വീണ്ടും വര്‍ഷത്തിന്റെ ആ സമയത്താണ് കുടുംബം ഉത്സവ സമയം ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നത്. എന്നിരുന്നാലും ഞങ്ങളില്‍ ചിലര്‍ “കരുതലുള്ള” ചില ബന്ധുക്കളെ കണ്ടുമുട്ടുന്നതിനെ ഭയന്നിരുന്നു, കാരണം ഇപ്പോഴും വിവാഹിതരാകാത്തവരോ, മക്കളില്ലാത്തവരോ ആയവരോടുള്ള അവരുടെ ചോദ്യം, തങ്ങള്‍ക്കെന്തോ പ്രശ്നമുണ്ടെന്ന് അവരെ തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
അനേക വര്‍ഷങ്ങളായി വിവാഹിതയായിട്ടും മക്കളില്ലാതിരുന്ന എലിശബെത്തിന്റെ പ്രയാസം ഊഹിച്ചുനോക്കൂ. അവളുടെ സംസ്കാരത്തില്‍, അത് ദൈവത്തിന്റെ അപ്രീതിയായി വ്യാഖ്യാനിക്കുകയും (1 ശമൂവേല്‍ 1:5-6 കാണുക) നിന്ദയായി കരുതുകയും ചെയ്തിരുന്നു. അതിനാല്‍ എലീശബെത്ത് നീതിയോടെ ജീവിച്ചവളായിരുന്നുവെങ്കിലും (ലൂക്കൊസ് 1:6) അവളുടെ അയല്‍ക്കാരും ബന്ധുക്കളും നേരെ തിരിച്ചായിരിക്കാം ചിന്തിച്ചിരുന്നത്.
ഇതൊക്കെയാണെങ്കിലും എലീശബെത്തും അവളുടെ ഭര്‍ത്താവും കര്‍ത്താവിനെ വിശ്വസ്തതയോടെ സേവിക്കുന്നതു തുടര്‍ന്നു. ഇരുവരും വയസ്സുചെന്നു വൃദ്ധരായപ്പോള്‍, ഒരു അത്ഭുതം സംഭവിച്ചു. ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു (വാ. 13). അവന് തന്റെ പ്രീതി നമ്മോടു കാണിക്കാന്‍ ഇഷ്ടപ്പെടുന്നു (വാ. 25). അവന് താമസിക്കുന്നതായി തോന്നിയാലും അവന്റെ സമയം എല്ലായ്പ്പോഴും കൃത്യവും അവന്റെ ജ്ഞാനം എല്ലായ്പ്പോഴും തികവുറ്റതുമാണ്. എലീശബെത്തിനും അവളുടെ ഭര്‍ത്താവിനും ഒരു പ്രത്യേക സമ്മാനം ദൈവം കരുതിയിരുന്നു: മശിഹായുടെ മുന്നോടിയാകാന്‍ പോകുന്ന ഒരു ശിശു (യെശയ്യാവ് 40:3-5).
നിങ്ങള്‍ക്ക് ഒരു കാര്യം ഇല്ലാതിരിക്കുന്നു – യൂണിവേഴ്സിറ്റി ഡിഗ്രി, ജീവിത പങ്കാളി, ഒരു കുട്ടി, ഒരു ജോലി ഒരു ഭവനം – എന്നതുകൊണ്ട് നിങ്ങള്‍ അപര്യാപ്തനാണെന്നു തോന്നുന്നുണ്ടോ? എലീശബെത്തിനെപ്പോലെ അവനുവേണ്ടി വിശ്വസ്തതയോടെ ജീവിക്കുകയും അവനും അവന്റെ പദ്ധതിക്കുംവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുക. നമ്മുടെ സാഹചര്യങ്ങള്‍ എന്തായിരുന്നാലും, ദൈവം നമ്മിലും നമ്മിലൂടെയും പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ഹൃദയം അവനറിയാം. അവന് നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു.
അവനുവേണ്ടി വിശ്വസ്തതയോടെ ജീവിക്കുകയും അവന്റെ പദ്ധതിക്കായി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുക.