ഓരോ ക്രിസ്തുമസിനും എന്‍റെ ഒരു സുഹൃത്ത് തന്‍റെ ഭാര്യയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങള്‍ വിലയിരുത്തിക്കൊണ്ടും ഭാവിയെക്കുറിച്ചു സ്വപ്നം കണ്ടുകൊണ്ടും ഒരു നീണ്ട കത്തെഴുതും. താന്‍ അവളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും അതെന്തുകൊണ്ടാണെന്നും അദ്ദേഹം എഴുതും. തന്‍റെ പെണ്‍മക്കളില്‍ ഓരോരുത്തര്‍ക്കും അദ്ദേഹം ഓരോ കത്തെഴുതും. അദ്ദേഹത്തിന്‍റെ സ്നേഹവചനങ്ങള്‍ അവിസ്മരണീയമായ ക്രിസ്തുമസ് സമ്മാനങ്ങളായിരുന്നു.

ആദ്യത്തെ ക്രിസ്തുമസ് സ്നേഹസന്ദേശം, വചനം ജഡമായിത്തീര്‍ന്ന യേശു തന്നെയായിരുന്നു എന്നു നമുക്കു പറയാന്‍ കഴിയും. ഈ സത്യം യോഹന്നാന്‍ തന്‍റെ സുവിശേഷത്തില്‍ അടിവരയിട്ടു പറയുന്നു: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു” (യോഹന്നാന്‍ 1:1). പു

രാതന തത്വശാസ്ത്രത്തില്‍, വചനത്തിനുള്ള ഗ്രീക്കു പദമായ ലോഗോസ് എന്നതിന്‍റെ അര്‍ത്ഥം ദിവ്യ മനസ്സ്, യാഥാര്‍ത്ഥ്യത്തെ ഒന്നിപ്പിക്കുന്ന ക്രമം എന്നൊക്കെയായിരുന്നു. എന്നാല്‍ യോഹന്നാന്‍ ഈ നിര്‍വ്വചനത്തെ വിശാലമാക്കി വചനത്തെ ഒരു വ്യക്തിയാക്കി വെളിപ്പെടുത്തി – “ആദിയില്‍ ദൈവത്തോടുകൂടെ ആയിരുന്നു” ദൈവ

പുത്രനായ യേശു (വാ. 2). ഈ വചനം, പിതാവിന്‍റെ “ഏകജാതനായ പുത്രന്‍” “ജഡമായിത്തീര്‍ന്നു, … നമ്മുടെ ഇടയില്‍ പാര്‍ത്തു” (വാ. 14). വചനമായ യേശുവിലൂടെ ദൈവം തന്നെത്തന്നെ സമ്പൂര്‍ണ്ണമായി വെളിപ്പെടുത്തി.

ഈ മനോഹരമായ മര്‍മ്മത്തോട് ദൈവശാസ്ത്രജ്ഞന്മാര്‍ നൂറ്റാണ്ടുകളായി മല്‍പ്പിടുത്തത്തിലാണ്. എത്രത്തോളം നമുക്കു മനസ്സിലായില്ലെങ്കിലും വചനമായ യേശു നമ്മുടെ ഇരുണ്ട ലോകത്തിന് വെളിച്ചം പകരുന്നു എന്ന് നമുക്ക് ഉറപ്പുണ്ട് (വാ. 9). നാം അവനില്‍ വിശ്വസിച്ചാല്‍ നമുക്ക് ദൈവത്തിന്‍റെ പ്രിയ മക്കള്‍ ആയിത്തീരുന്ന ദാനം ആസ്വദിക്കാന്‍ കഴിയും (വാ. 12).

നമുക്കുള്ള ദൈവത്തിന്‍റെ സ്നേഹസന്ദേശമായ യേശു, വരികയും നമ്മുടെയിടയില്‍ പാര്‍ക്കുകയും ചെയ്തു. അതൊരു വിസ്മയകരമായ ക്രിസ്തുമസ് സമ്മാനമാണ്!