അതിര്‍ത്തി കടന്ന് ചൈനയില്‍ പ്രവേശിച്ചതിന് പിടിക്കപ്പട്ട ഹെയ് വൂ (അവളുടെ യഥാര്‍ത്ഥ നാമമല്ല) ഉത്തര കൊറിയന്‍ ലേബര്‍ ക്യാമ്പില്‍ തടവിലാക്കപ്പെട്ടു. രാവും പകലും പീഡനമേറ്റു, ക്രൂരരായ ഗാര്‍ഡുകള്‍, പുറംപൊളിയുന്ന ജോലി, എലിയും പേനും നിറഞ്ഞ ഐസുപോലെ തണുത്ത തറയില്‍ ഉറക്കം, അവള് പറഞ്ഞു. എങ്കിലും ദൈവം അവളുടെ കൂടെയിരുന്നു, ഏതു തടവുകാരനോടു സൗഹൃദം പുലര്‍ത്തണമെന്നും വിശ്വാസം പങ്കുവയ്ക്കണമെന്നും ദിനംപ്രതി അവള്‍ക്ക് കാണിച്ചുകൊടുത്തു.
ക്യാമ്പില്‍നിന്നു മോചിതയായ ശേഷം ദക്ഷിണ കൊറിയയില്‍ പാര്‍ക്കുന്ന വൂ തന്റെ തടവുജീവിതം അയവിറക്കിക്കൊണ്ട് 23-ാം സങ്കീര്‍ത്തനമാണ് തന്റെ അനുഭവങ്ങളുടെ ആകെത്തുക എന്നു വിവരിക്കുന്നു. കൂരിരുള്‍ താഴ്വരയില് താന്‍ അടയ്ക്കപ്പെട്ടില്ലെങ്കിലും, യേശു അവളുടെ ഇടയനായി അവള്‍ക്കു സമാധാനം നല്കി: ‘അക്ഷരാര്‍ത്ഥത്തില്‍ മരണനിഴല്‍ നിറഞ്ഞ താഴ്വരയില് ഞാനായിരുന്നതുപോലെ എനിക്കനുഭവപ്പെട്ടെങ്കിലും ഞാന്‍ ഒന്നിനെയും ഭയപ്പെട്ടില്ല, ദൈവം എന്നെ എല്ലാ ദിവസവും ആശ്വസിപ്പിച്ചു.” ദൈവത്തിന്റെ നന്മയും സ്നേഹവും അവള് അനുഭവിച്ചു, അവള് അവന്റെ പ്രിയ മകളാണെന്ന് അവന് സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ‘ഞാന്‍ കഠിന സ്ഥലത്തായിരുന്നു എങ്കിലും … ദൈവത്തിന്റെ നന്മയും സ്നേഹവും ഞാന്‍ അനുഭവിക്കുമെന്നു ഞാന്‍ അറിഞ്ഞു.’ കര്‍ത്താവിന്റെ സാന്നിധ്യത്തില്‍ താന്‍ എല്ലാക്കാലത്തും തുടരുമെന്നും അവളറിഞ്ഞു.
നമുക്കും വൂവിന്റെ അനുഭവത്തില്‍ നിന്നും പ്രോത്സാഹനം നേടാന്‍ കഴിയും. അവളുടെ പ്രതികൂല സാഹചര്യത്തിന്റെ മധ്യത്തിലും ദൈവത്തിന്റെ സ്നേഹവും നടത്തിപ്പും അവള് അനുഭവിച്ചു. അവന് അവളെ നിലനിര്‍ത്തുകയും അവളുടെ ഭയത്തെ എടുത്തുകളയുകയും ചെയ്തു. നാം യേശുവിനെ അനുഗമിച്ചാല്‍ അവന് നമ്മെ നമ്മുടെ പ്രയാസ ഘട്ടങ്ങളിലൂടെ സുരക്ഷിതമായി നടത്തും. നാം ഭയപ്പെടേണ്ടതില്ല, കാരണം ‘നാം യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും’ (23:6).
ഓ, ദൈവമേ, ഞാന്‍ താഴ്വരയിലൂടെ നടക്കുമ്പോള്‍, നീ എന്റെ കൂടെയിരുന്ന് എന്റെ ഭയം എടുത്തുകളയണമേ.