ഒരു ടി.വി പരിപാടിയിൽ, കൌമാരപ്രായക്കാരുടെ ജീവിതം കൂടുതൽ നന്നായി മനസ്സിലാക്കുന്നതിനായ് യൌവനക്കാർ ഉയർന്ന ഹൈസ്കൂൾ വിദ്യാർത്ഥികളായി അഭിനയിച്ചു. കൗമാരപ്രായക്കാരുടെ സ്വന്തമൂല്യം കണക്കാക്കുന്നതിൽ സോഷ്യൽ മീഡിയ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് അവർ കണ്ടെത്തി. ഒരു സഹകാരിയുടെ നിരീക്ഷണം, “[വിദ്യാർത്ഥികളുടെ] സ്വന്തമൂല്യം സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടിരിക്കുന്നു – അത് ഒരു ഫോട്ടോ എത്ര പേർ ഇഷ്ടപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.” മറ്റുള്ളവരാലുള്ള സ്വീകാര്യത എന്ന ഈ ആവശ്യം, ഓൺലൈനിലെ തീവ്രമായ പെരുമാറ്റത്തിലേയ്ക്ക് യൌവനക്കാരെ കൊണ്ടെത്തിക്കുന്നു.

പരസ്വീകാര്യതയ്ക്കായുള്ള ആഗ്രഹം മുൻപേ ഉണ്ടായിരുന്നതാണ്. ഉൽപത്തി 29- ൽ ലേയ തന്‍റെ ഭർത്താവായ യാക്കോബിന്‍റെ സ്നേഹത്തിനായ് അതിയായി കാംക്ഷിക്കുന്നു. അവളുടെ ആദ്യ മൂന്നു ആൺമക്കളുടെ പേരുകളിൽ അതു് പ്രതിഫലിക്കുന്നു- എല്ലാം അവളുടെ ഏകാന്തതയെ ദൃശ്യമാക്കുന്നു (വാക്യം 31-34). എന്നാൽ സങ്കടകരമെന്നു പറയട്ടെ, യാക്കോബ് അവൾക്കു സ്വീകാര്യമായ അംഗീകാരം നൽകിയെന്നതിന് യാതൊരു സൂചനയും ലഭ്യമല്ല.

തന്‍റെ നാലാമത്തെ കുഞ്ഞിന്‍റെ ജനനത്തോടു കൂടി ലേയ, അവളുടെ ഭർത്താവിലേയ്ക്കല്ല, പകരം ദൈവത്തിങ്കലേക്ക് തിരിഞ്ഞു, നാലാമത്തെ പുത്രന്,  “സ്തുതി” എന്ന് അർത്ഥമുള്ള, യഹൂദാ എന്നു പേരിട്ടു (വാക്യം 35). ലേയ ഒരു പക്ഷേ, തന്‍റെ പ്രാധാന്യം ദൈവത്തിൽ കണ്ടെത്തി. അവൾ ദൈവീക രക്ഷാചരിത്രത്തിന്‍റെ ഭാഗമായിത്തീർന്നു: ദാവീദിന്‍റെയും, പിൽക്കാലത്ത് യേശുവിന്‍റെയും പൂർവികനാണ്, യഹൂദ.

നമ്മുടെ പ്രാധാന്യം  കണ്ടെത്തുവാൻ പല വിധത്തിൽ ശ്രമിക്കാവുന്നതാണ്. എന്നാൽ, യേശുവിൽ മാത്രമാണ് നമുക്ക് ദൈവമക്കൾ, ക്രിസ്തുവിനോട് കൂട്ടവകാശികൾ, നമ്മുടെ സ്വർഗീയ പിതാവിനോടൊപ്പം നിത്യകാലം വസിക്കുന്നവർ എന്നിങ്ങനെയുള്ള വ്യക്തിത്വം ലഭ്യമാകുന്നത്. പൌലോസ് എഴുതിയിരിക്കുന്നതു പോലെ, ഈ ലോകത്തിലെ യാതൊന്നും, “ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠതയോട്” തുലനം ചെയ്യാവുന്നതല്ല (ഫിലിപ്പിയർ 3:8).