തെളിച്ചമുള്ള മിന്നുന്ന ബള്‍ബുകള്‍കൊണ്ട് ക്രിസ്തുമസ് ട്രീയെ പൊതിഞ്ഞു കഴിഞ്ഞ്, ഞാന്‍ അതിന്‍റെ ചില്ലകളില്‍ പിങ്കും നീലയും വളയങ്ങള്‍ കെട്ടിയിട്ട് അതിനെ “ഒരു ശിശുവിനുവേണ്ടിയുള്ള പ്രതീക്ഷ” ക്രിസ്തുമസ് ട്രീ എന്നു പേരിട്ടു. ഞാനും എന്‍റെ ഭര്‍ത്താവും ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ കിട്ടുന്നതിന് നാലു വര്‍ഷമായി കാത്തിരിക്കുകയായിരുന്നു. ക്രിസ്തുമസിന് തീര്‍ച്ചയായും ലഭിക്കും!

ഓരോ പ്രഭാതത്തിലും ഞാന്‍ ട്രീയുടെ മുമ്പില്‍ വന്നിട്ടു പ്രാര്‍ത്ഥിക്കുകയും ദൈവത്തിന്‍റെ വിശ്വസ്തതയെ ഓര്‍ക്കുകയും ചെയ്യും. ഡിസംബര്‍ 21 ന് വാര്‍ത്തയെത്തി: ക്രിസ്തുമസിനു മുമ്പ് കുട്ടിയെ കിട്ടുകയില്ല. നിരാശയോടെ ദൈവിക കരുതലിന്‍റെ ഒരു പ്രതീകമായി മാറിയ ട്രീയുടെ മുമ്പില്‍ ഞാന്‍ നിന്നു. ദൈവം ഇപ്പോഴും വിശ്വസ്തനല്ലേ? ഞാന്‍ തെറ്റായ എന്തെങ്കിലുമാണോ ചെയ്യുന്നത്?

ചില സമയങ്ങളില്‍ ദൈവം പിടിച്ചുവയ്ക്കുന്നതായി തോന്നുന്നത്, അവന്‍റെ സ്നേഹപൂര്‍വ്വമായ ശിക്ഷണത്തിന്‍റെ ഫലമാണ്. മറ്റു ചിലപ്പോള്‍ നമ്മുടെ ആശ്രയം പുതുക്കുവാന്‍ ദൈവം സ്നേഹപൂര്‍വ്വം താമസിപ്പിക്കുന്നു. വിലാപങ്ങളില്‍, ദൈവം യിസ്രായേലിനെ തിരുത്തുന്നതിനെ പ്രവാചകനായ യിരെമ്യാവ് വിവരിക്കുന്നു. വേദന അസഹനീയമാണ്: “അവന്‍ തന്‍റെ പൂണിയിലെ അമ്പുകളെ എന്‍റെ അന്തരംഗങ്ങളില്‍ തറപ്പിച്ചിരിക്കുന്നു” (3:13). അവിടെയെല്ലാം യിരെമ്യാ പ്രവാചകന്‍ ദൈവത്തിന്‍റെ വിശ്വസ്തതയിലുള്ള ആത്യന്തിക ആശ്രയം പ്രകടമാക്കുന്നു: “അവന്‍റ കരുണ തീര്‍ന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്‍റെ വിശ്വസ്തത വലിയതും ആകുന്നു” (3:22-23).

ക്രിസ്തുമസിനുശേഷവും ആ ട്രീ അവിടെ ഞാന്‍ നിര്‍ത്തുകയും എന്‍റെ പ്രഭാത പ്രാര്‍ത്ഥന തുടരുകയും ചെയ്തു. ഒടുവില്‍ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ ഞങ്ങളുടെ പെണ്‍കുഞ്ഞിനെ ഞങ്ങള്‍ക്കു ലഭിച്ചു. നമ്മുടെ സമയ ക്രമമനുസരിച്ചല്ലെങ്കിലും നമ്മുടെ ആഗ്രഹമനുസരിച്ചല്ലെങ്കിലും ദൈവം എല്ലായ്പോഴും വിശ്വസ്തനാണ്.

എന്‍റെ മക്കള്‍ ഇപ്പോള്‍ അവരുടെ മുപ്പതുകളിലാണ്, എങ്കിലും എല്ലാ വര്‍ഷവും, ദൈവത്തിന്‍റെ വിശ്വസ്തതയില്‍ പ്രത്യാശിക്കാന്‍ എന്നെയും മറ്റുള്ളവരെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് എല്ലാ വര്‍ഷവും ഞാന്‍ ക്രിസ്തുമസ് ട്രീയുടെ ഒരു ചെറുപതിപ്പ് നിര്‍മ്മിക്കാറുണ്ട്.