ഞങ്ങളുടെ ഐഡാഹോയിലെ ശൈത്യകാലത്ത് വീടിനു പുറകിലുള്ള ഐസ് സ്കേറ്റിംഗിന്‍റെ ആഹ്ലാദം എന്‍റെ മക്കള്‍ ആസ്വദിക്കാറുണ്ട്. അവര്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ സ്കേറ്റ് ചെയ്യാന്‍ പഠിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. തണുത്തുറഞ്ഞ മഞ്ഞു പ്രതലത്തില്‍ കാലെടുത്തു വയ്ക്കാന്‍ അവരെ സമ്മതിപ്പിക്കുന്നത് ബുദ്ധിമുട്ടായിരുന്നു, കാരണം വീഴ്ചയുടെ വേദന അവര്‍ക്കറിയാമായിരുന്നു. ഓരോ തവണയും അവരുടെ കാല്‍ വഴുതുമ്പോള്‍, ഞാനോ എന്‍റെ ഭര്‍ത്താവോ കൈനീട്ടി അവരെ എഴുന്നേല്പിച്ച് നേരെ നിര്‍ത്തും.

നാം വീഴുമ്പോള്‍ നമ്മെ എഴുന്നേല്പിക്കാന്‍ ഒരാളുള്ളത് സഭാപ്രസംഗിയില്‍ പരാമര്‍ശിക്കുന്ന സഹായ ഹസ്തമെന്ന ദാനമാണ്. മറ്റൊരാളോടൊപ്പം ജോലി ചെയ്യുന്നത് നമ്മുടെ ജോലിയെ മധുരതരവും കൂടുതല്‍ ഫലപ്രദവുമാക്കും (4:9). ഒരു സ്നേഹിതന്‍ നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം കൊണ്ടുവരും.  നാം വെല്ലുവിളികളെ നേരിടുമ്പോള്‍, പ്രായോഗികവും വൈകാരികവുമായ പിന്തുണയോടെ ഒരാള്‍ ചാരത്തുള്ളത് സഹായകരമാണ്. നമുക്ക് ശക്തിയും ഉദ്ദേശ്യവും ആശ്വാസവും നല്‍കാന്‍ ഈ ബന്ധങ്ങള്‍ക്കു കഴിയും.

ജീവിത വൈഷമ്യങ്ങളുടെ കടുപ്പമേറിയ മഞ്ഞുപ്രതലത്തില്‍ നാം വീഴുമ്പോള്‍, ഒരു സഹായ ഹസ്തം സമീപത്തുണ്ടോ? എങ്കില്‍ അതു ദൈവത്തില്‍ നിന്നുള്ളതാകും. അല്ലെങ്കില്‍ ഒരുവനു സ്നേഹിതനെ ആവശ്യമുണ്ടെങ്കില്‍, അവരെ താങ്ങുന്നതിനുള്ള ദൈവത്തിന്‍റെ ഉത്തരമാകാന്‍ നമുക്കു കഴിയുമോ? ഒരു കൂട്ടാളി ആകുന്നതിലൂടെ നമുക്ക് ഒന്നു കണ്ടെത്താന്‍ കഴിയും. നമ്മുടെ കാലുകളിലേക്ക് നമ്മെ ഉയര്‍ത്തി നിര്‍ത്താന്‍ സമീപത്താരും ഇല്ലെന്നു തോന്നിയാലും ദൈവം നമ്മുടെ ഏറ്റവും അടുത്ത സഹായമാണ് എന്ന അറിവില്‍ ആശ്വാസം കണ്ടെത്താന്‍ നമുക്കു കഴിയും (സങ്കീര്‍ത്തനം 46:1). അവനിലേക്കു നാം കരമുയര്‍ത്തുമ്പോള്‍, തന്‍റെ ഉറപ്പുള്ള കരത്താല്‍ നമ്മെ നേരെ നിര്‍ത്താന്‍ അവന്‍ തയ്യാറാണ്.