ഘാനയില്‍ ഒരു കൊച്ചുകുട്ടിയായി വളര്‍ന്നപ്പോള്‍ ജനത്തിരക്കേറിയ സ്ഥലങ്ങളിലൂടെ എന്റെ പിതാവിന്റെ കരം പിടിച്ച് നടക്കുന്നത് എനിക്കിഷ്ടമായിരുന്നു. അദ്ദേഹം ഒരേസമയം എന്റെ പിതാവും സ്‌നേഹിതനുമായിരുന്നു. കാരണം എന്റെ സംസ്‌കാരത്തില്‍ കരം പിടിക്കുന്നത് യഥാര്‍ത്ഥ സുഹൃദ്ബന്ധത്തിന്റെ അടയാളമായിരുന്നു. അങ്ങനെ നടക്കുമ്പോള്‍ അനേക വിഷയങ്ങളെക്കുറിച്ചു ഞങ്ങള്‍ സംസാരിക്കുമായിരുന്നു. എനിക്ക് ഏകാന്തത അനുഭവപ്പെടുമ്പോഴൊക്കെ, എന്റെ പിതാവിന്റെ അടുക്കല്‍ ഞാന്‍ ആശ്വാസം കണ്ടെത്തുമായിരുന്നു. ഞങ്ങളുടെ സൗഹൃദത്തെ ഞാന്‍ എത്ര വിലമതിച്ചിരുന്നുവെന്നോ!

കര്‍ത്താവായ യേശു തന്റെ ശിഷ്യന്മാരെ സ്‌നേഹിതന്മാര്‍ എന്നു വിളിച്ചു, തന്റെ സൗഹൃദത്തിന്റെ അടയാളങ്ങള്‍ അവന്‍ അവര്‍ക്കു കാണിച്ചുകൊടുത്തു. ‘പിതാവ് എന്നെ സ്‌നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്‌നേഹിക്കുന്നു’ (യോഹന്നാന്‍ 15:9) യേശു പറഞ്ഞു. അവര്‍ക്കുവേണ്ടി തന്റെ ജീവനെ വെച്ചുകൊടുത്തു (വാ.13). തന്റെ രാജ്യത്തിന്റെ പ്രവൃത്തികള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു (വാ.15). ദൈവം അവനു നല്‍കിയതെല്ലാം അവന്‍ അവരെ പഠിപ്പിച്ചു (വാ.15). തന്റെ ദൗത്യത്തില്‍ പങ്കാളികളാകാന്‍ അവന്‍ അവര്‍ക്കവസരം നല്‍കി (വാ.16).

നമ്മുടെ ജീവിതത്തിലെ കൂട്ടാളിയെന്ന നിലയില്‍ യേശു നമ്മോടൊപ്പം നടക്കുന്നു. നമ്മുടെ ഹൃദയവേദനകളും നമ്മുടെ ആഗ്രഹങ്ങളും അവന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു. നാം ഏകാന്തരും ഹൃദയം തളര്‍ന്നവരും ആകുമ്പോള്‍ നമ്മുടെ സ്‌നേഹിതനായ യേശു നമ്മോടൊപ്പം നില്‍ക്കുന്നു.

നാം പരസ്പരം സ്‌നേഹിക്കുകയും അവന്റെ കല്പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ യേശുവുമായുള്ള നമ്മുടെ സൗഹൃദം കൂടുതല്‍ ദൃഢമാകുന്നു (വാ. 10, 17). നാം അവന്റെ കല്പനകള്‍ അനുസരിക്കുമ്പോള്‍ നാം ‘നിലനില്‍ക്കുന്ന ഫലം’ കായ്ക്കും (വാ. 16).

നമ്മുടെ പ്രശ്‌നസങ്കീര്‍ണ്ണമായ ലോകത്തിലെ ജനനിബിഢമായ തെരുവുകളിലൂടെയും അപകടം നിറഞ്ഞ വഴികളിലൂടെയും നടക്കുമ്പോള്‍ കര്‍ത്താവിന്റെ സഖിത്വത്തില്‍ നമുക്കാശ്രയിക്കാം. അവന്റെ സൗഹൃദത്തിന്റെ അടയാളമാണത്.