ശിശിരകാലത്തിലെ തണുത്തുറഞ്ഞ ഒരു പ്രഭാതത്തിൽ തടാകത്തിനരികിലുള്ള മഞ്ഞുകൊണ്ടു മൂടപ്പെട്ട മനോഹരമായ ലൈറ്റ് ഹൌസിനെ നോക്കി ക്രിസ്റ്റ നിന്നു. ചിത്രമെടുക്കുന്നതിന് അവൾ തന്‍റെ ഫോൺ പുറത്തെടുക്കവേ, അവളുടെ കണ്ണടയിൽ മഞ്ഞു വന്നു മൂടി. അവൾക്ക് ഒന്നും കാണുവാൻ കഴിയാതിരുന്നതിനാൽ തന്‍റെ ക്യാമറ ലൈറ്റ് ഹൌസിലേക്ക് ലക്ഷ്യം വച്ച്, വ്യത്യസ്ത കോണുകളിൽ നിന്ന് മൂന്ന് ചിത്രങ്ങൾ എടുക്കുവാൻ അവൾ തീരുമാനിച്ചു. എന്നാൽ, പിന്നീട് ആ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ, ക്യാമറ തന്‍റെ തന്നെ ചിത്രങ്ങൾ എടുക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരുന്നതെന്ന് അവൾക്ക് മനസ്സിലായി. അവൾ ചിരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു, “എന്‍റെ ശ്രദ്ധ എന്നിൽ, എന്നിൽ, എന്നിൽ തന്നെയായിരുന്നു. ഞാൻ കണ്ടത് എന്നെ മാത്രമായിരുന്നു.” ക്രിസ്റ്റ എടുത്ത ചിത്രങ്ങൾ എന്നെ സമാനമായ പിഴവുകളെക്കുറിച്ച് ചിന്തിപ്പിച്ചു: ദൈവീക പദ്ധതിയുടെ ബൃഹത്തായ ചിത്രത്തിന്‍റെ കാഴ്ച്ച നഷ്ടപ്പെടുമ്പോൾ നാം വളരെയധികം സ്വകേന്ദ്രീകൃതരായിത്തീരും.

തന്‍റെ ശ്രദ്ധ തന്നിലേക്കു തന്നെ ആയിരിക്കില്ല എന്ന് യേശുവിന്‍റെ ബന്ധുവായ യോഹന്നാൻ വ്യക്തമായി മനസ്സിലാക്കിയിരുന്നു. ദൈവപുത്രനായ യേശുവിനെ മറ്റുള്ളവർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുക എന്നതാണ് തന്‍റെ കാഴ്ചപ്പാടും വിളിയും എന്ന് അവൻ ആരംഭത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. യേശു തന്‍റേയും തന്‍റെ അനുയായികളുടേയും അടുക്കൽ വരുന്നത് കണ്ട് യോഹന്നാൻ ഇപ്രകാരം പറഞ്ഞു “ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്!” (യോഹന്നാൻ 1:29). അവൻ പിന്നെയും, “അവൻ വെളിപ്പെടേണ്ടതിന് ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു”  (വാക്യം 31) എന്നു പറഞ്ഞു. പിന്നീട് യേശുവിന് ശിഷ്യൻമാർ വർദ്ധിക്കുന്നു എന്ന് യോഹന്നാന്‍റെ ശിഷ്യൻമാർ അറിയിച്ചപ്പോൾ അവൻ: “ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിനു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു:…അവൻ വളരേണം, ഞാനോ കുറയേണം”,  എന്ന് പറഞ്ഞു (യോഹന്നാൻ 3:28-30).

നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദു യേശുവും, യേശുവിനെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുക എന്നതും ആയിരിക്കട്ടെ.