1963 വേനല്‍ക്കാലത്ത്, രാത്രി മുഴുവനും നീണ്ട ബസ് യാത്രയ്ക്കുശേഷം പൗരാവകാശ പ്രവര്‍ത്തകയായ ഫാനി ലൂ ഹാമറും മറ്റ് ആറ് കറുത്ത വര്‍ഗ്ഗക്കാരായ യാത്രക്കാരും ഭക്ഷണം കഴിക്കാനായി മിസ്സിസിപ്പിയിലെ വിനോനയിലുള്ള ഒരു ഭക്ഷണശാലയിലേക്കു കയറി. പോലീസുകാര്‍ അവരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ശേഷം അവരെ അറസ്റ്റു ചെയ്തു ജയിലിലാക്കി. എന്നാല്‍ നിയമരഹിത അറസ്റ്റോടു കൂടി അപമാനിക്കല്‍ അവസാനിച്ചില്ല. എല്ലാവരെയും കഠിനമായി തല്ലി. ഫാനിയെയാണ് കൂടുതല്‍ തല്ലിയത്. മരണത്തിന്റെ വക്കോളമെത്തിയ ക്രൂര മര്‍ദ്ദനം അവസാനിച്ചപ്പോള്‍ അവള് പാടി: ‘പൗലൊസും ശീലാസും ജയിലിലടക്കപ്പെട്ടു, എന്റെ ജനത്തെ വിട്ടയ്ക്ക.” അവള് ഒറ്റയ്ക്കല്ല പാടിയത്. മറ്റ് തടവുകാരും – ശരീരം കൊണ്ടു ബന്ധിതരെങ്കിലും ആത്മാവില്‍ സ്വാതന്ത്രരായവര്‍ – ആരാധനയില്‍ അവളോടൊപ്പം ചേര്‍ന്നു.
അപ്പൊ. പ്രവൃത്തികള്‍ 16 അനുസരിച്ച്, പൗലൊസും ശീലാസും യേശുവിനെക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞതിന് തടവിലാക്കപ്പെട്ട് പ്രയാസകരമായ ഒരു സ്ഥലത്തായി. എന്നാല്‍ അസൗകര്യങ്ങള്‍ അവരുടെ വിശ്വാസത്തെ ക്ഷീണിപ്പിച്ചില്ല. ‘അര്‍ദ്ധരാത്രിയ്ക്ക് പൗലൊസും ശീലാസും പ്രാര്‍ത്ഥിച്ച് ദൈവത്തെ പാടി സ്തുതിച്ചു” (വാ. 25). അവരുടെ ധൈര്യപൂര്‍വ്വമുള്ള ആരാധന യേശുവിനെക്കുറിച്ചു തുടര്‍ന്നും സംസാരിക്കുന്നതിനുള്ള അവസരം അവര്‍ക്ക് നല്കി. ‘പിന്നെ അവര്‍ കര്‍ത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു” (വാ. 32).
നമ്മില്‍ മിക്കവരും പൗലൊസും ശീലാസും അല്ലെങ്കില്‍ ഫാനിയും നേരിട്ടതുപോലെയുള്ള തീവ്രമായ സാഹചര്യങ്ങളെ നേരിട്ടെന്നു വരികയില്ല. പക്ഷേ നാമോരോരുത്തരും അസ്വസ്ഥ ജനകമായ സാഹചര്യങ്ങളെ നേരിടുന്നവരാണ്. അത് സംഭവിക്കുമ്പോള്‍, നമ്മുടെ ശക്തി വരുന്നത് വിശ്വസ്തനായ നമ്മുടെ ദൈവത്തില്‍ നിന്നാണ്. പ്രതിസന്ധിയുടെ നടുവിലും അവനെ മഹത്വപ്പെടുത്തുന്നതും അവനുവേണ്ടി സംസാരിക്കാന്‍ നമുക്ക് ധൈര്യം തരുന്നതുമായ ഒരു പാട്ട് നമ്മുടെ ഹൃദയങ്ങളിലുണ്ടായിരിക്കട്ടെ.
കഠിന സമയങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും സകലത്തെയും നിയന്ത്രിക്കുന്നവനെ സ്തുതിക്കുന്നതിനും അവസരം നല്കുന്നു.