അതിരാവിലെ, ഞങ്ങളുടെ വീടിന്റെ പിറകിലുള്ള വനപ്രദേശത്തേക്കു തുറക്കുന്ന കുടുംബ മുറിയുടെ ജനാലയിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. മിക്കപ്പോഴും, ഒരു മരത്തിലിരുന്ന് പ്രദേശമാകെ നിരീക്ഷിക്കുന്ന ഒരു കഴുകനെയോ മൂങ്ങയെയോ ഞാന്‍ കാണാറുണ്ട്. ഒരു പ്രഭാതത്തില്‍, ഒരു കഷണ്ടിത്തലയന്‍ കഴുകന്‍ ഒരു ഉയര്‍ന്ന മരക്കൊമ്പിലിരുന്ന് ആ പ്രദേശമാകെ തന്റേതാണെന്ന മട്ടില്‍ നിരീക്ഷണം നടത്തുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അവന്‍ ‘പ്രഭാത ഭക്ഷണം’ തിരയുകയായിരുന്നു. അവന്റെ സകലത്തെയും ആവാഹിക്കുന്ന നോട്ടം രാജകീയമായിരുന്നു.

2 ദിനവൃത്താന്തങ്ങള്‍ 16 ല്‍ ദര്‍ശകനായ (ദൈവത്തിന്റെ പ്രവാചകന്‍) ഹനാനി ഒരു രാജാവിനോട് അവന്റെ ചെയ്തികളെല്ലാം ഒരു രാജകീയ ദൃഷ്ടികള്‍ക്കു കീഴിലാണെന്ന് പറഞ്ഞു. യെഹൂദാരാജാവായ ആസയോട് അവന്‍ പറഞ്ഞു, ‘നീ നിന്റെ ദൈവമായ യഹോവയില്‍ ആശ്രയിക്കാതെ അരാംരാജാവില്‍ ആശ്രയിച്ചു’ (വാ.7). തുടര്‍ന്നു ഹനാനി വിശദീകരിച്ചു, ‘യഹോവയുടെ കണ്ണു തങ്കല്‍ ഏകാഗ്രചിത്തന്മാരായിരിക്കുന്നവര്‍ക്കു വേണ്ടി തന്നെത്താന്‍ ബലവാനെന്നു കാണിക്കേണ്ടതിനു ഭൂമിയിലെല്ലായിടവും ഊടാടിക്കൊണ്ടിരിക്കുന്നു’ (വാ.9). ആസയുടെ തെറ്റായ ആശ്രയം മൂലം, അവന് എക്കാലവും യുദ്ധമുണ്ടായിരിക്കും.

ഈ വാക്കുകള്‍ വായിക്കുമ്പോള്‍, നമ്മെ ഒരു റാഞ്ചന്‍ പക്ഷിയെപ്പോലെ ആക്രമിക്കേണ്ടതിന് ദൈവം എപ്പോഴും നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന തെറ്റായ തോന്നല്‍ നമുക്കുണ്ടായേക്കാം. എന്നാല്‍ ഹനാനിയുടെ വാക്കുകള്‍ സാധകാത്മക അര്‍ത്ഥത്തിലാണ്. അവന്‍ പറഞ്ഞത്, നമ്മുടെ ആവശ്യ സമയങ്ങളില്‍ നാം അവനെ വിളിച്ചപേക്ഷിക്കുന്നത് നോക്കി നമ്മുടെ ദൈവം സദാ കാത്തിരിക്കുന്നു എന്നാണ്.

എന്റെ വീട്ടിനു പിന്നിലെ കഷണ്ടിത്തലയന്‍ കഴുകനെപ്പോലെ, എന്നിലും നിങ്ങളിലുമുള്ള വിശ്വസ്തത കാണുവാനായി നമ്മുടെ ദൈവത്തിന്റെ കണ്ണുകള്‍ നമ്മുടെ ലോകത്തിനു മീതെ ഇപ്പോള്‍ പോലും ഊടാടിക്കൊണ്ടിരിക്കുകയല്ലേ? എങ്ങനെയായിരിക്കും നമുക്കാവശ്യമായിരിക്കുന്ന പ്രത്യാശയും സഹായവും അവന്‍ നമുക്ക് നല്‍കുന്നത്?