എന്‍റെ സുഹൃത്തിനെ യുഎസില്‍ നിന്നുള്ള ഒരു മിഷനറി ദമ്പതികള്‍ ദത്തെടുക്കുകയും ഘാനയില്‍ വളരുകയും ചെയ്തു. ആ കുടുംബം അമേരിക്കയിലേക്ക് മടങ്ങി പോയിക്കഴിഞ്ഞ് അവന്‍ കോളേജില്‍ ചേര്‍ന്നു എങ്കിലും താമസിയാതെ പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് മിലിറ്ററിയില്‍ ചേരാന്‍ ഒപ്പു വച്ചു. അതവന്‍റെ പഠനത്തിന് ആവശ്യമായ പണം നല്‍കുകയും ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ അവനു അവസരം നല്കുകയും ചെയ്തു. ഇതിലൂടെ എല്ലാം ഒരു പ്രത്യേക ദൗത്യത്തിനായി ദൈവം അവനെ ഒരുക്കുകയായിരുന്നു. ഇന്ന് അദ്ദേഹം ലോകമെമ്പാടുമുള്ള വായനക്കാര്‍ക്കായി ക്രിസ്തീയ സാഹിത്യം എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു.

അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും താല്പര്യജനകമായ ഒരു കഥയുണ്ട്. അപസ്മാരത്തിനു കഴിച്ച മരുന്നിന്‍റെ ശക്തി മൂലം കോളേജിലെ ഒന്നാം വര്‍ഷത്തില്‍ തന്നെ കെമിസ്ട്രി പരീക്ഷയില്‍ അവള്‍ തോറ്റു. ശ്രദ്ധാപൂര്‍വ്വമുള്ള വിശകലനത്തിന് ശേഷം അമേരിക്കന്‍ ആംഗ്യ ഭാഷ പഠിക്കാന്‍ അവള്‍ തീരുമാനിച്ചു. അതവള്‍ക്കു കുറേക്കൂടി എളുപ്പമായി തോന്നി. ആ അനുഭവം അയവിറക്കിക്കൊണ്ട് അവള്‍ പറഞ്ഞു, “ഒരു വലിയ ഉദ്ദേശ്യത്തിനുവേണ്ടി ദൈവം എന്‍റെ ജീവിതത്തെ വഴിതിരിച്ചു വിടുകയായിരുന്നു.” ഇന്ന് അവള്‍ കര്‍ത്താവിന്‍റെ ജീവിത-രൂപാന്തരീകരണ വചനത്തെ കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു.

ദൈവം നിങ്ങളെ എങ്ങോട്ടാണു നയിക്കുന്നതെന്ന് നിങ്ങള്‍ ചിലപ്പോഴെങ്കിലും അത്ഭുതപ്പെടാറുണ്ടോ? നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ പരമാധികാര കരത്തെക്കുറിച്ച് സങ്കീര്‍ത്തനം 139:16 സമ്മതിക്കുന്നു: “ഞാന്‍ പി

ണ്ഡാകാരമായിരുന്നപ്പോള്‍ നിന്‍റെ കണ്ണ് എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്‍റെ പുസ്തകത്തില്‍ എഴുതിയിരുന്നു.” നമ്മുടെ ജീവിതത്തിലെ സാഹചര്യങ്ങളെ ദൈവം എപ്രകാരമാണ് ഉപയോഗിക്കുന്നതെന്നു നമുക്കറിഞ്ഞുകൂടാ, എങ്കിലും നമ്മെക്കുറിച്ചുള്ള എല്ലാം അവന്‍ അറിയുന്നുവെന്നും നമ്മുടെ ചുവടുകളെ അവന്‍ നിയന്ത്രിക്കുന്നുവെന്നും ഉള്ള അറിവില്‍ നമുക്കു വിശ്രമിക്കുവാന്‍ കഴിയും. അവന്‍റെ അതിശയ കരം മറഞ്ഞിരിക്കുന്നതായി തോന്നിയാലും, അവന്‍ ഒരിക്കലും അകന്നിരിക്കുന്നില്ല.