ഞങ്ങളുടെ ആണ്‍മക്കള്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ കുടുംബത്തോടൊപ്പം ഒത്തുകൂടിയതിന്‍റെ ഒരു ഓര്‍മ്മ ഞാന്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ രാത്രി വൈകിയും സംസാരിച്ചിരുന്നു; കളിച്ചു ക്ഷീണിതരായ ഞങ്ങളുടെ മക്കള്‍ ഒരു കസേരയില്‍ ചുരുണ്ടു കിടന്ന് ഉറങ്ങി.

പുറപ്പെടാന്‍ സമയമായപ്പോള്‍, ഞാന്‍ മക്കളെ വാരിയെടുത്ത് കാറിലേക്കു കൊണ്ടുപോയി പിന്‍സീറ്റില്‍ കിടത്തി വീട്ടിലേക്കു കൊണ്ടണ്ടുപോയി. ഞങ്ങള്‍ എത്തിയപ്പോള്‍, ഞാന്‍  വീണ്ടും അവരെ എടുത്ത് കിടക്കയില്‍ കൊണ്ടു കിടത്തി, ചുംബനം കൊടുത്ത് ലൈറ്റ് അണച്ചു. രാവിലെ അവര്‍ ഉണര്‍ന്നത് അവരുടെ ഭവനത്തില്‍. ഇതെനിക്ക്, നാം “യേശുവില്‍  നിദ്രകൊള്ളുന്ന” രാത്രിയെക്കുറിച്ചുള്ള സമ്പന്നമായ ഒരു രൂപകമായി മാറി (1 തെസ്സലൊനീക്യര്‍ 4:14).

നാം ഉറങ്ങുകയും നമ്മുടെ നിത്യഭവനത്തില്‍, നമ്മുടെ നാളുകളുടെ അടയാളമായ ക്ഷീണത്തെ സൗഖ്യമാക്കുന്ന ഭവനത്തില്‍, നാം ഉണര്‍ന്നെഴുന്നേല്ക്കയും ചെയ്യും.

എന്നെ അതിശയിപ്പിച്ച ഒരു പഴയ നിയമ വേദഭാഗം കഴിഞ്ഞ ദിവസം എന്‍റെ ശ്രദ്ധയില്‍ വന്നു-ആവര്‍ത്തനപുസ്തകത്തിലെ ഒരു സമാപന നിമിഷം: “മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തു വച്ചു മരിച്ചു” (34:5). എബ്രായയില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ഇങ്ങനെയാണ്:  “മോശെ യഹോവയുടെ വായോടുകൂടെ  … മരിച്ചു.” ആ പുരാതന പ്രയോഗത്തെ എബ്രായ റബ്ബിമാര്‍ തര്‍ജ്ജമ ചെയ്യുന്നത് “യഹോവയുടെ ചുംബനത്തോടെ” എന്നാണ്.

ഭൂമിയിലെ നമ്മുടെ അവസാന രാത്രിയില്‍ ദൈവം കുനിഞ്ഞ് നമ്മെ പുണര്‍ന്ന് നമ്മെ ചുംബിച്ച് ശുഭരാത്രി ആശംസിക്കുന്നു എന്നു ഞാന്‍ ദര്‍ശിക്കുന്നത് അധികമായിപ്പോകുമോ?

ജോണ്‍ ഡണ്‍ വാക്ചാതുര്യത്തോടെ കുറിക്കുന്നതുപോലെ, “ഒരു ഹ്രസ്വനിദ്ര കഴിഞ്ഞാല്‍, നാം നിത്യമായി ഉണരും.”