തന്‍റെ വൃക്ക തകരാറിലാണെന്നും  ജീവിതകാലം മുഴുവൻ തനിക്ക് ഡയാലിസിസ് വേണ്ടിവരുമെന്നും സ്യൂ ഫെൻ കണ്ടുപിടിച്ചപ്പോൾ, അവൾ എല്ലാം അവസാനിപ്പിക്കുവാൻ ആഗ്രഹിച്ചു. വിരമിച്ചവളും ഏകാകിയും, എന്നാൽ, യേശുവിൽ ദീർഘകാല വിശ്വാസിയുമായ അവൾക്ക്, തന്‍റെ ജീവിതം നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമൊന്നും തോന്നിയില്ല. പക്ഷേ, സ്ഥിരോത്സാഹത്തോടെ ഡയാലിസിസ് ചെയ്യുവാനും, സഹായലഭ്യതയ്ക്ക് ദൈവത്തിൽ ആശ്രയിക്കുവാനും അവളുടെ സുഹൃത്തുക്കൾ അവൾക്ക് ബോധ്യം വരുത്തി.

രണ്ടു വർഷത്തിനു ശേഷം, തന്‍റെ സഭയിലെ, ശാരീരിക ദൗർബല്യം നേരിടുന്ന ഒരു സുഹൃത്തിനെ സന്ദർശിച്ചപ്പോൾ അവളുടെ അനുഭവം പ്രയോജനപ്പെടുന്നതായി അവൾ കണ്ടു. താൻ കടന്നു പോകുന്ന  അവസ്ഥ യഥാർത്ഥത്തിൽ മനസ്സിലാക്കുവാൻ കഴിഞ്ഞത് വളരെ കുറച്ചുപേർക്കുമാത്രമായിരുന്നു; അതിനാൽ, ആ സ്ത്രീയ്ക്ക് ഏകാന്തത അനുഭവപ്പെട്ടു. എന്നാൽ, സ്യൂ ഫെൻ അവളുടെ ശാരീരികവും വൈകാരികവുമായ വേദന തിരിച്ചറിയുകയും അവളോട് വ്യക്തിപരമായ രീതിയിൽ ബന്ധപ്പെടുകയും ചെയ്തു. ആ സ്ത്രീയോടൊപ്പം നടന്ന്, മറ്റാർക്കും നൽകുവാൻ കഴിയാത്ത വിധം ഒരു പ്രത്യേക അളവിലുള്ള  ആശ്വാസം അവർക്കു നൽകുവാൻ, അവളുടെ സ്വന്തം ജീവിതയാത്ര അവളെ പ്രാപ്തയാക്കി. അവൾ ഇങ്ങനെ പറഞ്ഞു, “ദൈവത്തിന്, ഇപ്പോഴും എന്നെ എപ്രകാരം ഉപയോഗിക്കാനാകും എന്ന് ഞാൻ ഇപ്പോൾ കാണുന്നു”.

നാം ക്ലേശമനുഭവിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കുവാൻ വളരെ ബുദ്ധിമുട്ടായിരിക്കാം. എങ്കിലും, തികച്ചും അപ്രതീക്ഷിതമായ വിധത്തിൽ നമ്മുടെ ദുഃഖാവസ്ഥയെ ഉപയോഗിക്കുവാൻ ദൈവത്തിനു കഴിയും. നമ്മുടെ ശോധനകളുടെ മദ്ധ്യത്തിൽ, ആശ്വാസത്തിനും സ്നേഹത്തിനും വേണ്ടി നാം അവനിലേക്കു തിരിയുമ്പോൾ, മറ്റുള്ളവരെ സഹായിക്കുവാൻ അത് നമ്മെ ശക്തീകരിക്കുന്നു. സ്വന്തം കഷ്ടപ്പാടുകളിലെ ഉദ്ദേശ്യം കണ്ടെത്തുവാൻ  പൌലോസ് പഠിച്ചതിൽ, തെല്ലും അതിശയോക്തിയില്ല: ദൈവീക ആശ്വാസം പ്രാപിക്കുന്നതിനുള്ള അവസരം അതു നൽകുകയും, പിന്നീട്, അതുപയോഗിച്ച് മറ്റുള്ളവരെ അനുഗ്രഹിക്കുവാൻ സാധിക്കുകയും ചെയ്തു. (2 കൊരിന്ത്യർ 1:3-5). നമ്മുടെ വേദനയും കഷ്ടപ്പാടും നിഷേധിക്കുന്നതിനല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്, പ്രത്യുത, അത് നൻമയ്ക്കായി ഉപയോഗിക്കുവാനുള്ള ദൈവീകകഴിവിൽ ധൈര്യം കണ്ടെത്തുന്നതിനാണ്.