ഓസ് ഗിന്നസ് ‘ദി കോള്‍’ എന്ന തന്റെ ഗ്രന്ഥത്തില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഫ്രാന്‍സിനു തെക്ക് ചില സ്‌നേഹിതരോടൊപ്പം അവധിക്കാലം ആസ്വദിച്ചതിനെക്കുറിച്ചു വിവരിച്ചിട്ടുണ്ട്. തണുത്ത രാത്രിയില്‍ തീക്കു ചുറ്റുമിരിക്കുമ്പോള്‍, എരിയുന്ന തീയിലേക്ക് നോക്കിയ മുന്‍പ്രധാന മന്ത്രി, പൈന്‍ വിറകുകള്‍ കത്തുമ്പോള്‍ ‘പൊട്ടുകയും ചീറ്റുകയും തുപ്പുകയും ചെയ്യുന്നതു കണ്ടു. പെട്ടെന്ന് തന്റെ ചിരപരിചിത മുരണ്ട ശബ്ദത്തില്‍ പറഞ്ഞു, ‘വിറകുകള്‍ എന്തുകൊണ്ടാണ് തുപ്പുന്നത് എന്നെനിക്കറിയാം. ദഹിപ്പിക്കപ്പെടുക എന്നാല്‍ എന്താണെന്നെനിക്കറിയാം.”

പ്രതിസന്ധികള്‍, നിരാശ, അപകടങ്ങള്‍, ദുരിതം, നമ്മുടെ തന്നെ വീഴ്ചകളുടെ ഫലങ്ങള്‍ എന്നിവയെല്ലാം ദഹിപ്പിക്കുന്നവയാണ്. സാഹചര്യങ്ങള്‍ പതുക്കെപ്പതുക്കെ നമ്മുടെ ഹൃദയത്തിന്റെ സമാധാനവും സന്തോഷവും ഊറ്റിയെടുക്കും. ദാവീദ് തന്റെ തന്നെ പാപ പ്രവൃത്തികളുടെ ഭവിഷ്യത്തുകളാല്‍ ദഹിപ്പിക്കപ്പെടുന്ന അനുഭവത്തിലൂടെ കടന്നുപോയപ്പോള്‍ അവന്‍ എഴുതി, ‘ഞാന്‍ മിണ്ടാതെയിരുന്നപ്പോള്‍ നിത്യമായ ഞരക്കത്താല്‍ എന്റെ അസ്ഥികള്‍ ക്ഷയിച്ചുപോയി; രാവും പകലും നിന്റെ കൈ എന്റെമേല്‍ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്‍ക്കാലത്തിലെ ഉഷ്ണത്താല്‍ എന്നപോലെ വറ്റിപ്പോയി’ (സങ്കീര്‍ത്തനം 32:3-4).

ഇത്തരം പ്രയാസഘട്ടങ്ങളില്‍, എവിടേക്കാണ് സഹായത്തിനായി തിരിയുക? പ്രത്യാശയ്ക്കു വേണ്ടി? ശുശ്രൂഷാ ഭാരത്താലും തകര്‍ച്ചകളാലും നിറയപ്പെട്ട അനുഭവത്തിനുടമയായ പൗലൊസ് എഴുതി, ‘ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര്‍ എങ്കിലും നശിച്ചുപോകുന്നില്ല’ (2 കൊരിന്ത്യര്‍ 4:8-9).

എങ്ങനെയാണതു സംഭവിക്കുന്നത്? നാം യേശുവില്‍ വിശ്രമിക്കുമ്പോള്‍, നല്ലയിടയന്‍ നമ്മുടെ പ്രാണനെ തണുപ്പിക്കുകയും (സങ്കീര്‍ത്തനം 23:3), നമ്മുടെ യാത്രയുടെ അടുത്ത ചുവടിനായി നമ്മെ ശക്തീകരിക്കയും ചെയ്യുന്നു. പാതയിലെ ഓരോ ചുവടിലും നമ്മോടൊപ്പം സഞ്ചരിക്കാമെന്ന് അവന്‍ വാഗ്ദത്തം ചെയ്യുന്നു (എബ്രായര്‍ 13:5).