദൈവം നല്‍കുവാനും അവര്‍ പ്രാര്‍ത്ഥിച്ചു. അങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ അവനുമായുള്ള തന്‍റെ ബന്ധത്തില്‍ അവള്‍ ആശ്വാസവും ശക്തിയും പ്രാപിച്ചു.

നമ്മില്‍ പലരും തീവ്രമായും സ്ഥിരമായും പ്രാര്‍ത്ഥിച്ചിട്ടു മറുപടി കിട്ടാതെ പോയിട്ടുണ്ടാകും. എങ്കിലും നമ്മുടെ അപേക്ഷകള്‍ ദൈവം കേള്‍ക്കുന്നു എന്നും അവന്‍ കരുതുന്നു എന്നും ഉറപ്പാക്കാന്‍ നമുക്ക് കഴിയും. “ആശയില്‍ സന്തോഷിച്ചും കഷ്ടതയില്‍ സഹിഷ്ണുത കാണിച്ചും പ്രാര്‍ത്ഥനയില്‍ ഉറ്റിരുന്നും” (റോമര്‍ 12:12) അവനോടു ചേര്‍ന്നു നടക്കാന്‍ അവന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. അവനില്‍ നമുക്കു ചാരാന്‍ കഴിയും.