“ഈ വരും ദിവസങ്ങളിലൊന്നിൽ, ഞാൻ ഇതെല്ലാം ഫേസ്ബുക്കിൽ ഇടുവാൻ പോകുന്നു – നല്ല കാര്യങ്ങൾ മാത്രമല്ല!”

എന്‍റെ സുഹൃത്ത് സ്യൂവിന്‍റെ -ഭർത്താവിനോടൊപ്പമുള്ള ഉച്ചഭക്ഷണത്തിനിടയിൽ യദൃച്ഛയാ നടത്തിയ- ഒരു അഭിപ്രായപ്രകടനം, ഉച്ചത്തിൽ ചിരിക്കുന്നതിനും ചിന്തിക്കുന്നതിനും എന്നെ പ്രേരിപ്പിച്ചു. കാലങ്ങൾക്കും മൈലുകൾക്കും അപ്പുറത്തുനിന്ന്, സുഹൃത്തുക്കളുമായി ബന്ധം പുലർത്തുന്നതിനും പ്രാർത്ഥിക്കുന്നതിനും സഹായിക്കുന്നതിനാൽ, സോഷ്യൽ മീഡിയ ഒരു നല്ല കാര്യമായിരിക്കാം. എന്നാൽ, നാം അശ്രദ്ധരായിരുന്നാൽ, ജീവിതത്തിൽ ഒരു അയഥാർത്ഥമായ കാഴ്ചപ്പാട് ഉളവാക്കുവാനും അതിന് കഴിയും. അതിൽ പതിക്കപ്പെടുന്നതായി നാം കാണുന്നവയിൽ അധികവും “നല്ല വസ്തുതകളുടെ” “പ്രമുഖപ്രദർശനങ്ങൾ” ആയിരിക്കുമ്പോൾ, മറ്റുള്ളവരുടെ ജീവിതം പ്രയാസമുക്തമാണെന്നുള്ള ചിന്തയിലേയ്ക്കു നാം തെറ്റായി നയിക്കപ്പെടുകയും, നമ്മുടെ ജീവിതത്തിൽ എവിടെയാണ് പിഴവ് പറ്റിയത് എന്ന് നാം അതിശയിക്കുകയും ചെയ്യും.

മറ്റുള്ളവരോടു നമ്മെ താരതമ്യം ചെയ്യുന്നത് നിശ്ചയമായും അസന്തുഷ്ടി ഉളവാക്കുന്ന ഒരു ചേരുവയാണ്. ശിഷ്യന്മാർ തങ്ങളിൽ തന്നെ പരസ്പരം താരതമ്യപ്പെടുത്തിയപ്പോൾ (ലൂക്കോസ് 9:46; 22:24), യേശു ഉടനെ അതിനെ നിരുത്സാഹപ്പെടുത്തി. വിശ്വാസം ഹേതുവായി പത്രോസ് സഹിക്കുവാൻ പോകുന്ന കഷ്ടത്തെക്കുറിച്ച്, പുനരുത്ഥാനശേഷം  യേശു അവനോട് പറഞ്ഞു. പത്രോസ് ഉടനെ യോഹന്നാനെ നോക്കിക്കൊണ്ട് “കർത്താവേ, ഇവന്നു എന്തു ഭവിക്കും?” എന്ന് യേശുവിനോടു ചോദിച്ചു. യേശു അവനോടു: “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു.” (യോഹന്നാൻ 21:21-22).

അനാരോഗ്യകരമായ താരതമ്യത്തിന് ഏറ്റവും അനുയോജ്യമായ പരിഹാരം യേശു പത്രോസിന് ചൂണ്ടിക്കാണിച്ചു കൊടുത്തു. നമ്മുടെ മനസ്സ് ദൈവത്തിലും, ദൈവം നമുക്കായി ചെയ്ത സകല കാര്യങ്ങളിലും ഏകാഗ്രമായിരുന്നാൽ, സ്വകേന്ദ്രീകൃതമായ ചിന്തകൾ  പതിയെ മാറിപ്പോവുകയും നാം അവനെ അനുഗമിക്കുവാൻ അതിയായി വാഞ്ചിക്കുകയും ചെയ്യുന്നു. ലോകപ്രകാരമുള്ള, മത്സരാധിഷ്ഠിതമായ ആയാസത്തിനും സമ്മർദ്ദത്തിനും പകരം, അവന്‍റെ സ്നേഹപൂർവ്വമായ സാന്നിധ്യവും, സമാധാനവും അവൻ നമുക്കു നൽകുന്നു. അവനോടു ഒന്നും താരതമ്യപ്പെടുത്തുവാൻ സാധ്യമല്ല.