ഞാന്‍ ചിലവഴിച്ച ഏറ്റവും ഏകാന്തമായ ക്രിസ്തുമസ് ഉത്തരഘാനയിലെ സാക്കോഗുവിലുള്ള എന്‍റെ മുത്തച്ഛന്‍റെ കോട്ടേജില്‍ വെച്ചുള്ളതായിരുന്നു. എനിക്കന്ന് 15 വയസ്സായിരുന്നു, എന്‍റെ മാതാപിതാക്കളും സഹോദരങ്ങളും ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഞാന്‍ അവരോടും എന്‍റെ ഗ്രാമത്തിലെ സ്നേഹിതരോടുമൊപ്പം ആയിരുന്നപ്പോള്‍ ക്രിസ്തുമസ് എല്ലായ്പ്പോഴും വലുതും ഓര്‍മ്മിക്കത്തക്കതുമായിരുന്നു. എന്നാല്‍ ഈ ക്രിസ്തുമസ് നിശബ്ദവും ഏകാന്തവും ആയിരുന്നു. ക്രിസ്തുമസ് രാവിലെ ഞാന്‍ നിലത്തു പായയില്‍ കിടന്നപ്പോള്‍ ഒരു പ്രാദേശിക ഗാനം എന്‍റെ ഓര്‍മ്മയില്‍ വന്നു: “വര്‍ഷം സമാപിച്ചു, ക്രിസ്തുമസ് ആഗതമായി; ദൈവപുത്രന്‍ പിറന്നു; ഏവര്‍ക്കും സമാധാനവും സന്തോഷവും.” കരച്ചിലോടെ ഞാന്‍ അതു വീണ്ടും വീണ്ടും പാടി.

എന്‍റെ മുത്തശ്ശി വന്നിട്ടു ചോദിച്ചു, “ഏതു പാട്ടാണത്?” എന്‍റെ മുത്തച്ഛനും മുത്തശ്ശിക്കും ക്രിസ്തുമസിനെക്കുറിച്ച് -ക്രിസ്തുവിനെക്കുറിച്ചും – അറിയില്ലായിരുന്നു. അതിനാല്‍ ക്രിസ്തുമസിനെക്കുറിച്ച് എനിക്കറിയാവുന്നത് ഞാന്‍ അവര്‍ക്കു പറഞ്ഞുകൊടുത്തു. ആ നിമിഷങ്ങള്‍ എന്‍റെ ഏകാന്തതയെ പ്രകാശമാനമാക്കി.

ആടുകള്‍ക്കും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വന്യമൃഗങ്ങള്‍ക്കുമൊപ്പം ഏകനായി മേച്ചല്‍പ്പുറത്തായിരിക്കുമ്പോള്‍, ആട്ടിടയ ബാലനായ ദാവീദ് ഏകാന്തത അനുഭവിച്ചിരുന്നു. ആ സമയത്തു മാത്രമായിരുന്നില്ല. തന്‍റെ ജീവിതത്തിന്‍റെ പില്ക്കാലത്ത് അവന്‍ എഴുതി, “ഞാന്‍ ഏകാകിയും അരിഷ്ടനും ആകുന്നു” (സങ്കീര്‍ത്തനം 25:16). എന്നാല്‍ ഏകാന്തത തന്നെ ഹതാശയനാക്കാന്‍ ദാവീദ് അനുവദിച്ചില്ല. പകരം അവന്‍ പാടി, “ഞാന്‍ നിങ്കല്‍ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ” (വാ. 21).

സമയാസമയങ്ങളില്‍ നാമെല്ലാം ഏകാന്തത അനുഭവിക്കാറുണ്ട്. ഈ വര്‍ഷത്തെ ക്രിസ്തുമസില്‍ നിങ്ങള്‍ എവിടെ ആയിരുന്നാലും ഒറ്റയ്ക്കോ കൂട്ടുകാരോടൊപ്പമോ ആയിരുന്നാലും ക്രിസ്തുവിനോടൊപ്പം സന്തോഷാവസരം പങ്കിടാന്‍ നിങ്ങള്‍ക്കു കഴിയും.