എന്റെ ഏറ്റവും ഇളയ കൊച്ചുമകന് രണ്ടു മാസം പ്രായമേ ഉള്ളുവെങ്കിലും ഞാന്‍ അവനെ കാണുമ്പോഴൊക്കെ ചെറിയ വ്യത്യാസങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അടുത്തയിടെ, ഞാന്‍ അവനെ ലാളിച്ചപ്പോള്‍ അവന് എന്നെ നോക്കി പുഞ്ചരിച്ചു! പെട്ടെന്ന് ഞാന്‍ കരയാന്‍ തുടങ്ങി. അതൊരു പക്ഷേ സന്തോഷത്തോടൊപ്പം അനേക വര്‍ഷങ്ങള്‍ക്കു മുമ്പു ഞാന്‍ കണ്ട എന്റെ സ്വന്തം മക്കളുടെ ആദ്യ പുഞ്ചരിയുടെ ഓര്‍മ്മ കൂടിക്കലര്‍ന്നതു കൊണ്ടാകാം; എങ്കിലും അത് ഇന്നലത്തെപ്പോലെ എനിക്കനുഭവപ്പെടുന്നു. ചില നിമിഷങ്ങള്‍ അങ്ങനെയാണ് – വിശദീകരിക്കാനാവാത്തവ.
സങ്കീര്‍ത്തനം 103 ല്‍ ദൈവത്തെ സ്തുതിക്കുന്ന ഒരു ഗാനം ദാവീദ് എഴുതുകയും അതില്‍ നമ്മുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ എത്ര വേഗത്തിലാണ് കടന്നുപോകുന്നതെന്ന് ധ്യാനിക്കയും ചെയ്തു: ‘മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന് പൂക്കുന്നു. കാറ്റ് അതിന്മേല് അടിക്കുമ്പോള്‍ അത് ഇല്ലാതെപോകുന്നു’ (വാ. 15-16).
എന്നാല്‍, ജീവിതത്തിന്റെ ക്ഷണികതയെ അംഗീകരിക്കുമ്പോള്‍ തന്നേ, പൂവിനെ തഴയ്ക്കുന്നത് അഥവാ പുഷ്ടി പ്രാപിക്കുന്നത് ആയിട്ടാണ് ദാവീദ് വിവരിക്കുന്നത്. ഓരോ ഒറ്റയൊറ്റ പുഷ്പവും പെട്ടെന്ന് മൊട്ടിടുകയും വിടരുകയും ചെയ്യുന്നെങ്കിലും അതിന്റെ സുഗന്ധവും വര്‍ണ്ണവും സൗന്ദര്യവും വലിയ സന്തോഷമാണ് നല്‍കുന്നത്. ഒരു ഒറ്റ പുഷ്പം പെട്ടെന്ന് വിസ്മരിക്കപ്പെട്ടാലും – ‘അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല’ (വാ. 16) – നേരെ വിപരീതമായി നമുക്കുള്ള ഉറപ്പ്, ”യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്ക്ക്’ ഉണ്ടാകും എന്നാണ് (വാ. 17).
പൂക്കളെപ്പോലെ, ഒരു നിമിഷത്തേക്ക് നമുക്ക് സന്തോഷിക്കയും പുഷ്ടിപ്പെടുകയും ചെയ്യാം, എങ്കിലും നമ്മുടെ ജീവിതത്തിലെ നിമിഷങ്ങള്‍ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല എന്ന സത്യത്തെ നമുക്ക് ആഘോഷിക്കാം. നമ്മുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളെയും ദൈവം പിടിച്ചിരിക്കുന്നു, അവന്റെ ശാശ്വത സ്നേഹം തന്റെ മക്കള്‍ക്ക് എന്നേക്കും ഉണ്ടായിരിക്കും!
അവനുവേണ്ടി അഭിവൃദ്ധിപ്പെടുന്നതിന് നമുക്കാവശ്യമായതെല്ലാം ദൈവം നല്കുന്നു.