Month: ജൂൺ 2019

പുതിയ കണ്ണാടിയിലൂടെ

'ഒരു മരത്തിലേക്ക് നോക്കി അവ്യക്തമായ ഒരു പച്ചപ്പ് കാണുന്നതിനേക്കാള്‍ ഓരോ ഒറ്റയൊറ്റ ഇലയും കാണുന്നത് തീര്‍ച്ചയായും അതിശയകരമായിരിക്കും'' എന്റെ ഡാഡി പറഞ്ഞു. അത് നന്നായിരിക്കും എന്നു പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അന്നെനിക്കു പതിനെട്ടു വയസ്സായിരുന്നു. കണ്ണട ധരിക്കാനുള്ള എന്റെ പുതിയ ആവശ്യത്തെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും ഞാന്‍ കാര്യങ്ങളെ കണ്ട രീതിയെ അത് വ്യത്യാസപ്പെടുത്തി - അവ്യക്തതയെ അത് മനോഹരമാക്കി!

തിരുവചനം വായിക്കുമ്പോള്‍, കണ്ണടയില്ലാതെ വൃക്ഷങ്ങളെ നോക്കിയിരിക്കുന്നതുപോലെയാണ് ചില പുസ്തകങ്ങളെ ഞാന്‍ കാണുന്നത്. അതില്‍ കാണാന്‍ എന്തെങ്കിലും ഉള്ളതായി തോന്നിയില്ല. എങ്കിലും വിശദാംശങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ മുഷിപ്പനായി തോന്നിയിരുന്ന വേദഭാഗങ്ങള്‍ സൗന്ദര്യം വെളിപ്പെടുത്തി.

പുറപ്പാട് പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഇതെനിക്കു സംഭവിച്ചു. സമാഗമന കൂടാരം - യിസ്രായേല്‍ മക്കളുടെ ഇടയിലുള്ള അവന്റെ താല്‍ക്കാലിക നിവാസം - നിര്‍മ്മിക്കുന്നതിനുള്ള ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മുഷിപ്പന്‍ വിശദശാംശങ്ങളുടെ മങ്ങലായി തോന്നും. എന്നാല്‍ നിലവിളക്കിന്റെ പണി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന 25-ാം അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് ഞാന്‍ നിര്‍ത്തി. അത്, അതിന്റെ ചുവടും ശാഖകളും മുട്ടും ചവണകളും കരിന്തിരി പാത്രങ്ങളും പൂക്കളും 'തങ്കം കൊണ്ട്' അടിപ്പു പണിയായിരിക്കേണം (വാ.31). അതിന്റെ കപ്പുകള്‍ 'ബദാം പൂ പോലെ' ആയിരിക്കേണം (വാ. 34).

ബദാം വൃക്ഷം ഹൃദയഹാരിയാണ്. അതെ പ്രകൃതി ഭംഗിയെ ദൈവം തന്റെ സമാഗമന കൂടാരത്തിലേക്കു സന്നിവേശിപ്പിച്ചു!

പൗലൊസ് എഴുതി, 'അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു' (റോമjd] 1:20). ദൈവത്തിന്റെ മനോഹാരിത കാണുന്നതിന് ചിലപ്പോള്‍ നാം സൃഷ്ടിയിലേക്കു നോക്കണം, ഒപ്പം ബൈബിളിലെ രസകരമല്ലെന്നു തോന്നുന്ന ഭാഗങ്ങളിലേക്ക് ഒരു പുതിയ കണ്ണാടിയിലൂടെ നോക്കണം.

സ്രാവുകള്‍ കടിക്കാതിരിക്കുമ്പോള്‍

എന്റെ മക്കള്‍ ആവേശഭരിതരായിരുന്നുവെങ്കിലും ഞാന്‍ അസ്വസ്ഥനായിരുന്നു. ഒരു അവധിക്കാലത്ത്, ഞങ്ങള്‍ ഒരു അക്വേറിയം സന്ദര്‍ശിച്ചു. അവിടെ പ്രത്യേക ടാങ്കില്‍ സൂക്ഷിച്ചിരുന്ന ചെറിയ സ്രാവുകളെ ആളുകള്‍ക്ക് ഓമനിക്കാന്‍ കഴിയുമായിരുന്നു. ഈ ജീവികള്‍ എപ്പോഴെങ്കിലും വിരലില്‍ കടിച്ചിട്ടുണ്ടോയെന്ന് അവിടെ കണ്ട സൂക്ഷിപ്പുകാരിയോട് ഞാന്‍ ചോദിച്ചു, അവള്‍ വിശദീകരിച്ചത്, സ്രാവുകള്‍ക്ക് കുറച്ചു മുമ്പാണ് ഭക്ഷണം നല്‍കിയത്. പിന്നീട് അധികം ഭക്ഷണം നല്‍കി. അവയ്ക്ക് വിശപ്പില്ലാത്തതിനാല്‍ അവ കടിക്കുകയില്ല.

സ്രാവിനെ ഓമനിക്കുന്നതിനെക്കുറിച്ചു ഞാന്‍ പഠിച്ച കാര്യം സദൃശവാക്യങ്ങള്‍ അനുസരിച്ച് അര്‍ത്ഥവത്തായിരുന്നു: 'തിന്നു തൃപ്തനായവന്‍ തേന്‍കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവനോ കയ്പ്പുളളതൊക്കെയും മധുരം' (സദൃശവാക്യങ്ങള്‍ 27:7). വിശപ്പ് - ആ ഉള്ളിലെ ശൂന്യതാബോധം - തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നമ്മുടെ വിവേചനാ ശക്തിയെ ബലഹീനമാക്കും. വയറു നിറയ്ക്കുന്ന എന്തിനും വേണ്ടി വഴിപ്പെടുന്നതില്‍ കുഴപ്പമില്ല എന്ന് അത് നമ്മെ ബോധ്യപ്പെടുത്തും - അത് മറ്റൊരുവന്റെ ഒരു ഭാഗം കടിച്ചെടുക്കുന്നതായാല്‍ പോലും.

നമ്മുടെ വിശപ്പിന്റെ കാരുണ്യത്തില്‍ ജീവിക്കുന്ന ജീവിതത്തിനപ്പുറമായി ചിലത് ദൈവം നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ നാം നിറയപ്പെടണമെന്ന് അവനാഗ്രഹിക്കുന്നു. അങ്ങനെ നാം ചെയ്യുന്നതെല്ലാം അവന്‍ നല്‍കുന്ന സമാധാനത്തില്‍ നിന്നും സ്ഥിരതയില്‍ നിന്നും ഒഴുകുന്നതായിരിക്കണമെന്നവന്‍ ആഗ്രഹിക്കുന്നു. നാം നിരുപാധികം സ്‌നേഹിക്കപ്പെടുന്നു എന്ന നിരന്തരമായ അവബോധം നമുക്ക് ആത്മവിശ്വാസം നല്‍കുന്നു. ജീവിതത്തിലെ 'മധുരമുള്ള' കാര്യങ്ങളെ - നേട്ടങ്ങള്‍, വസ്തുവകകള്‍, ബന്ധങ്ങള്‍ - പരിഗണിക്കുമ്പോള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നവരാകാന്‍ അത് നമ്മെ പ്രാപ്തരാക്കുന്നു.

യേശുവുമായുള്ള ബന്ധം മാത്രമേ യഥാര്‍ത്ഥ സംതൃപ്തി നല്‍കുകയുള്ളൂ. നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും 'ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞു വരികയും' (എഫെസ്യര്‍ 3:19) ചെയ്യേണ്ടതിന് നമുക്ക് വേണ്ടിയുള്ള അവന്റെ അളവറ്റ സ്‌നേഹം നമുക്ക് മുറകെപ്പിടിക്കാം.

ദൈവ കല്പിത വ്യതിചലനങ്ങള്‍

'ഇല്ല' അല്ലെങ്കില്‍ 'ഇപ്പോള്‍ ഇല്ല' എന്നു കേള്‍ക്കുന്നത് നമുക്ക് ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും മറ്റുള്ളവരെ സേവിക്കാന്‍ ഒരു വാതില്‍ ദൈവം തുറന്നിരിക്കുന്നു എന്നു നാം മനസ്സിലാക്കുന്ന സമയത്ത്. എന്റെ ശുശ്രൂഷയുടെ ആദ്യ നാളുകളില്‍, എന്റെ കഴിവുകളും നൈപുണ്യങ്ങളും ആ സഭയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നു എന്നെനിക്ക് തോന്നിയ രണ്ട് അവസരങ്ങള്‍ എന്റെ മുമ്പില്‍ വന്നു, എങ്കിലും രണ്ടു വാതിലുകളും ക്രമേണ അടഞ്ഞു. ആ രണ്ടു ഇച്ഛാഭംഗങ്ങള്‍ക്ക് ശേഷം മറ്റൊരു പദവി വരികയും ഞാന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആ ശുശ്രൂഷാവിളിയെ തുടര്‍ന്നുണ്ടായത് എന്റെ ജീവിതത്തെ സ്പര്‍ശിച്ച പതിമൂന്ന് വര്‍ഷത്തെ ഇടയ ശുശ്രൂഷ ആയിരുന്നു.

അപ്പൊ. പ്രവൃത്തികള്‍ 16-ാം അധ്യായത്തില്‍ പൗലൊസിനെയും കൂട്ടാളികളെയും രണ്ടു പ്രാവശ്യം ദൈവം വഴി തിരിച്ചുവിട്ടു. ആദ്യം, 'അവര്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കി' (വാ. 6). തുടര്‍ന്ന്, 'മുസ്യയില്‍ എത്തി ബിഥുന്യെക്കു പോകുവാന്‍ ശ്രമിച്ചു, യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല' (വാ.7). തന്റെ വേലയ്ക്കും വേലക്കാര്‍ക്കും വേണ്ടി ഉത്തമമായ മറ്റ് പദ്ധതികള്‍ ദൈവത്തിന്റെ പക്കലുണ്ടായിരുന്നുവെന്ന കാര്യം അവര്‍ക്കറിയില്ലായിരുന്നു. മുന്‍ പദ്ധതികളോടുള്ള ദൈവത്തിന്റെ വിസമ്മതം അവനെ ശ്രവിക്കുവാനും അവന്റെ നടത്തിപ്പിന് ആത്മവിശ്വാസത്തോടെ കീഴ്‌പ്പെടുവാനും ഉള്ള സ്ഥിതിയില്‍ അവരെ എത്തിച്ചു (വാ. 9-10).

വേദനാജനകമായ നഷ്ടമെന്ന് നാം തുടക്കത്തില്‍ ചിന്തിച്ച ഒരു കാര്യത്തെച്ചൊല്ലി ദുഃഖിക്കാത്തവര്‍ നമ്മിലാരുണ്ട്? പ്രതീക്ഷിച്ച ജോലി ലഭിക്കാതിരുന്നപ്പോള്‍, ശുശ്രൂഷാ അവസരം സാക്ഷാത്കരിക്കപ്പെടാതിരുന്നപ്പോള്‍, ഒരു സ്ഥലംമാറ്റം വഴിമാറിപ്പോയപ്പോള്‍, മുറിവേറ്റതായി നമുക്കനുഭവപ്പെട്ടു. അത്തരം കാര്യങ്ങള്‍ ആ സമയം ഭരമേറിയതായിരുന്നെങ്കിലും ആ വഴിമാറിപ്പോകലുകള്‍ നാം ആയിരിക്കണമെന്ന് അവനാഗ്രഹിച്ച ഇടത്ത് നമ്മെ എത്തിക്കാന്‍ കൃപയോടെ ദൈവം ഉപയോഗിച്ച വഴി തിരിച്ചുവിടലുകളായിരുന്നുവെന്നു കാലം തെളിയിച്ചിട്ടുണ്ട് എന്നതില്‍ നാം നന്ദിയുള്ളവരാണ്.

കയര്‍ അഴിക്കുക

ക്ഷമയുടെ സൗഖ്യദായക സ്വഭാവത്തെ പ്രചരിപ്പിക്കുകയാണ് ഒരു ക്രിസ്തീയ സംഘടന ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്ന് ഒരു സ്‌കിറ്റ് ആണ്. അതില്‍ ദ്രോഹിക്കപ്പെട്ട ഒരു വ്യക്തിയെ ദ്രോഹിച്ച വ്യക്തിയുമായി പുറത്തോടു പുറം ചേര്‍ത്ത് കയറുകൊണ്ട് വരിഞ്ഞു മുറുക്കുന്നതായി ചിത്രീകരിക്കുന്നു. ദ്രോഹിക്കപ്പെട്ട വ്യക്തിക്കു മാത്രമേ കയര്‍ അഴിക്കാന്‍ കഴിയൂ. അവള്‍ എന്ത് ചെയ്താലും അവളുടെ പുറത്ത് മറ്റൊരാളുണ്ട്. ക്ഷമിക്കാതെ - കയര്‍ അഴിക്കാതെ - അവള്‍ക്ക് രക്ഷപെടാന്‍ കഴിയില്ല.

തങ്ങള്‍ ചെയ്ത തെറ്റിനെക്കുറിച്ചു പശ്ചാത്താപത്തോടെ നമ്മെ സമീപിക്കുന്ന വ്യക്തിയോട് ക്ഷമിക്കുന്നതിലൂടെ, നാം അനുഭവിച്ച ദ്രോഹം നിമിത്തം നമ്മോട് പറ്റിച്ചേര്‍ന്നിരിക്കുന്ന കൈപ്പില്‍ നിന്നും വേദനയില്‍ നിന്നും നമ്മെയും അവരെയും സ്വതന്ത്രമാക്കുന്ന പ്രക്രിയ ആരംഭിക്കുകയാണ് ചെയ്യുന്നത്. ഉല്പത്തി പുസ്തകത്തില്‍, യാക്കോബ് ഏശാവിന്റെ ജന്മാവകാശം തട്ടിയെടുത്തതിനു ശേഷം, ഇരുവരും ഇരുപത് വര്‍ഷം വേര്‍പെട്ടിരുന്നതായി നാം കാണുന്നു. ഈ നീണ്ട കാലത്തിനു ശേഷം, സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ ദൈവം യാക്കോബിനോട് കല്പിക്കുന്നു (ഉല്പത്തി 31:3). അവന്‍ അനുസരിച്ചു, തുടര്‍ന്ന് ചാഞ്ചല്യത്തോടെ ഏശാവിനു സമ്മാനമായി കന്നുകാലികളെ കൊടുത്തയച്ചു (32:13-15). സഹോദരന്മാര്‍ കണ്ടുമുട്ടിയപ്പോള്‍, യാക്കോബ് താഴ്മയോടെ ഏശാവിന്റെ പാദങ്ങളില്‍ ഏഴുതവണ വീണു നമസ്‌കരിച്ചു (33:3). ഏശാവ് അവനെ ആലിംഗനം ചെയ്യാന്‍ ഓടിവന്നപ്പോള്‍ അവനുണ്ടായ അതിശയം സങ്കല്പിച്ചു നോക്കൂ. പരസ്പരം നിരപ്പ് പ്രാപിച്ച് ഇരുവരും പൊട്ടിക്കരഞ്ഞു (വാ. 4). യാക്കോബ് തന്റെ സഹോദരനോട് ചെയ്ത പാപം പിന്നെ ഒരിക്കലും അവനെ മഥിച്ചില്ല.

ക്ഷമയില്ലായ്മയുടെ തടവില്‍ കിടക്കുന്നതായും കോപം, ഭയം, ലജ്ജ എന്നിവയാല്‍ മൂടപ്പെട്ടിരിക്കുന്നതായും നിങ്ങള്‍ക്കനുഭവപ്പെടുന്നുണ്ടോ? നിങ്ങള്‍ സഹായം തേടുമ്പോള്‍ തന്റെ പുത്രനും പരിശുദ്ധാത്മാവും മുഖാന്തരം നിങ്ങളെ സ്വതന്ത്രമാക്കാന്‍ ദൈവത്തിനു കഴിയുമെന്നറിയുക.

'സമാധാനത്തെക്കുറിച്ചുള്ള നിന്റെ ചിന്തയെന്താണ്?' ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്ത് എന്നോട് ചോദിച്ചു. 'സമാധാനം?' ചിന്താക്കുഴപ്പത്തിലായ ഞാന്‍ ചോദിച്ചു. 'എനിക്കുറപ്പില്ല - എന്തുകൊണ്ടാണ് നീ ചോദിച്ചത്?'
'സഭാരാധനയില്‍ വെച്ച് നീ കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നീ എന്തിനെക്കുറിച്ചോ അസ്വസ്ഥയാണെന്ന് എനിക്ക് തോന്നി. തന്നെ സ്നേഹിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന സമാധാനത്തെക്കുറിച്ചു നീ ചിന്തിച്ചിട്ടുണ്ടോ?' അവള്‍ പറഞ്ഞു.

ചില വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ദിവസം, എന്റെ സ്നേഹിതയുടെ ചോദ്യം എന്നെ ഒരല്പം മുറിവേല്‍പ്പിച്ചു എങ്കിലും അതെന്റെ യാത്രയുടെ തുടക്കമായിരുന്നു. എങ്ങനെയാണ് ദൈവത്തിന്റെ ജനം പ്രതിസന്ധിയുടെ നടുവിലും ഈ ക്ഷേമത്തിന്റെയും സമാധാനത്തിന്റെയും ദാനത്തെ ആശ്ലേഷിച്ചതെന്നറിയാന്‍ ഞാന്‍ ബൈബിള്‍ പരിശോധിക്കാനാരംഭിച്ചു. കൊലൊസ്യര്‍ക്ക് പൗലൊസ് എഴുതിയ ലേഖനം ഞാന്‍ വായിച്ചപ്പോള്‍ 'ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ' എന്ന അപ്പൊസ്തലന്റെ കല്പന ഞാന്‍ വീണ്ടും വീണ്ടും അയവിറക്കി (കൊലൊസ്യര്‍ 3:15).

താനൊരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു സഭയ്ക്കാണ് പൗലൊസ് എഴുതിയത്. എങ്കിലും തന്റെ സ്നേഹിതനായ എപ്പഫ്രാസില്‍ നിന്നും അവരെക്കുറിച്ചു കേട്ടിരുന്നു. ദുരുപദേശങ്ങളുടെ കടന്നുകയറ്റം അവരിലെ ക്രിസ്തുവിന്റെ സമാധാനത്തെ നഷ്ടപ്പെടുത്തുന്നതില്‍ അവന്‍ ഉത്കണ്ഠാകുലനായിരുന്നു. എങ്കിലും അവരെ ഉപദേശിക്കുന്നതിനു പകരം, അവര്‍ക്ക് ഉറപ്പും പ്രത്യാശയും നല്‍കുന്ന ക്രിസ്തുവില്‍ ആശ്രയിക്കാന്‍ പൗലൊസ് അവരെ ഉത്സാഹിപ്പിച്ചു (വാ.15).

നമ്മുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിന്റെ സമാധാനം വാഴുന്നത് തിരഞ്ഞെടുക്കാനോ അല്ലെങ്കില്‍ നിരസിക്കാനോ പ്രേരിപ്പിക്കപ്പെടുന്ന സമയങ്ങള്‍ നാമെല്ലാം നേരിടേണ്ടി വരും. നാം ക്രിസ്തുവിങ്കലേക്കു തിരിഞ്ഞു നമ്മില്‍ വസിക്കാന്‍ അവനോടാവശ്യപ്പെടുമ്പോള്‍, നമ്മെ തളര്‍ത്തിക്കളയുന്ന ഉത്ക്കണ്ഠയില്‍ നിന്നും ആകുല ചിന്തയില്‍ നിന്നും അവന്‍ നമ്മെ സൗമ്യമായി വിടുവിക്കും. നാം അവന്റെ സമാധാനം അന്വേഷിക്കുമ്പോള്‍ അവന്‍ തന്റെ സ്നേഹം കൊണ്ടു നമ്മെ എതിരേല്‍ക്കുമെന്ന് നമുക്കവനില്‍ ആശ്രയിക്കാം.