യെരുശലേമിന്റെ പ്രാന്തപ്രദേശത്തെ ഇരുണ്ടതും പ്രസന്നമല്ലാത്തതുമായ ഒരു ദിനമായിരുന്നു അത്. നഗരമതിലിനു പുറത്തുള്ള ഒരു കുന്നിന്മുകളില്, കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി അന്വേഷണ കുതുകികളായ അനുയായി വൃന്ദങ്ങളെ ആകര്‍ഷിച്ചു വന്ന ഒരു മനുഷ്യന്, ഒരു പരുക്കന്‍ മരക്കുരിശില്‍ അപമാനത്തിലും വേദനയിലും തൂങ്ങിക്കിടക്കുന്നു. വിലപിക്കുന്നവര്‍ ദുഃഖത്തോടെ കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു. ഉച്ചയ്ക്കു ശേഷം സൂര്യന് ശോഭിച്ചതേയില്ല. ക്രൂശില്‍ കിടന്ന മനുഷ്യന് ‘നിവൃത്തിയായി’ എന്ന് ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ അവന്റെ കഠിനമായ കഷ്ടത അവസാനിച്ചു (മത്തായി 27:50; യോഹന്നാന് 19:30).
ആ നിമിഷത്തില്‍, നഗരത്തിന്റെ എതിര്‍വശത്തുള്ള ദൈവാലയത്തില്‍ നിന്നും മറ്റൊരു ശബ്ദമുയര്‍ന്നു – തിരശ്ശില കീറുന്ന ശബ്ദം. അത്ഭുതകരമായി, മാനുഷിക ഇടപെടല്‍ കൂടാതെ, പരിശുദ്ധ സ്ഥലത്തെ അതിപരിശുദ്ധ സ്ഥലത്തു നിന്നും വേര്‍തിരിക്കുന്ന വലിയ, കട്ടിയേറിയ തിരശ്ശില മുകള്‍തൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി (മത്തായി 27:51).
ചീന്തിയ തിരശ്ശീല ക്രൂശിന്റെ യാഥാര്‍ത്ഥ്യത്തിന്റെ പ്രതീകമാണ്: ദൈവത്തിങ്കലേക്കു ഒരു പുതുവഴി തുറന്നിരിക്കുന്നു! ക്രൂശിലെ മനുഷ്യനായ യേശു, അവസാന യാഗമായി തന്റെ രക്തം ചൊരിഞ്ഞു – മതിയായ ഏക സത്യയാഗം (എബ്രായര്‍ 10:10) – തന്മൂലം അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് പാപക്ഷമയും ദൈവവുമായുള്ള ബന്ധത്തിലേക്കു പ്രവേശനവും സാധ്യമാകുന്നു (റോമര്‍ 5:6-11).
ആദ്യത്തെ ആ ദുഃഖ വെള്ളിയിലെ ഇരുട്ടിന്റെ മധ്യത്തില്‍, എക്കാലത്തെയും മികച്ച വാര്‍ത്ത നാം കേട്ടു – നമ്മുടെ പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെടുന്നതിനും ദൈവത്തോട് എന്നന്നേക്കും കൂട്ടായ്മ അനുഭവിക്കേണ്ടതിനുമായി ഒരു മാര്‍ഗ്ഗം യേശു തുറന്നു (എബ്രായര്‍ 10:19-22). ചീന്തിയ തിരശ്ശീലയില്‍ നിന്നുള്ള സന്ദേശത്തിനായി ദൈവത്തിനു നന്ദി!
നമ്മുടെ പാപങ്ങളില്‍ നിന്നു നമ്മെ രക്ഷിക്കുന്നതിനായി ഒരു വഴി യേശു തുറന്നിരിക്കുന്നു.