‘ഇല്ല’ അല്ലെങ്കില്‍ ‘ഇപ്പോള്‍ ഇല്ല’ എന്നു കേള്‍ക്കുന്നത് നമുക്ക് ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും മറ്റുള്ളവരെ സേവിക്കാന്‍ ഒരു വാതില്‍ ദൈവം തുറന്നിരിക്കുന്നു എന്നു നാം മനസ്സിലാക്കുന്ന സമയത്ത്. എന്റെ ശുശ്രൂഷയുടെ ആദ്യ നാളുകളില്‍, എന്റെ കഴിവുകളും നൈപുണ്യങ്ങളും ആ സഭയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നു എന്നെനിക്ക് തോന്നിയ രണ്ട് അവസരങ്ങള്‍ എന്റെ മുമ്പില്‍ വന്നു, എങ്കിലും രണ്ടു വാതിലുകളും ക്രമേണ അടഞ്ഞു. ആ രണ്ടു ഇച്ഛാഭംഗങ്ങള്‍ക്ക് ശേഷം മറ്റൊരു പദവി വരികയും ഞാന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആ ശുശ്രൂഷാവിളിയെ തുടര്‍ന്നുണ്ടായത് എന്റെ ജീവിതത്തെ സ്പര്‍ശിച്ച പതിമൂന്ന് വര്‍ഷത്തെ ഇടയ ശുശ്രൂഷ ആയിരുന്നു.

അപ്പൊ. പ്രവൃത്തികള്‍ 16-ാം അധ്യായത്തില്‍ പൗലൊസിനെയും കൂട്ടാളികളെയും രണ്ടു പ്രാവശ്യം ദൈവം വഴി തിരിച്ചുവിട്ടു. ആദ്യം, ‘അവര്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കി’ (വാ. 6). തുടര്‍ന്ന്, ‘മുസ്യയില്‍ എത്തി ബിഥുന്യെക്കു പോകുവാന്‍ ശ്രമിച്ചു, യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല’ (വാ.7). തന്റെ വേലയ്ക്കും വേലക്കാര്‍ക്കും വേണ്ടി ഉത്തമമായ മറ്റ് പദ്ധതികള്‍ ദൈവത്തിന്റെ പക്കലുണ്ടായിരുന്നുവെന്ന കാര്യം അവര്‍ക്കറിയില്ലായിരുന്നു. മുന്‍ പദ്ധതികളോടുള്ള ദൈവത്തിന്റെ വിസമ്മതം അവനെ ശ്രവിക്കുവാനും അവന്റെ നടത്തിപ്പിന് ആത്മവിശ്വാസത്തോടെ കീഴ്‌പ്പെടുവാനും ഉള്ള സ്ഥിതിയില്‍ അവരെ എത്തിച്ചു (വാ. 9-10).

വേദനാജനകമായ നഷ്ടമെന്ന് നാം തുടക്കത്തില്‍ ചിന്തിച്ച ഒരു കാര്യത്തെച്ചൊല്ലി ദുഃഖിക്കാത്തവര്‍ നമ്മിലാരുണ്ട്? പ്രതീക്ഷിച്ച ജോലി ലഭിക്കാതിരുന്നപ്പോള്‍, ശുശ്രൂഷാ അവസരം സാക്ഷാത്കരിക്കപ്പെടാതിരുന്നപ്പോള്‍, ഒരു സ്ഥലംമാറ്റം വഴിമാറിപ്പോയപ്പോള്‍, മുറിവേറ്റതായി നമുക്കനുഭവപ്പെട്ടു. അത്തരം കാര്യങ്ങള്‍ ആ സമയം ഭരമേറിയതായിരുന്നെങ്കിലും ആ വഴിമാറിപ്പോകലുകള്‍ നാം ആയിരിക്കണമെന്ന് അവനാഗ്രഹിച്ച ഇടത്ത് നമ്മെ എത്തിക്കാന്‍ കൃപയോടെ ദൈവം ഉപയോഗിച്ച വഴി തിരിച്ചുവിടലുകളായിരുന്നുവെന്നു കാലം തെളിയിച്ചിട്ടുണ്ട് എന്നതില്‍ നാം നന്ദിയുള്ളവരാണ്.