യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായ മോൾഡോവയിൽ ജീവിച്ചിരുന്ന കാലത്ത്, എന്‍റെ സുഹൃത്തുക്കൾക്ക്  ലഭിച്ച സ്വീകരണം, പ്രത്യേകിച്ച് മറ്റു ക്രിസ്ത്യാനികളിൽ നിന്ന് കിട്ടിയ ഹൃദ്യമായ സ്വീകരണം മതിപ്പുളവാക്കുന്നതായിരുന്നു. ഒരിക്കൽ  അവർ  അവരുടെ പള്ളിയിൽ നിന്നും കുറച്ച് വസ്ത്രവും ഭക്ഷണപദാർത്ഥങ്ങളും; ദരിദ്രരായിരുന്നുവെങ്കിലും അനവധി കുട്ടികളെ പരിപോഷിപ്പിച്ചിരുന്ന ഒരു ദമ്പതികൾക്കു വേണ്ടി  കൊണ്ടുപോയി. ഈ ദമ്പതികൾ എന്‍റെ സുഹൃത്തുക്കളെ ആദരണീയരായ അതിഥികളായി കണക്കാക്കി; മാധുര്യമേറിയ ചായയും, അവരുടെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ, ഭക്ഷണവും അവർക്കു നൽകി. അവർ സമ്മാനിച്ച, തണ്ണിമത്തനും മറ്റു പഴങ്ങളും പച്ചക്കറികളും കൊണ്ട് എന്‍റെ സുഹൃത്തുക്കൾ അവിടം വിട്ടുപോന്നപ്പോൾ,  തങ്ങൾ അനുഭവിച്ച ആതിഥ്യമര്യാദയിൽ അവർ ആശ്ചര്യപ്പെട്ടു.

തന്‍റെ ജനമായ യിസ്രായേല്യർ പ്രദർശിപ്പിക്കണം എന്ന് ദൈവം കൽപ്പിച്ച വിധത്തിലുള്ള, സ്വാഗതത്തിന്‍റെ മൂർത്തീഭാവമായിരുന്നു ഈ വിശ്വാസികൾ. “ദൈവത്തോടുള്ള അനുസരണത്തിൽ നടക്കുകയും, അവനെ സ്നേഹിക്കുകയും, നിന്‍റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കുകയും” വേണം എന്ന് അവൻ അവരോട് കൽപിച്ചു (ആവർത്തനം 10:12). യിസ്രായേല്യർക്ക് എങ്ങനെയാണ് ഇതനുസരിച്ച് ജീവിക്കുവാൻ കഴിയുക? ഇതിനുള്ള മറുപടി ഏതാനും വാക്യങ്ങൾക്കു ശേഷം കാണാം: “ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.” (വാക്യം 19). അപരിചിതരെ സ്വാഗതം ചെയ്യുന്നതിലൂടെ അവർ ദൈവത്തെ സേവിക്കുകയും ആദരിക്കുകയും ചെയ്യുമായിരുന്നു. സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നതിലൂടെ അവർ അവനിലുള്ള ആശ്രയം പ്രകടിപ്പിക്കുമായിരുന്നു.

നമ്മുടെ സാഹചര്യങ്ങൾ മോൾഡോവരിൽ നിന്നും യിസ്രായേല്യരിൽ നിന്നും വ്യത്യസ്തമായിരിക്കാം, എന്നാൽ, മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിലൂടെ നമുക്കും ദൈവത്തോടുള്ള നമ്മുടെ സ്നേഹം ജീവിതത്തിൽ അനുഭവിക്കുവാൻ കഴിയും. നമ്മുടെ ഭവനങ്ങൾ തുറന്നുകൊടുക്കുന്നതിലൂടെയോ, കണ്ടുമുട്ടുന്നവരെ പുഞ്ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്യുന്നതിലൂടെയോ, ഏകാന്തവും മുറിപ്പെടുത്തുന്നതുമായ ലോകത്തിൽ, ദൈവീക കരുതലും ആതിഥ്യവും പകർന്നു നൽകുവാൻ നമുക്ക് സാധിക്കും.