കുഴിച്ചിട്ട നിധി. ഇത് കുട്ടികളുടെ ഒരു കഥാ പുസ്തകത്തിൽ നിന്ന് എടുത്തതുപോലെ തോന്നുന്നു. 2 മില്ല്യൺ ഡോളർ വിലമതിക്കുന്ന ആഭരണങ്ങളും സ്വർണ്ണവും നിറഞ്ഞ ഒരു പെട്ടി, പാറകൾ നിറഞ്ഞ മലയിടുക്കുകളിൽ എവിടെയോ താൻ ഉപേക്ഷിച്ചതായി, വിചിത്രപ്രകൃതമുള്ള കോടീശ്വരനായ ഫോറെസ്റ്റ് ഫെൻ അവകാശപ്പെടുന്നു. അനേകർ ഇത് അന്വേഷിച്ചു പോയി. വാസ്തവത്തിൽ, മറച്ചുവെച്ച ഈ നിധി കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിൽ, നാല് പേർക്ക് തങ്ങളുടെ ജീവൻ പോലും നഷ്ടമായിരിക്കുന്നു.

സദൃശവാക്യരചയിതാവ്, അല്പം നിർത്തിചിന്തിക്കുന്നതിനുള്ള കാരണം നമുക്കു നൽകുന്നു: ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം ഇത്തരം ഒരു അന്വേഷണത്തിന് യോഗ്യമാണോ? സദൃശവാക്യങ്ങൾ 4-ൽ, ഒരു പിതാവ് തന്‍റെ മക്കൾക്ക്, എങ്ങനെ നന്നായി ജീവിക്കാം എന്നതിനെക്കുറിച്ച് രേഖപ്പെടുത്തുന്നതിൽ, എന്തു വിലനൽകിയും നേടിയെടുക്കേണ്ട അന്വേഷണയോഗ്യമായ ഒന്നാണ് ജ്ഞാനം (വാക്യം 7) എന്ന് അഭിപ്രായപ്പെടുന്നു. ജ്ഞാനം നമ്മെ ജീവിതത്തിൽ വഴി നയിക്കുകയും, ഇടർച്ചയിൽനിന്നു നമ്മെ സൂക്ഷിക്കുകയും, ബഹുമാനത്താൽ മഹത്വകിരീടം ചൂടിക്കുകയും ചെയ്യും (വാക്യം 8-12). യേശുവിന്‍റെ ശിഷ്യന്മാരിൽ ഒരാളായ യാക്കോബും, നൂറുകണക്കിനു വർഷങ്ങൾക്കു ശേഷം, ജ്ഞാനത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരിക്കുന്നു. “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ, ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.” (യാക്കോബ് 3:17) എന്നു അദ്ദേഹം എഴുതുന്നു. നാം ജ്ഞാനം അന്വേഷിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ ആവശ്യമായ എല്ലാ നല്ല കാര്യങ്ങളാലും നാം അഭിവൃദ്ധി പ്രാപിക്കുന്നു.

ജ്ഞാനം അന്വേഷിക്കുകയെന്നാൽ, ആത്യന്തികമായി, സർവ്വജ്ഞാനത്തിന്‍റെയും അറിവിന്‍റെയും ഉറവിടമായ ദൈവത്തെ  അന്വേഷിക്കുക എന്നതാണ്. ഉയരത്തിൽ നിന്നു വരുന്ന ജ്ഞാനത്തെ അന്വേഷിക്കുന്നത്, നമുക്ക് സങ്കൽപിക്കുവാനാകുന്ന, കുഴിച്ചിടപ്പെട്ട ഏതെങ്കിലും നിധിയുടെ വിലയേക്കാൾ അധികമാണ്.