1952 ഫെബ്രുവരി 18-ന്, മസ്സാച്യൂസെറ്റ്സ് തീരത്തിനു 10 മൈൽ ദൂരത്തായി, എസ്.എസ്. പെൻഡ്ലെറ്റൺ എന്ന ടാങ്കർ കപ്പൽ, ശക്തമായ കൊടുങ്കാറ്റിൽ രണ്ടായി പിളർന്നു പോയി. ഘോരമായ കൊടുങ്കാറ്റിനും തീക്ഷണമായ തിരമാലകൾക്കും മദ്ധ്യേ, കപ്പലിന്റെ, മുങ്ങിക്കൊണ്ടിരിക്കുന്ന പിൻഭാഗത്ത് നാല്പതിലധികം വരുന്ന നാവികർ കുടുങ്ങിപ്പോയിരുന്നു, .
ദുരന്തത്തെത്തുറിച്ചുള്ള വാർത്ത, മസ്സാച്യൂസെറ്റ്സിലെ, ചത്തമിലുള്ള തീരദേശ സുരക്ഷാ സ്റ്റേഷനിൽ ലഭിച്ചപ്പോൾ, ബോട്ട്സ്വെയിൻസ് മെയ്റ്റ് ദൗത്യവിഭാഗം ഒന്നാം ശ്രേണിയിലെ ബെർന്നീ വെബ്ബർ, മൂന്ന് പേരെ ലൈഫ്ബോട്ടിലാക്കി, തീർത്തും അസാദ്ധ്യമായ പ്രതിബദ്ധങ്ങളെ തരണം ചെയ്തു കൊണ്ട്, കുടുങ്ങിപ്പോയ നാവികരെ രക്ഷിക്കുവാൻ ശ്രമിക്കുകയും – മരിച്ചു പോയി എന്നു കരുതിയ 32 നാവികരെ സുരക്ഷിതസ്ഥാനത്തേയ്ക്കു തിരികെ കൊണ്ടു വരികയും ചെയ്തു. അവരുടെ ധീരമായ നേട്ടം അമേരിക്കൻ തീരസംരക്ഷണ ചരിത്രത്തിലെ ഏറ്റവും മഹത്തായ രക്ഷാ ദൗത്യമായി കണക്കാക്കപ്പെടുന്നു. 2016-ലെ ദി ഫൈനെസ്റ്റ് അവേഴ്സ്, എന്ന പേരിലുള്ള സിനിമയുടെ വിഷയം ഇതായിരുന്നു.
ലൂക്കോസ് 19:10 ൽ യേശു തന്റെ രക്ഷാ ദൗത്യം പ്രഖ്യാപിച്ചു: “കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു.” യേശു നമ്മുടെ പാപങ്ങൾ തന്റെമേൽ ഏറ്റെടുക്കുകയും തന്നിൽ ആശ്രയിക്കുന്നവരെ പിതാവിങ്കലേക്ക് യഥാസ്ഥാനപ്പെടുത്തുകയും ചെയ്യുന്നതിനാൽ, ക്രൂശും പുനരുത്ഥാനവും രക്ഷയുടെ ആത്യന്തിക അടയാളമായി മാറി. 2,000 വർഷക്കാലം ജനങ്ങൾ, ദൈവീക വാഗ്ദത്തമായ, ഇപ്പോഴുള്ള സമൃദ്ധമായ ജീവനും, ദൈവത്തോടുകൂടെയുള്ള നിത്യജീവനും സ്വീകരിച്ചിരിക്കുന്നു. രക്ഷിക്കപ്പെട്ടു!
യേശുവിന്റെ അനുഗാമികൾ എന്ന നിലയിൽ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ എല്ലാവരുടെയും മഹത്തായ രക്ഷ എന്ന ദൗത്യത്തിൽ നമ്മുടെ രക്ഷകനോടൊപ്പം ചേരുവാനുള്ള ഭാഗ്യം നമുക്കുണ്ട്. നിങ്ങളുടെ ജീവിതത്തിൽ ആർക്കാണ് അവന്റെ രക്ഷാകരമായ സ്നേഹം ആവശ്യമായിരിക്കുന്നത്?
പിതാവേ, നീ കാണുന്നതു പോലെ ഈ ലോകത്തെ കാണുവാനും നിന്റെ നിത്യ രക്ഷാദൗത്യത്തിൽ പങ്കുചേരുവാനും സഹായിക്കേണമേ. നിന്റെ കൃപയുടെ ഒരു ഉപകരണമായിരിക്കുവാൻ എന്നെ സഹായിക്കേണമേ.