താന്‍ ഒരു “യേശു വസ്തു” അല്ല എന്ന് എന്‍റെ സഹപ്രവര്‍ത്തകന്‍ എന്നോടു തുറന്നു പറഞ്ഞു. തന്‍റെ “സ്വയസംതൃപ്തമായ, ആത്മാരാധന” ജീവിതമെന്നു താന്‍ വിളിക്കുന്ന ജീവിതത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചതും അതില്‍ താന്‍ തൃപ്തനല്ലെന്നു പറഞ്ഞതും ഞാന്‍ ശ്രദ്ധിച്ചുകേട്ടു. “ഇതാണെന്‍റെ പ്രശ്നം, ഞാന്‍ നല്ലവനാകാനും കരുതുന്നവനാകാനും ശ്രമിക്കുന്നു, എങ്കിലും അതു ഫലിക്കുന്നില്ല. ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല. നിര്‍ത്തണമെന്നു ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു.”

“എന്താണു താങ്കളുടെ രഹസ്യം?” പരിപൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ അദ്ദേഹം എന്നോടു ചേദിച്ചു. “എന്‍റെ രഹസ്യം” ഞാന്‍ പറഞ്ഞു, “ഒരു രഹസ്യവും ഇല്ലെന്നുള്ളതാണ്. ഞാനും തങ്കളെപ്പോലെതന്നെ ദൈവിക നിലവാരത്തില്‍ ജീവിക്കുവാന്‍ അശക്തനാണ്. അതുകൊണ്ടാണ് നമുക്ക് യേശുവിനെ ആവശ്യമായിരിക്കുന്നത്.”

ഞാന്‍ ബൈബിള്‍ എടുത്തിട്ട് “അദ്ദേഹത്തിന്‍റെ” ഉദ്ധരണി റോമര്‍ 7:15 ല്‍ അപ്പൊസ്തലനായ പൗലൊസ് പറഞ്ഞ ഭാഗത്തുനിന്നു കാണിച്ചുകൊടുത്തു. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി നല്ലവരാകാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ക്രിസ്തീയേതരരുടെയും ക്രിസ്ത്യാനികളുടെയും വാക്കുകളില്‍ പൗലൊസിന്‍റെ ഇച്ഛാഭംഗത്തിന്‍റെ വാക്കുകള്‍ പലപ്പോഴും പ്രതിധ്വനിക്കാറുണ്ട്. ഒരുപക്ഷേ അതു നിങ്ങളും പ്രതിധ്വനിപ്പിക്കാറുണ്ടായിരിക്കും. അങ്ങനെയെങ്കില്‍, ക്രിസ്തുവാണ് നമ്മുടെ രക്ഷയുടെയും അതിന്‍റെ ഫലമായ രൂപാന്തരത്തിന്‍റെയും നായകന്‍ എന്ന പൗലൊസിന്‍റെ പ്രഖ്യാപനം (7:25-8:2) നിങ്ങളെ ആഹ്ലാദഭരിതരാക്കും. നമ്മെ ഹതാശയരാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍നിന്നും നമ്മെ സ്വതന്ത്രരാക്കുന്നതിനുള്ള പ്രവൃത്തി യേശു ചെയ്തുകഴിഞ്ഞു.

നമുക്കും ദൈവത്തിനു മധ്യേ നിലകൊള്ളുന്ന തടസ്സം – പാപം എന്ന തടസ്സം – നമ്മുടെ ഭാഗത്തെ ഒരു പ്രവൃത്തിയും കൂടാതെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. രക്ഷ-നമ്മുടെ വളര്‍ച്ചാ പ്രക്രിയയിലൂടെ പരിശുദ്ധാത്മാവ് വരുത്തിയ രൂപാന്തരങ്ങളും- ആണ് നമ്മെക്കുറിച്ച് ദൈവം ആകെ പ്രതീക്ഷിക്കുന്നത്. നമ്മുടെ ആത്മാക്കളുടെ വാതില്‍ക്കല്‍ അവന്‍ മുട്ടിക്കൊണ്ടിരിക്കുന്നു. ഇന്ന് അവന്‍റെ വിളിക്ക് ഉത്തരം പറയുക. അവനാണ് ഉത്തരം എന്നത് ഒരു രഹസ്യമല്ല!