ഇതു ഞാന്‍ എഴുതുമ്പോള്‍, എന്‍റെ ഇഷ്ട ഫുട്ബോള്‍ ടീം തുടര്‍ച്ചയായ എട്ടു തോല്‍വികള്‍ ഏറ്റുവാങ്ങി. ഓരോ പരാജയത്തിലും ഈ സീസണില്‍ അവര്‍ക്കു തിരിച്ചു വരാന്‍ കഴിയുമെന്ന പ്രതീക്ഷ മങ്ങിക്കൊണ്ടിരുന്നു. കോച്ച് ആഴ്ചതോറും മാറ്റങ്ങള്‍ വരുത്തി, എന്നിട്ടും അതു ജയത്തില്‍ കലാശിച്ചില്ല. എന്‍റെ സഹപ്രവര്‍ത്തകരോടു സംസാരിക്കുമ്പോള്‍, വ്യത്യസ്ത ഫലത്തിനായി കാത്തിരിക്കുന്നതുകൊണ്ടു മാത്രം അതു ഉറപ്പു പറയാനാവില്ല എന്നു ഞാന്‍ തമാശയായി പറഞ്ഞു. “പ്രത്യാശ ഒരു തന്ത്രമല്ല” എന്നാണു ഞാന്‍ പറഞ്ഞത്.

ഫുട്ബോളില്‍ അതു ശരിയാണ്. എന്നാല്‍ നമ്മുടെ ആത്മീയ ജീവിതത്തില്‍ അതു നേരെ തിരിച്ചാണ്. ദൈവത്തിലുള്ള പ്രത്യാശ വളര്‍ത്തിയെടുക്കുന്നത് ഒരു തന്ത്രമാണെന്നു മാത്രമല്ല, വിശ്വാസത്തോടും ആശ്രയത്തോടും കൂടി അവനോടു പറ്റിനില്ക്കുന്നത് മാത്രമാണ് ഏക തന്ത്രം. ഇതു പലപ്പോഴും നമ്മെ നിരാശപ്പെടുത്തിയേക്കാം, എങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രത്യാശ നമ്മെ ദൈവത്തിന്‍റെ സത്യത്തിലും ശക്തിയിലും നങ്കൂരമുറപ്പിക്കുവാന്‍ സഹായിക്കും.

മീഖാ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി. യിസ്രായേല്‍ ദൈവത്തില്‍ നിന്നും അകന്നുപോയത് അവന്‍റെ ഹൃദയത്തെ തകര്‍ത്തിരുന്നു. “എനിക്ക് അയ്യോ കഷ്ടം! … ഭക്തിമാന്‍ ഭൂമിയില്‍നിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയില്‍ നേരുള്ളവന്‍ ആരുമില്ല” (മീഖാ 7:1-2). എന്നാല്‍ തുടര്‍ന്ന് അവന്‍ തന്‍റെ യഥാര്‍ത്ഥ പ്രത്യാശയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു: “ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്‍റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും; എന്‍റെ ദൈവം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കും” (വാ. 7).

കഷ്ട സമയങ്ങളില്‍ പ്രത്യാശ നിലനിര്‍ത്തുവാന്‍ എന്തു ചെയ്യണം? മീഖാ നമുക്കു കാണിച്ചു തരുന്നു: പ്രത്യാശിക്കുക, കാത്തിരിക്കുക, പ്രാര്‍ത്ഥിക്കുക, ഓര്‍മ്മിക്കുക. നമ്മുടെ സാഹചര്യങ്ങള്‍ പ്രതികൂലമായിരിക്കുമ്പോഴും ദൈവം നമ്മുടെ നിലവിളികള്‍ കേള്‍ക്കുന്നു. ഈ നിമിഷങ്ങളില്‍, ദൈവത്തിലുള്ള നമ്മുടെ പ്രത്യാശയില്‍ മുറുകെപ്പിടിക്കുന്നതും അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്നതും ഒരു തന്ത്രമാണ്, ജീവിതത്തിന്‍റെ പ്രതികൂല കാലാവസ്ഥയില്‍ നമ്മെ സഹായിക്കുന്ന ഏക തന്ത്രം.