ഞങ്ങളുടെ വീടിനു മുകളില്‍ ആകാശത്ത് മൂന്നു ഫൈറ്റര്‍ വിമാനങ്ങള്‍ -ഒന്നാണെന്നു തോന്നിപ്പോകുംവിധം അത്രയും ചേര്‍ന്ന് – അലറിപ്പാഞ്ഞു. “വൗ” ഞാന്‍ എന്‍റെ ഭര്‍ത്താവ് ഡാനിനോടു പറഞ്ഞു. “അത്ഭുതകരം” അദ്ദേഹം സമ്മതിച്ചു. ഒരു എയര്‍ഫോഴ്സ് ബെയ്സിനു സമീപം പാര്‍ത്തിരുന്ന ഞങ്ങള്‍ക്ക് അത്തരം കാഴ്ചകള്‍ അസാധാരണമായിരുന്നില്ല.

എന്നിരുന്നാലും ഓരോ തവണവും ഈ ജെറ്റുകള്‍ മുകളിലൂടെ പറക്കുമ്പോള്‍ എന്നില്‍ ഒരേ ചോദ്യം ഉയരാറുണ്ടായിരുന്നു: എങ്ങനെ അവര്‍ക്ക് നിയന്ത്രണം വിടാതെ അത്രയും ചേര്‍ന്നു പറക്കാന്‍ കഴിയുന്നു? ഞാന്‍ മനസ്സിലാക്കിയ ഒരു കാരണം താഴ്മ എന്നതായിരുന്നു. നയിക്കുന്ന പൈലറ്റ് കൃത്യമായ വേഗതയും ഉയരവും പാലിക്കുന്നു എന്നു വിശ്വസിച്ചുകൊണ്ട് വശങ്ങളിലുള്ള പൈലറ്റുമാര്‍ ദിശ മാറ്റാനും നേതാവിന്‍റെ പാതകളെ ചോദ്യം ചെയ്യാനുമുള്ള ആഗ്രഹത്തെ കീഴടക്കിക്കൊടുക്കുന്നു. പകരം അവര്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചേര്‍ന്ന് അനുഗമിക്കുകയും ചെയ്യുന്നു. ഫലമോ? കൂടുതല്‍ ശക്തമായ ടീം.

യേശുവിനെ അനുഗമിക്കുന്നതും വ്യത്യസ്തമല്ല. അവന്‍ പറയുന്നു, “എന്നെ അനുഗമിക്കുവാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്‍റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ” (ലൂക്കൊസ് 9:23).

അവന്‍റെ പാത സ്വയ-ത്യാഗത്തിന്‍റെയും കഷ്ടതയുടെയും ആണ്, അത് അനുഗമിക്കാന്‍ പ്രയാസമുള്ളതാണ്. എന്നാല്‍ അവന്‍റെ പ്രയോജനകരമായ ശിഷ്യന്മാരായിരിപ്പാന്‍, നാം സ്വാര്‍ത്ഥ മോഹങ്ങളെ ഉപേക്ഷിച്ച് ദിനംതോറും ആത്മിക ഭാരങ്ങളെ എടുത്ത് – ഉദാഹരണമായി, നമുക്കു മുമ്പെ മറ്റുള്ളവരെ സേവിച്ച് – അവനെ ചേര്‍ന്ന് പിന്‍പറ്റണം.

ദൈവത്തോടൊപ്പം, ഈ താഴ്മയോടും ചേര്‍ന്നുമുള്ള നടപ്പ് ഒരു കാഴ്ച തന്നെയാണ്. അവന്‍റെ നേതൃത്വത്തെ അനുസരിച്ച് അടുത്തു ചേര്‍ന്ന് നടക്കുമ്പോള്‍ നാം ക്രിസ്തുവുമായി ഒന്നായിത്തീരും. അപ്പോള്‍ മറ്റുള്ളവര്‍ നമ്മെയല്ല, അവനെയാണ് കാണുന്നത്. ആ കാഴ്ചയെ വിശദീകരിക്കാന്‍ ഒരു ചെറിയ പദമുണ്ട്, “വൗ!”