എന്റെ മകന്റെ ആറാം പിറന്നാളിന് അവനെ അത്ഭുതപ്പെടുത്താന്‍ ഞങ്ങളുടെ ചെറിയ സഭ തീരുമാനിച്ചു. സഭാംഗങ്ങള്‍ അവന്റെ സണ്‍ഡേസ്‌കൂള്‍ ക്ലാസ് മുറി ബലൂണുകള്‍ കൊണ്ടലങ്കരിക്കുകയും ഒരു ചെറിയ മേശമേല്‍ ഒരു കേക്ക് വെയ്ക്കുകയും ചെയ്തു. എന്റെ മകന്‍ മുറി തുറന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് ‘ഹാപ്പി ബര്‍ത്ത്‌ഡേ” പറഞ്ഞു.

പിന്നീട്, ഞാന്‍ കേക്ക് മുറിച്ചുകൊണ്ടിരുന്നപ്പോള്‍, എന്റെ മകന്‍ അടുത്ത് വന്ന് എന്റെ ചെവിയില്‍ ചോദിച്ചു, ‘മമ്മീ, എന്തുകൊണ്ടാണ് ഇവിടെ എല്ലാവരും എന്നെ സ്‌നേഹിക്കുന്നത്?” എനിക്കും അതേ ചോദ്യമാണുണ്ടായിരുന്നത്! ഈയാളുകള്‍ക്ക് ഞങ്ങളെ ആറുമാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും ദീര്‍ഘകാല സ്‌നേഹിതരെപ്പോലെയാണ് അവര്‍ ഞങ്ങളോടിടപെട്ടിരുന്നത്.

എന്റെ മകനോടുള്ള അവരുടെ സ്‌നേഹം, ഞങ്ങളോടുള്ള ദൈവത്തിന്റെ സ്‌നേഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അവന്‍ ഞങ്ങളെ സ്‌നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല, എങ്കിലും അവന്‍ സ്‌നേഹിക്കുന്നു – അവന്റെ സ്‌നേഹം സൗജന്യമാണ്. മാത്രമല്ല അവന്റെ സ്‌നേഹം ആര്‍ജ്ജിക്കുവാന്‍ ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല, എന്നിട്ടും അവന്‍ ഞങ്ങളുടെമേല്‍ സ്‌നേഹം കോരിച്ചൊരിയുന്നു. തിരുവചനം നമ്മോട് പറയുന്നു: ‘ദൈവം സ്‌നേഹം ആകുന്നു” (1 യോഹന്നാന്‍ 4:8). അവന്‍ ആരാണോ അതിന്റെ ഭാഗമാണത്.

ദൈവം തന്റെ സ്‌നേഹം നമ്മുടെമേല്‍ പകര്‍ന്നത് അതേ സ്‌നേഹം നാം മറ്റുള്ളവരുടെമേല്‍ പകരുന്നതിനു വേണ്ടിയാണ്. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, ‘ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്നു തന്നേ. നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്‌നേഹം ഉെണ്ടങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും” (യോഹന്നാന്‍ 13:34-35).

ഞങ്ങളുടെ ചെറിയ സഭാസമൂഹത്തിലെ ആളുകള്‍ ഞങ്ങളെ സ്‌നേഹിക്കുന്നത് ദൈവസ്‌നേഹം അവരിലുള്ളതുകൊണ്ടാണ്. അത് അവരില്‍ തിളങ്ങുകയും അവര്‍ യേശുവിന്റെ ശിഷ്യന്മാരാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. ദൈവസ്‌നേഹത്തെ പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ നമുക്ക് കഴികയില്ല. എങ്കിലും അത് മറ്റുള്ളവരിലേക്ക് പകരാനും – അവന്റെ വിശദീകരിക്കാനാവാത്ത സ്‌നേഹത്തിന്റെ മാതൃകകളായിരിക്കാനും – നമുക്ക് കഴിയും.