സൂര്യന്‍ കിഴക്കാണോ ഉദിക്കുന്നത്? ആകാശം നീലയാണോ? സമുദ്രം ഉപ്പുള്ളതാണോ? കോബാള്‍ട്ടിന്റെ അറ്റോമിക ഭാരം 58.9 ആണോ? ശരി, ശരി. അവസാനത്തേതിന്റെ ഉത്തരം അറിയണമെങ്കില്‍ നിങ്ങള്‍ ഒരു ശാസ്ത്രകുതുകിയോ അപ്രധാന വിശദാംശങ്ങള്‍ ഇഷ്ടപ്പെടുന്നവനോ ആയിരിക്കണം. എങ്കിലും മറ്റ് ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം നിങ്ങള്‍ക്കുണ്ട്: അതേ. വാസ്തവത്തില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങളെല്ലാം സാധാരണയായി പരിഹാസരൂപേണയുള്ളതായിരിക്കും.

നാം ശ്രദ്ധാലുക്കളല്ലെങ്കില്‍ നമ്മുടെ ആധുനിക – ചിലപ്പോള്‍ അടഞ്ഞ – കാതുകള്‍ക്ക്, രോഗിയായ മനുഷ്യനോടുള്ള ‘നിനക്കു സൗഖ്യമാകുവാന്‍ മനസ്സുണ്ടോ?’ (യോഹന്നാന്‍ 5:6) എന്ന യേശുവിന്റെ ചോദ്യം പരിഹാസദ്യോതകമായി തോന്നിയേക്കാം. അതിനു ലഭിക്കാവുന്ന മറുപടി ഇതായിരിക്കും: ‘നീ എന്നെ കളിയാക്കുകയാണോ? മുപ്പത്തെട്ടു വര്‍ഷമായി സഹായം കാത്തു കഴിയുകയാണ് ഞാന്‍.” എന്നാല്‍ അവിടെ പരിഹാസമില്ലായിരുന്നു. യേശുവിന്റെ വാക്കുകള്‍ എല്ലായ്‌പ്പോഴും മനസ്സലിവു നിറഞ്ഞതും അവന്റെ ചോദ്യങ്ങള്‍ എപ്പോഴും നമ്മുടെ നന്മയ്ക്കുവേണ്ടി ഉള്ളതും ആയിരിക്കും.

മനുഷ്യന് സൗഖ്യമാകാന്‍ ആഗ്രഹമുണ്ടെന്ന് യേശു അറിഞ്ഞിരുന്നു. കരുതലിന്റെ ഒരു കരം ആരെങ്കിലും അവന്റെ നേരെ നീട്ടിയിട്ട് ഒരുപാട് കാലമായെന്നും യേശുവിനറിയാമായിരുന്നു. ദൈവിക അത്ഭുതത്തിനു മുമ്പ്, തണുത്തുപോയ അവന്റെ പ്രത്യാശയെ ഉണര്‍ത്തുകയായിരുന്നു യേശുവിന്റെ ഉദ്ദേശ്യം. വ്യക്തമായ ഒരു ചോദ്യം ചോദിച്ചു കൊണ്ടും ‘എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക” (വാ. 8) എന്നു പറഞ്ഞ് പ്രതികരിക്കാന്‍ അവന് അവസരം നല്‍കിക്കൊണ്ടും ആണവന്‍ അതു ചെയ്തത്.

ആ പക്ഷവാത രോഗിയെപ്പോലെയാണ് നാം, നാമോരോരുത്തരും നമ്മുടെ ജീവിതത്തിലെ പ്രതീക്ഷ കരിഞ്ഞുണങ്ങിയ സ്ഥാനങ്ങളിലാണ്. അവന്‍ നമ്മെ കാണുകയും മനസ്സലിവോടെ വീണ്ടും പ്രത്യാശയില്‍ വിശ്വസിക്കാന്‍ – അവനില്‍ വിശ്വസിക്കാന്‍ – നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.