ആംബുലന്‍സിന്റെ വാതില്‍ അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു – എന്നെ ഉള്ളില്‍ കിടത്തി. പുറത്ത്, എന്റെ മകന്‍ എന്റെ ഭാര്യയ്ക്ക് ഫോണ്‍ ചെയ്യുകയാണ്. എന്റെ പാതി മയക്കത്തില്‍ ഞാന്‍ അവന്റെ പേര് വിളിച്ചു. ഒരു നിമിഷം അവന്‍ ശ്രദ്ധിച്ചപ്പോള്‍ ഞാന്‍ സാവകാശം പറഞ്ഞു, ‘നിന്റെ മമ്മിയോട് പറ, ഞാന്‍ അവളെ വളരെയധികം സ്‌നേഹിക്കുന്നുവെന്ന്.’
വ്യക്തമായും ഇത് യാത്രപറച്ചിലായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചു, അതെന്റെ വേര്‍പിരിയലിന്റെ വാക്കുകളായിരിക്കണമെന്ന് ഞാനാഗ്രഹിച്ചു. ആ നിമിഷത്തില്‍ എന്നെ സംബന്ധിച്ച് അത് വിലപ്പെട്ടതായിരുന്നു.

യേശു തന്റെ ഏറ്റവും അന്ധകാര നിമിഷത്തെ നേരിട്ടപ്പോള്‍, അവന്‍ നമ്മെ സ്‌നേഹിക്കുന്നു എന്നു കേവലം പറയുക മാത്രമായിരുന്നില്ല; പ്രത്യേക രീതിയില്‍ അവനതു കാണിച്ചു തരികയും ചെയ്തു. തന്നെ ക്രൂശില്‍ തറച്ച പരിഹാസികളായ പടയാളികള്‍ക്ക് അവനതു കാണിച്ചുകൊടുത്തു: ‘പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട്് ഇവരോട് ക്ഷമിക്കണമേ’ (ലൂക്കൊസ് 23:34). തന്നോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളിക്ക് അവന്‍ പ്രത്യാശ പകര്‍ന്നു കൊടുത്തു: ‘ഇന്ന് നീ എന്നോട് കൂടെ പറുദീസയില്‍ ഇരിക്കും” (വാ. 43). അന്ത്യത്തോടടുത്തപ്പോള്‍ അവന്‍ തന്റെ മാതാവിനെ നോക്കി: ‘ഇതാ,

നിന്റെ മകന്‍ എന്ന് അമ്മയോടു പറഞ്ഞു.’ തന്റെ അരുമ ശിഷ്യനോട്: ‘ഇതാ, നിന്റെ അമ്മ’ എന്നും പറഞ്ഞു (യോഹന്നാന്‍ 19:26-27. തുടര്‍ന്ന് തന്റെ പ്രാണന്‍ തന്നില്‍ നിന്ന് വഴുതിപ്പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍, യേശുവിന്റെ അവസാനത്തെ സ്‌നേഹപ്രവൃത്തി തന്റെ പിതാവിനെ ആശ്രയിക്കുക എന്നതായിരുന്നു. ‘നിന്റെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഭരമേല്‍പിക്കുന്നു’ (ലൂക്കൊസ് 23:46) എന്നവന്‍ പറഞ്ഞു.

തന്റെ പിതാവിനോടുള്ള അനുസരണം വെളിപ്പെടുത്തേണ്ടതിനും നമ്മോടുള്ള സ്‌നേഹത്തിന്റെ ആഴത്തിലും യേശു മനഃപൂര്‍വ്വം ക്രൂശ് തിരഞ്ഞെടുത്തു, അവസാനം വരെ തന്റെ മാറ്റമില്ലാത്ത സ്‌നേഹം അവന്‍ കാണിച്ചു.