കേവലം ആറുമാസത്തിനുള്ളില്‍ ജറാള്‍ഡിന്റെ ജീവിതം തകര്‍ന്നു. ഒരു സാമ്പത്തിക പ്രതിസന്ധി അയാളുടെ ബിസിനസും സമ്പത്തും നശിപ്പിച്ചു. ഒരു വാഹനാപകടം അയാളുടെ മകന്റെ ജീവനെടുത്തു. ആ ഞെട്ടലില്‍ നിന്നു മുക്തയാകാതെ മാതാവ് ഹൃദയസ്തംഭനമുണ്ടായി മരിച്ചു. അയാളുടെ ഭാര്യ വിഷാദരോഗത്തിനടിമപ്പെട്ടു. രണ്ടു പെണ്മക്കള് ആശ്വാസമറ്റവരായി മാറി. അയാള്‍ക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് സങ്കീര്‍ത്തനക്കാരനെപ്പോലെ നിലവിളിക്കുകയായിരുന്നു, ‘എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?’ (സങ്കീര്‍ത്തനം 22:1).
ജറാള്‍ഡിനെ മുമ്പോട്ടു നയിച്ച ഏക കാര്യം, യേശുവിനെ ഉയര്‍പ്പിച്ച ദൈവം ഒരു ദിവസം തന്നെയും തന്റെ കുടുംബത്തെയും വേദനയില്‍ നിന്ന് വിടുവിച്ച് സന്തോഷത്തിന്റെ നിത്യജീവിതത്തിലേക്കു നയിക്കും എന്ന പ്രത്യാശയായിരുന്നു. സഹായത്തിനുള്ള തന്റെ ആശയറ്റ നിലവിളിക്ക് ദൈവം ഉത്തരം നല്‍കും എന്ന പ്രത്യാശയായിരുന്നു അത്. സങ്കീര്‍ത്തനക്കാരനായ ദാവീദിനെപ്പോലെ, തന്റെ നിരാശയില്‍, തന്റെ കഷ്ടതയുടെ നടുവില്‍, ദൈവത്തില്‍ ആശ്രയിക്കാന്‍ അവന് തീരുമാനിച്ചു. ദൈവം തന്നെ വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യും എന്ന പ്രത്യാശയില്‍ അവന് മുറുകെപ്പിടിച്ചു (വാ. 4-5).
ആ പ്രത്യാശ ജറാള്‍ഡിനെ നിലനിര്‍ത്തി. പിന്നീടുള്ള വര്‍ഷങ്ങളില്‍, എങ്ങനെയിരിക്കുന്നുവെന്നു ചോദിക്കുമ്പോള്‍ അദ്ദേഹം പറയുന്നത്, ‘ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു’ എന്നാണ്.
ആ ആശ്രയത്തെ ദൈവം മാനിക്കുകയും ജറാള്ഡിനു ആശ്വാസവും ശക്തിയും മുന്നോട്ടുപോകാനുള്ള ധൈര്യവും നല്കി. അദ്ദേഹത്തിന്റെ കുടുംബം പതുക്കെ പ്രതിസന്ധിയില്‍ നിന്നും കരകയറി, അധികം താമസിയാതെ അവരുടെ ആദ്യ പേരക്കിടാവിനെ അവര്‍ക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ നിലവിളി ഇപ്പോള്‍ ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചുള്ള സാക്ഷ്യമാണ്. ‘നീയെന്നെ കൈവിട്ടതെന്ത് എന്നു ഞാനിപ്പോള്‍ ചോദിക്കുന്നില്ല. ദൈവം എന്നെ അനുഗ്രഹിച്ചു.’
ഒന്നും ശേഷിക്കുന്നില്ല എന്നു തോന്നുമ്പോള്‍, ഇനിയും പ്രത്യാശ ശേഷിക്കുന്നുണ്ട്.
ഉപേക്ഷിക്കപ്പെട്ടതായി എനിക്കനുഭവപ്പെടുമ്പോള്, ഒരു ദിവസം നിത്യസന്തോഷത്തിലേക്ക് ഞാന്‍ വിടുവിക്കപ്പെടും എന്ന് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ നീയെനിക്കു തന്ന പ്രത്യാശയെ ഞാന്‍ മുറുകെപ്പിടിക്കുന്നു.