ലണ്ടന്‍ പാര്‍ലമെന്റ് സ്ക്വയറില്‍ പദര്‍ശിപ്പിച്ചിരിക്കുന്ന പുരുഷ പ്രതിമകള്‍ക്കിടയില്‍ (നെല്‍സണ്‍ മണ്ടേല, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മഹാത്മാഗാന്ധി, മറ്റുള്ളവര്‍) ഒരു വനിതയുടെ ഒറ്റപ്പെട്ട ഒരു പ്രതിമയുണ്ട്. ആ ഏകാന്ത വനിത മില്ലിസെന്റ് ഫോസെറ്റ് ആണ് – സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി പോരാടിയ വനിത. പിത്തളയില്‍ നിര്‍മ്മിച്ച പ്രതിമയുടെ കൈയ്യില്‍ ഒരു കൊടിയുണ്ട്. അതിലെഴുതിയിരിക്കുന്നത്, തനിക്കൊപ്പം പോരാടിയ മറ്റൊരു വനിതയെ ആദരിച്ചു പറഞ്ഞ വാചകമാണ്: ‘ധൈര്യം ആവശ്യപ്പെടുന്നത് എല്ലായിടത്തും ധൈര്യം കാണിക്കാനാണ്.” ഒരു വ്യക്തിയുടെ ധൈര്യം മറ്റുള്ളവരെയും ധൈര്യപ്പെടുത്തണം – ഭയമുള്ളവരെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നതാകണം എന്നു ഫോസെറ്റ് നിര്‍ബന്ധിച്ചു.
ദാവീദ് തന്റെ സിംഹാസനം മകനായ ശലോമോനു കൈമാറാന്‍ ഒരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍, അവന്റെ തോളില്‍ വരാന്‍ പോകുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചു അവന് വിശദീകരിച്ചു. താന്‍ ചുമക്കുന്ന ഭാരത്തിനു മുമ്പില്‍ അവന് വിറയ്ക്കുമെന്നുറപ്പായിരുന്നു: ദൈവത്തിന്റെ പ്രമാണങ്ങള്‍ എല്ലാം അനുസരിക്കാന്‍ യിസ്രായേലിനെ നയിക്കുക, ദൈവം അവര്‍ക്ക് നല്കിയ ദേശം പരിപാലിക്കുക, ദൈവാലയ നിര്‍മ്മിതിക്കു മേല്‍നോട്ടം വഹിക്കുക (1 ദിനവൃത്താന്തങ്ങള്‍ 28:8-10).
ശലോമോന്റെ വിറയ്ക്കുന്ന ഹൃദയം മനസ്സിലാക്കി ദാവീദ് തന്റെ മകന് ശക്തമായ വചനങ്ങള്‍ നല്കി. ‘ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവര്‍ത്തിച്ചുകൊള്‍ക; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ട്” (വാ. 20). യഥാര്‍ത്ഥ ധൈര്യം ശലോമോന്റെ സ്വന്തം വൈദഗ്ധ്യത്തില്‍ നിന്നോ ആത്മവിശ്വാസത്തില്‍ നിന്നോ വരുന്നതല്ല, മറിച്ച് ദൈവത്തിന്റെ സാന്നിധ്യത്തിലും ശക്തിയിലും ആശ്രയിക്കുന്നതില്‍ നിന്നു വരുന്നതാണ്. ശലോമോന് ആവശ്യമായ ധൈര്യം ദൈവം നല്കി.
നാം പ്രതിസന്ധികളെ നേരിടുമ്പോള്‍, നാം പലപ്പോഴും സ്വയം ധൈര്യം സംഭരിക്കാനോ അല്ലെങ്കില്‍ ശൂരത്വം ഉള്ളവരാകാന്‍ നമ്മോട് തന്നെ സംസാരിക്കാനോ ശ്രമിക്കാറുണ്ട്. എന്നാല്‍, ദൈവമാണ് നമ്മുടെ വിശ്വാസത്തെ പുതുക്കുന്നത്. അവന് നമ്മോട് കൂടെയിരിക്കും. അവന്റെ സാന്നിധ്യം ധൈര്യപ്പെടുവാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.
ദൈവമേ, ഞാന്‍ പലപ്പോഴും ഭയമുള്ളവനാണ്. ഭയപ്പെടുമ്പോള്‍ എന്റെ സ്വന്ത ബുദ്ധിയിലോ ധൈര്യത്തിലോ ആശ്രയിക്കാന്‍ ഞാന്‍ പരീക്ഷിക്കപ്പെടുന്നു. എന്നാല്‍ അത് മതിയായതല്ല. എന്നോടുകൂടെയിരിക്കേണമേ. അങ്ങയുടെ ധൈര്യം എനിക്ക് നല്കണമേ.